
ചക്കിട്ടപാറ ∙ മലയോരത്ത് മണിക്കൂറുകളോളം തിമർത്തു പെയ്ത മഴയിൽ വ്യാപക നാശനഷ്ടം. മരം വീണ് ഗതാഗതം മുടങ്ങുകയും വൈദ്യുതി ലൈൻ നശിക്കുകയും ചെയ്തു.
വീടുകളുടെ മേൽ മണ്ണിടിച്ചിലിൽ മരം വീണ് നാശമുണ്ടായി. കൃഷി ഭൂമികളിൽ വെള്ളം കയറി കാർഷിക വിളകൾ നശിച്ചു.
പശുക്കടവ് വനമേഖലയിൽ ഉരുൾപൊട്ടലിനെ തുടർന്ന് ചെമ്പനോട കടന്തറ പുഴയിലെ മലവെള്ളപ്പാച്ചിലാൽ മൂന്നാം വാർഡിലെ ഇല്ലിക്കൽ നഗറിലെ 13 കുടുംബങ്ങളെ ചെമ്പനോട
സെന്റ് ജോസഫ് സ്കൂളിലേക്ക് മാറ്റി താമസിപ്പിച്ചു. മഴ കുറഞ്ഞതിനെ തുടർന്ന് ഇന്നലെ രാവിലെ കുടുംബങ്ങൾ വീടുകളിലേക്ക് തിരിച്ചുപോയി.
പഞ്ചായത്ത് പ്രസിഡന്റ് കെ.സുനിൽ, മെംബർ ലൈസ ജോർജ്, പള്ളി വികാരി ഫാ.ഡൊമിനിക് മുട്ടത്തുകുടിയിൽ എന്നിവർ ക്യാംപിൽ എത്തി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
മുളപ്പാലം ഒലിച്ചുപോയി
ചക്കിട്ടപാറ, മരുതോങ്കര പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന തറക്കുന്നേൽപടി മുളപ്പാലം മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോയി. ചെമ്പനോട
കടന്തറ പുഴയിൽ വെള്ളം ഉയർന്നതോടെ പറമ്പുകാട്ടിൽപടി മേഖലയിൽ കൃഷി ഭൂമി നശിച്ചു. പറമ്പുകാട്ടിൽ ബേബി, ജയിംസ് എന്നിവരുടെ ഭൂമിയിലെ തെങ്ങ് ഉൾപ്പെടെ തകർന്നു.
പുഴയോരം ഇടിയുന്നത് അമ്മ്യാംമണ്ണ് – വണ്ണാത്തിച്ചറ റോഡിനും അപകട ഭീഷണിയാകുന്നുണ്ട്.
പുഴയോരം തകർന്ന് റോഡിന്റെ 15 മീറ്ററോളം ദൂരത്തിലാണ് പുഴ ഇപ്പോൾ ഒഴുകുന്നത്. മെംബർ കെ.എ.ജോസുകുട്ടി സ്ഥലം സന്ദർശിച്ചു.മൂന്നാം വാർഡിലെ വലിയകൊല്ലി താന്നിക്കപ്പാറ ബിജുവിന്റെ വീടിന്റെ പിൻവശത്തെ മണ്ണും മരവും വീടിനു മേൽ വീണ് നാശനഷ്ടം സംഭവിച്ചു.
പൂഴിത്തോട്ടിൽ കൃഷിഭൂമി നശിച്ചു
പഞ്ചായത്തിൽ 4ാം വാർഡിലെ പൂഴിത്തോട് പുത്തൻപുരയിൽ ഇന്ദിര, കുന്നത്ത് ദേവി എന്നിവരുടെ കൃഷി ഭൂമിയിൽ കനത്ത മഴയിൽ മണ്ണിടിഞ്ഞ് കാർഷിക വിളകൾ നശിച്ചു.
കൊക്കോ, റബർ, കുരുമുളക്, കമുക് എന്നിവ തകർന്നു. മെംബർ സി.കെ.ശശി, കൃഷി ഓഫിസർ രശ്മി നായർ, അസിസ്റ്റന്റ് കൃഷി ഓഫിസർ കെ.ഗിരീഷ് കുമാർ എന്നിവർ സ്ഥലം സന്ദർശിച്ചു.
പെരുവണ്ണാമൂഴിയിൽ കൃഷി വെള്ളത്തിലായി
പെരുവണ്ണാമൂഴി ഓനിപ്പുഴ കരകവിഞ്ഞതോടെ സമീപത്തെ കൃഷി ഭൂമികളിൽ വെള്ളം കയറി.
