
പാലക്കാട് ∙ ജില്ലയിലെ കാട്ടാനകൾ ആരോഗ്യവാൻമാരും ആരോഗ്യവതികളുമാണോ? അവർക്ക് എന്തൊക്കെ രോഗങ്ങളുണ്ട്? ഉണ്ടെങ്കിൽ എങ്ങനെ ചികിത്സ നടത്തണം? എന്നിങ്ങനെ കാട്ടാനകളുടെ ആരോഗ്യസ്ഥിതി അറിയാൻ ‘ഹെൽത്ത് ചെക്കപ്പ് പാക്കേജ്’ ഒരുക്കാൻ വനംവകുപ്പ്. കാട്ടാനകളെ നേരിട്ടു നിരീക്ഷിച്ചും ആനപ്പിണ്ടം പരിശോധിച്ചുമാണ് ആരോഗ്യം ഉറപ്പാക്കുന്നത്.
പരിശോധനാ സർട്ടിഫിക്കറ്റും വനംവകുപ്പ് ഓഫിസുകളിൽ സൂക്ഷിക്കും. ജില്ലയിൽ പുതുതായി എത്തിയ കാട്ടാനകളുടെ കണക്കെടുപ്പാണ് ആദ്യഘട്ടം. കഴിഞ്ഞ വർഷം കാട്ടാനകളുടെ കണക്കെടുത്തിരുന്നു.
ഇവയിൽ നിന്ന് എത്ര കാട്ടാനകൾ ഇതര ജില്ലകളിലേക്കും സംസ്ഥാനത്തേക്കും പോയി, എത്ര ആനകൾ അവിടെ നിന്നു പാലക്കാട്ടെത്തി എന്നിവ പരിശോധിച്ചു പുതിയ പട്ടിക തയാറാക്കും.
ഇതിന്റെ നടപടി പുരോഗമിക്കുകയാണ്. അതിനു ശേഷം വനംവകുപ്പ് ഉദ്യോഗസ്ഥരും വെറ്ററിനറി വിദഗ്ധരും ചേർന്നുള്ള സംഘം ആനകളെ നിരീക്ഷിക്കും.ആനപ്പിണ്ടം പരിശോധനയാണു മൂന്നാം ഘട്ടം.
ആനകളുടെ ശരീരത്തിലെ അണുബാധ, വിരശല്യം, ദഹന പ്രശ്നം എന്നിവ കണ്ടെത്താനാകും. ആനകളുടെ കണക്കെടുപ്പിലും ആനപ്പിണ്ടം പരിശോധിക്കാറുണ്ട്.
രോഗങ്ങൾ കണ്ടെത്തിയാൽ ആനകളുടെ സ്വഭാവം നിരീക്ഷിച്ച് അവയ്ക്കു ചികിത്സ നൽകേണ്ടതെങ്ങനെയെന്നു തീരുമാനിക്കും.
പി.ടി. അഞ്ചാമനു കാട്ടിൽ ചികിത്സ
പാലക്കാട് ∙ വലതുകണ്ണിനു കാഴ്ചക്കുറവു കണ്ടെത്തിയ കാട്ടാന പി.ടി.
അഞ്ചാമനു കാട്ടിൽ ചികിത്സ ഒരുക്കി വനംവകുപ്പ്. കാട്ടാന പോകുന്ന വഴികളിൽ മരുന്നു ചേർത്ത പഴങ്ങൾ കൊണ്ടിട്ടാണു ചികിത്സ.
നിലവിൽ പൈനാപ്പിളിലാണു മരുന്നു ചേർത്തു നൽകുന്നത്. ആന പൈനാപ്പിൾ കഴിക്കുന്നതോടെ അതിനകത്തുള്ള മരുന്നും ഉള്ളിലെത്തും.
