
റഷ്യൻ എണ്ണയുടെ പേരിൽ ഇന്ത്യയെ വിരട്ടേണ്ടെന്ന് നാറ്റോയോട് കേന്ദ്ര വിദേശകാര്യ മന്ത്രാലയം. റഷ്യയുമായി വ്യാപാരബന്ധം തുടർന്നാൽ ഇന്ത്യയ്ക്കും ചൈനയ്ക്കും ബ്രസീലിനും 100% ഇറക്കുമതി തീരുവ ചുമത്തുന്നത് ഉൾപ്പെടെയുള്ള നടപടിയുണ്ടാകുമെന്ന് നാറ്റോ സെക്രട്ടറി മാർക്ക് റുട്ട
(Mark Rutte) കഴിഞ്ഞദിവസം മുന്നറിയിപ്പ് നൽകിയിരുന്നു. നിലവിൽ റഷ്യയുടെ എണ്ണ ഏറ്റവുമധികം വാങ്ങുന്ന രാജ്യങ്ങളാണ് ചൈനയും ഇന്ത്യയും.
രാജ്യതാൽപര്യം മുൻനിറുത്തിയാണ് ഇന്ത്യ കുറഞ്ഞവിലയ്ക്ക് ലഭിക്കുന്ന എണ്ണ വാങ്ങുന്നതെന്നും നാറ്റോയുടെ ഇരട്ടത്താപ്പ് ശ്രദ്ധിക്കുന്നുണ്ടെന്നും വിദേശകാര്യ സെക്രട്ടറി രൺധീർ ജയ്സ്വാളും പ്രതികരിച്ചു.
യുക്രെയ്നുമായി 50 ദിവസത്തിനകം സമാധാനക്കരാറുണ്ടാക്കാൻ റഷ്യയ്ക്ക് കഴിഞ്ഞില്ലെങ്കിൽ റഷ്യൻ എണ്ണ ഉൾപ്പെടെ വാങ്ങുന്ന രാജ്യങ്ങൾക്കുമേൽ 100% ഇറക്കുതി തീരുവ ചുമത്തുമെന്ന യുഎസ് പ്രസിഡന്റ് ട്രംപിന്റെ വാക്കുകളാണ് മാർക്ക് റുട്ട ഏറ്റുപിടിച്ചത്.
റഷ്യൻ എണ്ണ സംബന്ധിച്ച മുന്നറിയിപ്പുകളിൽ ആശങ്കയില്ലെന്നും എന്തെങ്കിലും സംഭവിച്ചാൽ അപ്പോൾ നേരിടുമെന്നും കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരിയും പറഞ്ഞു.
റീട്ടെയ്ൽ വിൽപന കുതിച്ചു; മുന്നേറി ഓഹരികൾ
പ്രതീക്ഷകളെ കടത്തിവെട്ടി ജൂണിൽ റീട്ടെയ്ൽ വിൽപന മുന്നേറിയെന്ന റിപ്പോർട്ടും കോർപറേറ്റ് കമ്പനികളുടെ മികച്ച പ്രവർത്തനഫലവും കരുത്താക്കി യുഎസ് ഓഹരി സൂചികകൾ നടത്തിയത് വൻ മുന്നേറ്റം. എസ് ആൻഡ് പി500 സൂചിക 0.54%, നാസ്ഡാക് 0.75%, ഡൗ ജോൺസ് 0.52% എന്നിങ്ങനെ കയറി.
എസ് ആൻഡ് പി500 വ്യാപാരം പൂർത്തിയാക്കിയത് റെക്കോർഡ് ഉയരത്തിൽ.
മികച്ച ജൂൺപാദ പ്രവർത്തഫലങ്ങൾ പുറത്തുവിട്ട പെപ്സികോയുടെ ഓഹരി 7%, യുണൈറ്റഡ് എയർലൈൻസിന്റേത് 3% എന്നിങ്ങനെ മുന്നേറി.
നെറ്റ്ഫ്ലിക്സിന്റെ വരുമാനം പ്രവനങ്ങളെ കടത്തിവെട്ടി 16% കുതിച്ചെങ്കിലും ഓഹരി 1.86% ഇടിഞ്ഞു. യുഎസിