ശാസ്താംകോട്ട ∙ വീട്ടിലെ കാര്യങ്ങളിലും കളിക്കളത്തിലും പഠനത്തിലും ഒരുപോലെ തിളങ്ങുന്ന പ്രിയപ്പെട്ട
മിഥുന്റെ വേർപാട് താങ്ങാനാകാതെ വിളന്തറ ഗ്രാമം മൂകമായി. ഏതൊരു കാര്യത്തിനും മടിയില്ലാതെ മുന്നിട്ടിറങ്ങുന്ന മിഥുൻ മറ്റുള്ള കുട്ടികൾക്കും പ്രചോദനമായിരുന്നു.
എല്ലാവരോടും ചിരിച്ചു കൊണ്ട് ഇടപെടുന്ന മിഥുൻ, ശാസ്താംകോട്ട തടാക കരയിലെ ചെറിയ വീട്ടിൽ നിന്നു കുന്നോളം സ്വപ്നങ്ങളുമായിട്ടാണ് തേവലക്കര ഹൈസ്കൂളിലേക്ക് വരുന്നത്.
പൊട്ടക്കണ്ണൻ മുക്കിലെ ഹോം ട്യൂഷൻ സെന്ററും സ്കൂളും കഴിഞ്ഞാൽ നാടും വീടും നാട്ടിലെ കളിക്കളവുമാണ് പ്രിയം. ഫുട്ബോളാണ് ഇഷ്ട
വിനോദം. സമൂഹമാധ്യമങ്ങൾ നോക്കി ചെറിയ ശാസ്ത്ര പരീക്ഷണങ്ങളും നടത്തി വിജയിപ്പിച്ചിരുന്നു.
കഴിഞ്ഞ വർഷം വരെ യുപിഎസിൽ മിഥുനെ പഠിപ്പിച്ചിരുന്ന അധ്യാപകർ പഠനത്തിൽ മിടുക്കനായിരുന്ന മിഥുനെ വിതുമ്പലോടെ ഓർത്തു.
വീട്ടിലെ കൊടിയ ദാരിദ്ര്യത്തെ തുടർന്നു അമ്മ വിദേശത്തേക്ക് തൊഴിൽ തേടി പോയപ്പോഴും അനിയനെ ചേർത്തു പിടിച്ച് രക്ഷിതാവിനെ പോലെ പക്വതയോടെയാണ് മിഥുൻ പെരുമാറിയിരുന്നത്. നിർമാണ തൊഴിലാളിയായ പിതാവ് മനു മഴയെത്തുടർന്ന് തൊഴിലില്ലാതെ ദുരിതത്തിലാണ്.
വിദേശത്ത് പോകും മുൻപ് നാട്ടിൽ ചെറിയ തൊഴിലുകൾ തേടി മാതാവ് സുജ പോകുമായിരുന്നു.
വീടിന്റെ ഓട് മേഞ്ഞ മേൽക്കൂര തകരാറിലായതോടെ ടാർപോളിൻ കെട്ടിയാണ് മഴയെ തടയുന്നത്. ലൈഫ് ഉൾപ്പെടെ സർക്കാരിന്റെ ഭവന നിർമാണ പദ്ധതികളിൽ പലതവണ അപേക്ഷ നൽകിയെങ്കിലും പരിഗണിച്ചില്ല.
വീട്ടിലെ ഭിത്തികളിൽ മിഥുനും സുജിനും വരച്ചിട്ട ചിത്രങ്ങൾ പോലെ ജീവിതം വരച്ചിടണമെന്ന പ്രത്യാശയാണ് സ്കൂൾ അധികൃതരുടെ അനാസ്ഥയിൽ പൊലിഞ്ഞതെന്ന് ഉറ്റവർ തേങ്ങലോടെ പറഞ്ഞു.
മരണവാർത്തയ്ക്കു പിന്നാലെ പ്രതിഷേധക്കടൽ
ശാസ്താംകോട്ട
∙ മിഥുന്റെ മരണവാർത്ത അറിഞ്ഞതിൽ പിന്നെ പ്രതിഷേധക്കടലായി മാറി തേവലക്കര ബോയ്സ് ഹൈസ്കൂൾ പരിസരം. വിവിധ വിദ്യാർഥി, രാഷ്ട്രീയ സംഘടനകൾ സ്കൂളിലേക്ക് ഇരച്ചെത്തിയതോടെ പ്രതിഷേധക്കാരെ നിയന്ത്രിക്കാൻ പൊലീസ് ഏറെ ബുദ്ധിമുട്ടി.
മരണം അറിഞ്ഞതോടെ സ്കൂൾ വിട്ടു കുട്ടികളെ പറഞ്ഞയിച്ചിരുന്നു. അധ്യാപകരും അനധ്യാപകരുമായിരുന്നു സ്കൂളിലുണ്ടായിരുന്നത്.
പ്രധാനാധ്യാപിക അടക്കം ആരും പ്രതികരണത്തിനു തയാറായിരുന്നില്ല. സ്കൂളിലെ വിദ്യാർഥിയുടെ മരണത്തിൽ മരവിച്ചു പോയ അവർ നിസംഗരായി എല്ലാം നോക്കി നിൽക്കുകയായിരുന്നു.
മരണവാർത്ത അറിഞ്ഞു കൂടുതൽ പേർ പ്രദേശത്ത് തടിച്ചുകൂടി.
പ്രതിഷേധം ശക്തമായതോടെ സ്കൂളിലേക്കുള്ള മറ്റു പ്രവേശന കവാടങ്ങളും പൊലീസ് പൂർണമായി അടച്ചു. ഇതിനോടകം സ്കൂൾ മൈതാനത്ത് പ്രവേശിച്ചിരുന്ന സമരക്കാർ മുദ്രാവാക്യം വിളികൾ ആരംഭിച്ചു.
