
കാസർകോട്∙ കഴിഞ്ഞ ദിവസം രാവിലെ തുടങ്ങിയ കനത്ത മഴ രാത്രിയിലും ഇന്നലെയും തുടർന്നതോടെ ജില്ലയിൽ പരക്കെ നാശം. വെള്ളക്കെട്ടിനൊപ്പം വീടുകൾക്കും നാശമുണ്ടായി.
കാഞ്ഞങ്ങാട് നഗരമടക്കം വെള്ളത്തിൽ മുങ്ങി. പല ഉൾറോഡുകളിലും വെള്ളം കയറി ഗതാഗതം ദുരിതമായി.
വീടുകളിലേക്ക് വെള്ളം തള്ളിക്കയറി. പലയിടത്തും കുടുംബങ്ങൾ ബന്ധുവീടുകളിലേക്കു മാറി.
പരമ്പരാഗതമായി നീരൊഴുക്കിയിരുന്ന പാതകൾ അടച്ചു കെട്ടിയത് താഴ്ന്ന പ്രദേശങ്ങളെ ബാധിച്ചു. ഇന്നലെ രാവിലെ അൽപനേരം മഴ മാറി നിന്നെങ്കിലും ഉച്ചയോടെ ജില്ലയുടെ പല ഭാഗത്തും വീണ്ടും മഴയെത്തി.കീഴൂരിലെ ഒട്ടേറെ വീടുകളിൽ വെള്ളം കയറി.
വീട്ടുകാരെ ബന്ധുവീടുകളിലേക്ക് മാറ്റിപാർപ്പിച്ചു. ഒട്ടേറെ വൈദ്യുത തൂണുകൾ വീണതിനാൽ ഈ പ്രദേശത്ത് വൈദ്യുതി മുടങ്ങി.
കീഴൂർ റെയിൽവേ പാതയോടു ചേർന്നുള്ള വീടുകളിലാണ് വെള്ളം കയറിയിട്ടുള്ളത്. ഓവുചാലുകൾ ഇല്ലാത്തതിനാൽ വെള്ളം പറമ്പുകളിലൂടെ ഒഴുകി വീടുകളിലേക്ക് എത്തി.
വെള്ളം കയറിയ വീടുകളിലുള്ളവരെ മാറ്റിപ്പാർപ്പിക്കാൻ കീഴൂർ ജമാഅത്ത് സ്കൂളിൽ സൗകര്യം ഒരുക്കിയിട്ടുണ്ട്. ഉദുമ തെക്കേക്കരയിലെ ബി.പി.
അബ്ദുൽഖാദറിന്റെ വീടിനോടു ചേർന്നുള്ള മതിലിടിഞ്ഞു.
ഉപ്പള ദുരിതത്തിൽ
കനത്ത മഴയും കാറ്റും മൂലം മരങ്ങൾ വീണ് റോഡ് ഗതാഗതം സ്തംഭിച്ചു. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി.
വ്യാഴാഴ്ച പുലർച്ചയോടെ ഹൊസങ്കടി -ആനക്കല്ല് – കൊടല മുഗർ റോഡിൽ മരങ്ങൾ വീണ്, മണ്ണിടിഞ്ഞ് റോഡിൽ വീണ് ഗതാഗതം സ്തംഭിച്ചു. ഉപ്പളയിൽ നിന്ന് അഗ്നിരക്ഷാസേന എത്തി മരം മുറിച്ച് മാറ്റിയും മണ്ണ് നീക്കം ചെയ്തും ഗതാഗതം പുനഃസ്ഥാപിച്ചു.
മഞ്ചേശ്വരം, പൊസോട്ടു, മള്ഹർ മസ്ജിദിലും, കോളജ് കെട്ടിടത്തിലേക്കും, മദ്രസ കെട്ടിടത്തിലും വെള്ളം കയറി. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറിയ ഭാഗങ്ങളിൽ നിന്ന് വീട്ടുകാർ മാറിത്താമസിച്ചു.
തൃക്കരിപ്പൂർ
കഴിഞ്ഞദിവസത്തെ കനത്ത മഴയിൽ തൃക്കരിപ്പൂർ മേഖലയുടെ പടിഞ്ഞാറൻ ഭാഗങ്ങളിൽ വ്യാപകമായ തോതിൽ വെള്ളക്കെട്ടുണ്ടായി.
തോരാത്ത മഴയിൽ വീടുകളിലേക്ക് വെള്ളം തള്ളിക്കയറുന്ന അവസ്ഥയുണ്ടായി. ഗ്രാമീണ റോഡുകൾ മിക്കതും വെള്ളത്തിലായത് ജനജീവിതത്തെ സാരമായി ബാധിച്ചു.
പയ്യന്നൂർ–തൃക്കരിപ്പൂർ പ്രധാന പാതയിലും ചിലയിടങ്ങളിൽ വെള്ളക്കെട്ട് യാത്രാദുരിതമുണ്ടാക്കി. മീലിയാട്ട്, തൈക്കീൽ, ബർമ, മണിയനൊടി, കുറ്റിച്ചി, വയലോടി, പറയമ്മാനം തുടങ്ങിയ വിവിധ പ്രദേശങ്ങളിൽ നിരവധി കുടുംബങ്ങൾ ബുദ്ധിമുട്ടിലായി.
മഴക്കാലത്ത് പരമ്പരാഗതമായി നീരൊഴുക്കിയിരുന്ന ജലനിർഗമന പാതകൾ അടച്ചു കെട്ടിയത് താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ടിനിടയാക്കുന്നു. ഇന്നലെ ഉച്ചവരെ അൽപനേരം വെയിൽ ഉദിച്ചതാണ് അൽപമെങ്കിലും ആശ്വാസം ലഭിച്ചത്.
നീലേശ്വരം
കനത്ത മഴയിൽ നീലേശ്വരത്തും പരിസര പ്രദേശത്തും വ്യാപക നാശനഷ്ടമുണ്ടായി.
നീലേശ്വരം കോണത്ത് ചാത്തമത്ത് ഭഗവതി ക്ഷേത്രത്തിന് പിന്നിലെ കുന്നിടിഞ്ഞ് ക്ഷേത്രമതിൽ തകർന്നു വീണു. കനത്ത മഴയിൽ കുന്നിടിഞ്ഞു താഴ്ന്നതോടെ ക്ഷേത്രമുറ്റത്ത് മൺകൂമ്പാരമാണ്.
ക്ഷേത്രത്തിന് തൊട്ടുമുകളിലെ ചാത്തമത്ത്-നീലേശ്വരം റോഡ് കനത്ത മഴയിൽ വെള്ളം കുത്തിയൊലിച്ചും മണ്ണ് നീങ്ങിയും താഴ്ന്ന നിലയിലുമാണ്. ഇത് ഇനിയും അപകടം ആവർത്തിക്കാൻ സാധ്യതതയുയർത്തുന്നുണ്ട്.കാലവർഷം തുടങ്ങിയതോടെ ആഴ്ചകൾക്ക് മുമ്പും ക്ഷേത്രമതിലിന്റെ മറ്റൊരു ഭാഗം തകർന്നിരുന്നു.
അന്ന് റവന്യൂ അധികൃതർ ഫലപ്രദമായ നടപടി സ്വീകരിച്ചില്ലെന്ന പരാതിയുണ്ട്. ഒന്നര വർഷം മുമ്പ് പുനർ നിർമിച്ച് പ്രതിഷ്ഠാ ബ്രഹ്മകലശ മഹോത്സവം നടത്തിയ ക്ഷേത്രം കുന്ന് ഇടിഞ്ഞതിനെ തുടർന്നു അപകടാവസ്ഥയിലാണ്.
ചിറപ്പുറത്ത് പുതിയ പുരയിൽ വിനോദിന്റെ വീടിന് മുൻവശമുള്ള കിണറും കനത്ത മഴയിൽ താഴ്ന്നു പോയിട്ടുണ്ട്.
വെള്ളരിക്കുണ്ട്
ശക്തമായ മഴയിൽ കുന്നുംകൈ മുള്ളിക്കാട്ടെ പടിഞ്ഞറോട്ട് ജോസഫിന്റെ വീടിനോട് ചേർന്ന കൽഭിത്തി പൂർണമായി തകർന്ന് വീടിന് വിള്ളൽ വീണു. കല്ലുംമണ്ണും വീണ് മുള്ളിക്കാട് റോഡിലെ ഗതാഗതവും തടസപ്പെട്ടു.
ബളാൽ ചീറ്റക്കാലിലെ രഘു, ഹേമവതി എന്നിവരുടെ വീടുകളും ഭാഗികമായി തകർന്നു. മുക്കട
കുന്നുംകൈ ഭീമനടി മരാമത്ത് റോഡ്, വെള്ളരിക്കുണ്ട് കൊന്നക്കാട് മരാമത്ത് റോഡുകളിലെഓവുചാലുകൾ കല്ലും മണ്ണും വീണ് നികന്നതിനാൽ റോഡിൽ വെള്ളക്കെട്ട് ഉണ്ടായി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]