ഏഴാം വാർഡിലെ പറങ്കിമാംവിള സിറിലിന്റെ കൃഷിയിടത്തിൽ പുഴയിലെ വെള്ളപ്പൊക്കത്തെ പ്രതിരോധിക്കാൻ നട്ടുവളർത്തിയ ഓടക്കൂട്ടം, കൈത എന്നിവ നശിച്ചു. വീടിനു സമീപം വരെ വെള്ളം കയറിയതോടെ ഭീഷണിയിലായി.
പുഴയോരത്ത് വനം വകുപ്പിന്റെ ഭൂമിയിലെ മരങ്ങൾ പുഴയിലേക്ക് വീണ് കിടന്നതു നീക്കം ചെയ്യാത്തതാണ് കൃഷി ഭൂമിയിൽ നാശം വിതയ്ക്കാൻ കാരണമായത്. മഴക്കാലത്തിനു മുൻപ് മരങ്ങൾ നീക്കം ചെയ്യാൻ ആവശ്യപ്പെട്ടെങ്കിലും വനം വകുപ്പ് നടപടിയെടുത്തില്ല.
കഴിഞ്ഞ 5 വർഷമായി സിറിലിന്റെ 10 സെന്റ് ഭൂമിയോളം പുഴ കരകവിഞ്ഞ് നശിച്ചു. പുഴയോരത്ത് സംരക്ഷണ ഭിത്തി നിർമിക്കണമെന്ന് ഒട്ടേറെ തവണ പഞ്ചായത്തിനോട് ഉൾപ്പെടെ ആവശ്യപ്പെട്ടെങ്കിലും അധികൃതർ തിരിഞ്ഞുനോക്കിയില്ലെന്നു കർഷകർ പറയുന്നു.
കല്ലൂർ സുഭാഷിന്റെ കൃഷി ഭൂമിയിലും വെള്ളം കയറി. കൊക്കോ കൃഷി നശിച്ചിട്ടുണ്ട്.
പഞ്ചായത്ത് മെംബർ രാജേഷ് തറവട്ടത്ത് സ്ഥലം സന്ദർശിച്ചു.
വൈദ്യുതി മുടങ്ങി
പെരുവണ്ണാമൂഴി ഓനിപ്പുഴ കരകവിഞ്ഞ് എച്ച്ടി തൂൺ പുഴയിലേക്ക് വീണ് നശിച്ചതിനാൽ പെരുവണ്ണാമൂഴി, ചെമ്പനോട, പൂഴിത്തോട് മേഖലകളിൽ വൈദ്യുതി വിതരണം മുടങ്ങി. പുഴയിലെ വെള്ളം കുറയാത്തതിനാൽ തൂൺ മാറ്റി സ്ഥാപിക്കാൻ സാധിച്ചിട്ടില്ല.
പെരുവണ്ണാമൂഴി – മുതുകാട് റോഡിൽ മാത്തുണ്ണി കുന്നേൽ കാറ്റിൽ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. എച്ച്ടി തൂൺ തകർന്നതിനാൽ മുതുകാട് ഭാഗത്തേക്ക് വൈദ്യുതി മുടങ്ങി.
ചെമ്പനോട, പൂഴിത്തോട് മേഖലയിൽ താൽക്കാലികമായി വൈദ്യുതി വിതരണം പുനഃസ്ഥാപിച്ചു. 13 തൂണുകൾ നശിക്കുകയും ലൈൻ തകരുകയും ചെയ്തു.
വൈദ്യുതി തകരാർ പരിഹരിക്കാൻ ഊർജിതശ്രമം നടത്തുന്നതായി കെഎസ്ഇബി ചക്കിട്ടപാറ സെക്ഷൻ അസിസ്റ്റന്റ് എൻജിനീയർ ദീപു സി.കുഞ്ഞപ്പൻ അറിയിച്ചു.
കക്കയം ഡാം സൈറ്റ് റോഡിൽ മണ്ണിടിച്ചിൽ
കൂരാച്ചുണ്ട് ∙ കനത്ത മഴയിൽ കക്കയം ഡാം സൈറ്റ് റോഡിൽ പലയിടങ്ങളിലും മണ്ണിടിച്ചിൽ സംഭവിച്ചു. കക്കയം വിവേക് എസ്റ്റേറ്റ്, ഡാം സൈറ്റിനു സമീപം എന്നിവിടങ്ങളിലാണു മണ്ണിടിച്ചിൽ ഉണ്ടായത്.