ബിജെപി പ്രവർത്തകരും പിന്നാലെ ആർവൈഎഫ് പ്രവർത്തകരും യൂത്ത് കോൺഗ്രസ് പ്രവർത്തകരുമാണ് സമരവുമായി രംഗത്തെത്തിയത്.
സ്കൂളിന്റെ ഭീമൻ ഗേറ്റ് പിടിച്ചു കുലുക്കി സമരക്കാർ സ്കൂളിനുള്ളിലേക്ക് പ്രവേശിക്കാൻ ശ്രമിച്ചെങ്കിലും പൊലീസ് തടഞ്ഞു. ചില യൂത്ത് കോൺഗ്രസ് പ്രവർത്തകർ മതിൽ ചാടിക്കടന്ന് പ്രധാനാധ്യാപികയുടെ മുറിയിലേക്ക് ഇരച്ചെത്തി മുദ്രാവാക്യം വിളിച്ചു.
പൊലീസ് ഇടപെട്ട് ഇവരെ മുറിയിൽ നിന്ന് പുറത്തേക്ക് മാറ്റി. കെഎസ്യു, എംഎസ്എഫ്, എബിവിപി പ്രവർത്തകരും ഇതിനോടകം സമരവുമായി സ്കൂളിന് മുൻപിലെത്തി.
സ്കൂളിലെത്തിയ അഡീഷനൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റിനോടും തഹസിൽദാറോടും സമരക്കാർ പ്രതിഷേധം രേഖപ്പെടുത്തി.
ആർഎസ്പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോൺ ഇതിനിടയിൽ സ്ഥലത്തെത്തി. ഉച്ചയായിട്ടും പ്രതിഷേധം അതിശക്തമായി തുടർന്നു.
സമരക്കാർ സ്കൂൾ ഗേറ്റിന് മുന്നിൽ വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയുടെ കോലം കത്തിച്ചു. ബിജെപിയും എസ്ഡിപിഐയും സ്കൂളിലേക്ക് മാർച്ച് നടത്തി.
മന്ത്രി സ്കൂൾ സന്ദർശിച്ചേക്കുമെന്ന് വാർത്തയുണ്ടായിരുന്നെങ്കിലും വരുന്നില്ലെന്ന് വ്യക്തമായതോടെ പ്രതിഷേധത്തിൽ കുറവു വന്നു.
എങ്കിലും സ്ഥലത്തെത്തിയ മുതിർന്ന ഉദ്യോഗസ്ഥരും ജനപ്രതിനിധികളുമെല്ലാം നാട്ടുകാരുടെ രോഷത്തിന്റെ ചൂടറിഞ്ഞാണ് മടങ്ങിയത്. കോവൂർ കുഞ്ഞുമോൻ എംഎൽഎയും പ്രധാനാധ്യാപികയും മറ്റ് അധ്യാപകരും മാധ്യമങ്ങളെ കാണാൻ ശ്രമിക്കുമ്പോൾ കെഎസ്യുവിന്റെ നേതൃത്വത്തിൽ പ്രതിഷേധക്കാർ തള്ളിക്കയറിയാതോടെ സ്കൂൾ പരിസരം സംഘർഷഭരിതമായി.
പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കുകയായിരുന്നു.
സ്കൂളുകളിൽ ഇന്ന് കെഎസ്യു പ്രതിഷേധം
തിരുവനന്തപുരം ∙ കൊല്ലം തേവലക്കര ബോയ്സ് ഹൈസ്കൂളിൽ എട്ടാം ക്ലാസ് വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ ഇന്ന് സംസ്ഥാന വ്യാപകമായി സ്കൂളുകളിൽ കെഎസ്യു പ്രതിഷേധിക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ അറിയിച്ചു. കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്കൂളിലേക്ക് മാർച്ചും നിയോജക മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ പ്രതിഷേധ പരിപാടികളും സംഘടിപ്പിക്കും.
സംഭവത്തിൽ സ്കൂൾ അധികൃതരും, വിദ്യാഭ്യാസ വകുപ്പും, കെഎസ്ഇബിയും ഒരേ പോലെ കുറ്റക്കാരാണ്. പരസ്പരം പഴിചാരി രക്ഷപ്പെടാൻ ആർക്കും അവസരം നൽകരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മനുഷ്യാവകാശ കമ്മിഷൻ കേസെടുത്തു
കൊല്ലം∙ വിദ്യാർഥി സ്കൂളിൽ ഷോക്കേറ്റു മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു.
പൊതു വിദ്യാഭ്യാസ ഡയറക്ടറും റൂറൽ ജില്ലാ പൊലീസ് മേധാവിയും അടിയന്തരമായി അന്വേഷണം നടത്തി 14 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മിഷൻ അംഗം വി.ഗീത ആവശ്യപ്പെട്ടു.
അന്വേഷണം വേണം:ശിശുക്ഷേമ സമിതി
കൊല്ലം∙ തേവലക്കര സ്കൂളിൽ എട്ടാം ക്ലാസ് വിദ്യാർഥി മിഥുൻ ഷോക്കേറ്റു മരിച്ച സംഭവം വേദനാജനകമാണ്. സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തി സർക്കാർ കുറ്റക്കാർക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കണം. ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ശക്തമായ മുൻകരുതലുകൾ സ്വീകരിക്കണമെന്നു ജില്ലാ ശിശുക്ഷേമ സമിതി സെക്രട്ടറി അഡ്വ.
ഡി.ഷൈൻ ദേവ് ആവശ്യപ്പെട്ടു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]