
ആറ്റിങ്ങൽ ∙ രണ്ടായിരത്തോളം കുട്ടികൾ പഠിക്കുന്ന ആറ്റിങ്ങൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ രണ്ട് കെട്ടിടങ്ങൾ തകർച്ച ഭീഷണിയിലായിട്ട് പതിറ്റാണ്ടിലേറെയായെങ്കിലും അധികൃതർ അനങ്ങാപ്പാറ നയം തുടരുകയാണെന്ന് ആക്ഷേപം . സ്കൂൾ ആരംഭിച്ച കാലഘട്ടത്തിൽ നിർമിച്ച കെട്ടിടങ്ങളാണ് ഓടുകൾ അടക്കം ഇളകി മാറി ഏത് സമയവും നിലം പതിക്കാവുന്ന അവസ്ഥയിലുള്ളത്.
ഇവിടെ ക്ലാസ് മുറികൾ പ്രവർത്തിക്കുന്നില്ല. എന്നാൽ ഈ കെട്ടിടങ്ങളോട് ചേർന്നാണ് കുട്ടികളുടെ കളിസ്ഥലം.
കോട്ടയം മെഡിക്കൽ കോളജിൽ അടച്ചിട്ടിരുന്ന കെട്ടിടം തകർന്ന് വീട്ടമ്മ മരിച്ച സംഭവം പുറത്ത് വന്നതോടെ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ രക്ഷാകർത്താക്കളും ആശങ്കയിലാണ്.
കെട്ടിടത്തോട് ചേർന്നുള്ള ഉപയോഗ ശൂന്യമായ ശുചിമുറി വിദ്യാർഥികളിൽ ചിലർ അനധികൃതമായി ഉപയോഗിക്കുന്നു എന്നതും ദുരന്ത ഭീഷണി വർധിപ്പിക്കുന്നതായി രക്ഷാകർത്താക്കൾ പറയുന്നു. രണ്ട് വർഷം മുൻപ് ജില്ലാ കലോത്സവ വേദിയിലെത്തിയ മന്ത്രിയും ഇക്കാര്യം ശ്രദ്ധിച്ചിരുന്നതായി നാട്ടുകാർ പറയുന്നു.കാലപ്പഴക്കം കൊണ്ട് കെട്ടിടങ്ങളുടെ മേൽക്കൂര തകർന്നിരിക്കുകയാണ്.
ഏത് സമയവും നിലംപതിക്കാവുന്ന അവസ്ഥയാണ്. പലയിടത്തും ഓടുകൾ ഇളകി താഴേക്ക് പതിച്ചു കഴിഞ്ഞു.
ഇളകിയിരിക്കുന്ന ഓടുകൾ കുട്ടികളുടെ ദേഹത്ത് പതിച്ച് അപകടം ഉണ്ടാകാനുള്ള സാധ്യതയും ഏറെയാണ്. സ്കൂളിലെ പൈതൃക കെട്ടിടമായ ഹൈനസ് മന്ദിരവും ന്യൂഹാളും ആണ് പൊളിഞ്ഞു വീഴാറായ നിലയിലുള്ളത്.
ഇവിടെ പ്രവർത്തിച്ചിരുന്ന പ്രധാന ഓഫിസുകളെല്ലാം സുരക്ഷിത സ്ഥാനത്തേക്ക് വർഷങ്ങൾക്ക് മുൻപേ മാറ്റി. പുസ്തകങ്ങൾ അടക്കമുള്ളവ വിതരണം ചെയ്യുന്ന സൊസൈറ്റി ഇപ്പോഴും ഹൈനസ് മന്ദിരത്തിൽ പ്രവർത്തിക്കുന്നുണ്ട്.
കുട്ടികളെ ഇവിടെ പ്രവേശിപ്പിക്കാറില്ലെന്നും, പുസ്തകങ്ങൾ അടക്കമുള്ളവ മറ്റ് ക്ലാസ് മുറിയിലെത്തിച്ചാണ് കുട്ടികൾക്ക് നൽകുന്നതെന്നും അധികൃതർ പറഞ്ഞു.
നടപടികൾ ആരംഭിച്ചു: നഗരസഭ സെക്രട്ടറി
ആറ്റിങ്ങൽ∙ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ രണ്ട് കെട്ടിടങ്ങൾ പൊളിച്ചു മാറ്റണമെന്ന് ആവശ്യപ്പെട്ട് സ്കൂൾ അധികൃതർ കത്ത് നൽകിയിട്ടുണ്ട്. പൊളിച്ചു മാറ്റുന്നതിന്റെ ചെലവ് കണക്കാക്കുന്നതിനായി എൻജിനീയറിങ് വിഭാഗത്തിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. അപകട
ഭീഷണിയിലുള്ള കെട്ടിടങ്ങൾ പൊളിച്ചു മാറ്റുന്നതിനുള്ള നടപടികൾ വേഗത്തിലാക്കും. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]