റോഡിൽ പല മേഖലകളും മണ്ണിടിച്ചിൽ ഭീഷണിയിലാണ്. ഓവുചാൽ ഇല്ലാത്തതിനാൽ ടാറിങ് റോഡിലൂടെ വെള്ളം കുത്തിയൊഴുകി നാശം സംഭവിക്കുന്നുണ്ട്.
കല്ലുപാലത്തിനു സമീപത്ത് മരം വീണതും ഗതാഗത പ്രശ്നത്തിനു കാരണമായി.
28ാം മൈൽ – തലയാട് റോഡിലും മണ്ണിടിച്ചിൽ
മലയോര ഹൈവേ പ്രവൃത്തി നടക്കുന്ന 28ാം മൈൽ – തലയാട് റോഡിൽ മണ്ണിടിഞ്ഞു. 28ാം മൈൽ വ്യൂ പോയിന്റിനു സമീപത്ത് റോഡിലേക്ക് ഇന്നലെ വെളുപ്പിന് മരങ്ങളും കല്ലും വീണ് ഗതാഗതം മുടങ്ങി.
ഇന്നലെ രാവിലെ 8.30നാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. പാതയോരത്ത് മണ്ണെടുത്ത മേഖലകളിൽ മണ്ണിടിച്ചിൽ ഭീഷണി നിലനിൽക്കുന്നുണ്ട്.
സ്കൂൾ വിദ്യാർഥികൾ ഉൾപ്പെടെ ഭീതിയിലാണ് ഈ റൂട്ടിൽ സഞ്ചരിക്കുന്നത്. കരിയാത്തുംപാറ പുതുപ്പറമ്പിൽ ജോസഫിന്റെ വീടിന്റെ പിൻവശം ഇടിഞ്ഞ് നാശം സംഭവിച്ചു.
നടപ്പാതയിൽ വെള്ളക്കെട്ട്
കൂരാച്ചുണ്ട് ∙ ബാലുശ്ശേരി റോഡിലെ കിങ് സിറ്റി ടവർ മേഖലയിലെ നടപ്പാതയിലെ വെള്ളക്കെട്ട് ജനങ്ങൾക്ക് ദുരിതമാകുന്നു.
സബ് ട്രഷറി, കെഎസ്എഫ്ഇ ഓഫിസിലേക്ക് ദിവസേന എത്തുന്നവർ വെള്ളക്കെട്ടിലൂടെ കാൽനട യാത്ര ചെയ്യേണ്ട
സ്ഥിതിയാണ്. ബിൽഡിങ് ഏരിയയിലെ ഉറവയാണ് പ്രശ്നമാകുന്നത്.
മഴ പെയ്താൽ ഓഫിസുകളിലേക്കും വിവിധ സ്ഥാപനങ്ങളിലേക്കും പോകുന്നവർ വെള്ളക്കെട്ടിലൂടെയാണു ഇപ്പോൾ യാത്ര ചെയ്യുന്നത്. ഓഫിസുകളിൽ എത്തുന്ന വയോധികർ ഉൾപ്പെടെ സാഹസികമായാണു ഇപ്പോൾ സഞ്ചരിക്കുന്നത്.
വീടിന്റെ മതിലിടിഞ്ഞ് കുട്ടിക്കു പരുക്ക്
പേരാമ്പ്ര ∙ കാറ്റിലും മഴയിലും വീടിന്റെ മതിൽ വീണു വിദ്യാർഥിക്ക് പരുക്ക്.
മുതുവണ്ണാച്ച കുന്നത്ത് ഗിരീഷിന്റെ മകൻ അഭിൻ ലാലിനാണ് (16) പരുക്കേറ്റത്. വീടിന്റെ മുറ്റത്ത് വെള്ളം എടുക്കാൻ ഇറങ്ങിയപ്പോൾ അടുത്ത വീടിന്റെ മതിൽ ഇടിഞ്ഞു വീഴുകയായിരുന്നു.
വലതു കാൽ പൊട്ടിയിട്ടുണ്ട്. കഴിഞ്ഞ ദിവസം രാത്രി 8 മണിയോടെയാണു സംഭവം.
വടക്കുമ്പാട് ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് വൺ വിദ്യാർഥിയാണ്. മതിൽ പൂർണമായി ഇടിഞ്ഞ് ഗിരീഷിന്റെ വീടിന്റെ മുറ്റത്ത് പതിച്ചിട്ടുണ്ട്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]