കേരളത്തിൽ ഇന്ന് ഉച്ചയ്ക്ക് വീണ്ടും സ്വർണവിലയുടെ മുന്നേറ്റം. രാജ്യാന്തര വിപണിയുടെ ചുവടുപിടിച്ച് കേരളത്തിലും വില കുതിച്ചുയർന്നു.
ഗ്രാമിന് 40 രൂപ വർധിച്ച് വില 9,150 രൂപയും പവന് 320 രൂപ ഉയർന്ന് 73,200 രൂപയുമായി. ഇന്നു രാവിലെ ഗ്രാമിന് 5 രൂപയും പവന് 40 രൂപയും കൂടിയിരുന്നു.
രാവിലെ ഗ്രാമിന് 5 രൂപ വർധിച്ച 18 കാരറ്റ് സ്വർണവില ഉച്ചയ്ക്ക് 35 രൂപ ഉയർന്ന് 7,540 രൂപയിലെത്തി. വെള്ളിക്ക് ഇന്ന് കൂടിയത് ഒരു രൂപ; ഗ്രാമിന് വില 123 രൂപയായി.
ഔൺസിന് 3,332 ഡോളർ വരെ താഴ്ന്ന രാജ്യാന്തരവില ഉച്ചയോടെ 3,350 ഡോളർ മറികടന്ന പശ്ചാത്തലത്തിലാണ് കേരളത്തിലും വില മാറിയത്.
അമേരിക്കയിൽ ഈ മാസം തന്നെ അടിസ്ഥാന പലിശനിരക്ക് കുറച്ചേക്കുമെന്ന കേന്ദ്രബാങ്കായ ഫെഡറൽ റിസർവിന്റെ ഗവർണർ ക്രിസ്റ്റഫർ വോളറുടെ പ്രസ്താവനയാണ് രാജ്യാന്തര സ്വർണവിലയുടെ ഊർജം. യൂറോ, യെൻ, പൗണ്ട് തുടങ്ങി ലോകത്തെ 6 പ്രധാന കറൻസികൾക്കെതിരായ യുഎസ് ഡോളർ ഇൻഡക്സ് 0.40% ഇടിഞ്ഞ് 98.34 നിലവാരത്തിൽ എത്തിയതും സ്വർണത്തിന് ഗുണം ചെയ്തു.
∙ ഡോളർ തളരുന്നത് സ്വർണത്തിന് നേട്ടമാകും
∙ രാജ്യാന്തര സ്വർണ വ്യാപാരം നടക്കുന്നത് ഡോളറിലാണെന്നിരിക്കെ, ഡോളർ തളരുമ്പോൾ സ്വർണം വാങ്ങുന്നതിന്റെ ചെലവ് കുറയും, ഇതു ഡിമാൻഡ് കൂട്ടുകയും വിലയെ മുന്നോട്ട് നയിക്കുകയും ചെയ്യും.
∙ യുഎസിൽ ഈമാസം അടിസ്ഥാന പലിശനിരക്കിൽ 0.50% ബംപർ ഇളവുണ്ടാകുമെന്നാണ് വിലയിരുത്തൽ.
∙ പലിശ കുറയുന്നത് ഡോളറിനു തിരിച്ചടിയാകും.
സ്വർണവില കൂടുതൽ മുന്നേറുകയും ചെയ്യും.
9 കാരറ്റ് സ്വർണത്തിനും ഇനി ഹോൾമാർക്കിങ്
പരിശുദ്ധി താരതമ്യേന കുറഞ്ഞ 9 കാരറ്റ് സ്വർണത്തെയും ഹോൾമാർക്കിങ്ങിന്റെ പരിധിയിലാക്കാൻ ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് (ബിഐഎസ്). നിലവിൽ 24 കെഎഫ്, 24 കെഎസ്, 23 കാരറ്റ്, 22 കാരറ്റ്, 20 കാരറ്റ്, 18 കാരറ്റ്, 14 കാരറ്റ് സ്വർണാഭരണങ്ങൾക്കാണ് ഹോൾമാർക്കിങ് ഉള്ളത്.
∙ 99.9% സ്വർണം അടങ്ങിയതാണ് 24 കെഎഫ്.
∙ 24 കെഎസിൽ : 99.5%
∙ 22 കാരറ്റ് സ്വർണമാണ് വിപണിയിൽ വ്യാപകം; സ്വർണത്തിന്റെ അളവ് 91.6% (916 സ്വർണം)
∙ 20 കാരറ്റിൽ : 83.3%
∙ 18 കാരറ്റിൽ : 75%
∙ 14 കാരറ്റിൽ : 58.5%
∙ 9 കാരറ്റിൽ 37.5 ശതമാനമേ സ്വർണമുണ്ടാകൂ.
ബാക്കി ചെമ്പ്, വെള്ളി ഉൾപ്പെടെയുള്ള മറ്റ് ലോഹങ്ങളായിരിക്കും.
എന്താണ് 9 കാരറ്റിന്റെ ഗുണം?
പരിശുദ്ധി കുറവാണെങ്കിലും ഇതും സ്വർണം തന്നെയാണ്. ഉപഭോക്താക്കൾക്ക് ആഭരണമായി വാങ്ങി അണിയാം.
സമ്മാനം നൽകാൻ ഉപയോഗിക്കാം. 22, 18 കാരറ്റ് സ്വർണവുമായി വില താരതമ്യേന കുറവായിരിക്കും.
ഉയർന്ന വിലയ്ക്ക് സ്വർണം വാങ്ങാൻ പ്രയാസപ്പെടുന്നവർക്ക് 9 കാരറ്റിൽ തീർത്ത ആഭരണങ്ങളുടെ ലഭ്യത പ്രയോജനകരമാകും.
∙ മറ്റ് ലോഹങ്ങളുടെ അളവും കൂടുതലായിരിക്കുമെന്നതിനാൽ 9 കാരറ്റ് സ്വർണത്തിന് കൂടുതൽകാലം തിളക്കത്തോടെ ഈടുനിൽക്കാനാകും.
∙ ദിവസേന സ്വർണം അണിയുന്നവർക്ക് കൂടുതൽ സുരക്ഷിതമായി ഉപയോഗിക്കാം.
∙ അതേസമയം നിക്ഷേപം, ഭാവിയിലെ സാമ്പത്തികാവശ്യം എന്നീ ലക്ഷ്യത്തോടു കൂടിയാണ് സ്വർണം വാങ്ങുന്നതെങ്കിൽ 9 കാരറ്റ് അനുയോജ്യമല്ല. (Disclaimer: ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട്/ക്രിപ്റ്റോകറൻസി മുതലായവ വാങ്ങാനോ വില്ക്കാനോ ഉള്ള നിര്ദേശമോ ഉപദേശമോ അല്ല.
ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള് സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്റെ ഉപദേശം തേടുകയോ ചെയ്യുക) …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]