കാഴ്ചക്കുറവു പരിഹരിക്കാനും കണ്ണിലെ നീരൊഴുക്കു തടയാനും വേദന കുറയ്ക്കാനുമുള്ള മരുന്നാണു നൽകുന്നത്. വാഴപ്പഴം, ചക്ക ഉൾപ്പെടെ ആനകൾക്ക് ഇഷ്ടപ്പെട്ട
പഴവർഗങ്ങളിലും മരുന്നു ചേർത്തു നൽകും. ആന ഇന്നലെ പൈനാപ്പിൾ കഴിച്ചെന്നാണു സൂചന.
ആനയുടെ കണ്ണുകളിൽ നിന്നു നീരു വരുന്നുണ്ട്.
വനംവകുപ്പ് ഉദ്യോഗസ്ഥരുടെയും വെറ്ററിനറി ഡോക്ടർമാരുടെയും പ്രത്യേക സംഘം ആനയെ നിരീക്ഷിച്ചുവരികയാണ്. നേരിട്ടുള്ള നിരീക്ഷണത്തിൽ ആനയ്ക്കു മറ്റു കുഴപ്പങ്ങളില്ലെന്നാണു കണ്ടെത്തൽ.
ആനപ്പിണ്ടം പരിശോധിച്ചതിൽ അണുബാധയോ ദഹനപ്രശ്നങ്ങളോ പോലുള്ള അസുഖങ്ങളില്ലെന്നു കണ്ടെത്തി. കൂടുതൽ പരിശോധിക്കുന്നുണ്ട്.തമിഴ്നാട്ടിലെ കാടുകളിൽ നിന്നു തിരിച്ചെത്തിയപ്പോഴാണ് ഇക്കഴിഞ്ഞ 12നു പി.ടി.
അഞ്ചാമനു വലതുകണ്ണിനും കാഴ്ചക്കുറവുള്ളതായി ഉദ്യോഗസ്ഥർ കണ്ടെത്തിയത്.
ഇടതുകണ്ണിന് നേരത്തെ കാഴ്ചയില്ല
പി.ടി. അഞ്ചാമന്റെ ഇടതുകണ്ണിനു നേരത്തെ കാഴ്ചയില്ലെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
മദപ്പാട് ലക്ഷണങ്ങളുണ്ടാകുമ്പോൾ പി.ടി. അഞ്ചാമൻ തമിഴ്നാട്ടിലെ കാടുകളിലേക്കു പോകാറുണ്ട്.
മദപ്പാട് കഴിഞ്ഞാൽ തിരിച്ചെത്തുകയാണു പതിവ്. കഴിഞ്ഞ വർഷം മദപ്പാട് സമയത്തു തമിഴ്നാട്ടിലെ കാടുകളിൽ പോയി മടങ്ങിയെത്തിയപ്പോഴാണ് ആനയുടെ ഇടതുകണ്ണിനു കാഴ്ചയില്ലെന്നു വനംവകുപ്പു കണ്ടെത്തിയത്.
അന്നു മുതൽ ആനയെ നിരീക്ഷിച്ചു വരികയായിരുന്നു. മറ്റു പ്രശ്നങ്ങളില്ലാതിരുന്നതിനാൽ ചികിത്സ തുടങ്ങിയില്ല.
വലതുകണ്ണിനും കാഴ്ചക്കുറവു കണ്ടെത്തിയതോടെയാണു ചികിത്സ ആരംഭിച്ചത്. എങ്ങനെയാണു കാഴ്ചത്തകരാറുണ്ടായതെന്നു വ്യക്തമല്ല.
നിലവിൽ ആന കഞ്ചിക്കോട് ഭാഗത്തെ കാട്ടിലാണുള്ളത്.
കാഴ്ചക്കുറവ് പ്രശ്നമാകുമോ?
കാഴ്ചക്കുറവ് പി.ടി. അഞ്ചാമന്റെ തുടർജീവിതത്തിനു തടസ്സമാകില്ലെന്നു വെറ്ററിനറി വിദഗ്ധർ.
അതേസമയം, ഓടാനും വേഗത്തിൽ നടക്കാനും ബുദ്ധിമുട്ടാകും. ഭക്ഷണം കണ്ടെത്തുന്നതും ശത്രുവിന്റെ സാമീപ്യം തിരിച്ചറിയുന്നതും പ്രധാനമായും മണം പിടിച്ചാണ്.
ഘ്രാണശക്തി ഇവയ്ക്കു കൂടുതലാണ്. കാഴ്ച കുറഞ്ഞാലും ആനത്താരകൾ തിരിച്ചറിയാൻ ബുദ്ധിമുട്ടുണ്ടാകില്ല.
അതേസമയം, കുഴികളിലും മറ്റും വീഴാനുള്ള സാധ്യതയുണ്ട്.
പി.ടി. അഞ്ചാമന്റെ യാത്രാവേഗവും കുറഞ്ഞതായാണു വനംവകുപ്പിന്റെ കണ്ടെത്തൽ.
ഓടാനും ശ്രമിക്കുന്നില്ല.വനംവകുപ്പ് മയക്കുവെടിവച്ചു പിടികൂടി, ധോണി ബേസ് ക്യാംപിലാക്കിയ പി.ടി 7 ആനയ്ക്കും കാഴ്ചക്കുറവുണ്ട്. തിമിരം ബാധിച്ചാണു കാഴ്ചക്കുറവുണ്ടായത്.
വനംവകുപ്പ് പരമാവധി ചികിത്സ നൽകിയെങ്കിലും കാഴ്ച കൂട്ടാനായില്ല. ഭാവിയിൽ ഇതിനു പൂർണമായും കാഴ്ച നഷ്ടമാകും.
പൊതുവേ ആനയ്ക്കു കാഴ്ചശക്തി കുറവാണ്. പരമാവധി 20 മുതൽ 25 മീറ്റർ വരെ ദൂരത്തെ കാഴ്ചകളേ ആനയ്ക്കു കാണാനാകൂ.
ആരോഗ്യപരിശോധന എങ്ങനെ?
ആനയ്ക്കു നടക്കാൻ ബുദ്ധിമുട്ടുണ്ടോ, ആഹാരം എടുക്കാനും കഴിക്കാനും ബുദ്ധിമുട്ടുണ്ടോ, ശരീരത്തിൽ മുറിവുകളുണ്ടോ, കാഴ്ചയ്ക്കു തകരാറുണ്ടോ എന്നിവ സംഘം നേരിട്ടു പരിശോധിക്കും.
ആനപ്പിണ്ടം പരിശോധിച്ച് ഒരു പരിധി വരെ ആനകളിലെ അണുബാധ പോലുള്ള രോഗം കണ്ടെത്താനാകുമെന്നു വിദഗ്ധർ പറയുന്നു. ആനപ്പിണ്ടത്തിന്റെ അളവ്, നിറം, ആകൃതി, ഘടന, മണം എന്നിവ പരിശോധിച്ചാണ് ആരോഗ്യം ഉറപ്പാക്കുക.
ബാക്ടീരിയ, ഫംഗസ് തുടങ്ങി സൂക്ഷ്മ ജീവികളുണ്ടോയെന്നും കണ്ടെത്താം.
പിണ്ടത്തിൽ കാണുന്ന ഭക്ഷണാവശിഷ്ടങ്ങൾ, അവയുടെ അളവ് എന്നിവയിലൂടെ ആനയുടെ ആഹാര രീതിയും ആവാസ വ്യവസ്ഥയെക്കുറിച്ചുള്ള വിവരങ്ങളും അറിയാം. ആനപ്പിണ്ടത്തിലെ ഡിഎൻഎ പരിശോധനയിലൂടെയും ആരോഗ്യം അറിയാം.
ലിംഗനിർണയവും നടത്താനാകും. ആനകളുടെ കണക്കെടുപ്പിലും ഡിഎൻഎ പരിശോധന നടത്താറുണ്ട്.
വനംവകുപ്പിനു കീഴിലുള്ള വയനാട്ടിലെ വന്യജീവി പഠനകേന്ദ്രത്തിലാണു പരിശോധനയ്ക്കു സൗകര്യമുള്ളത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]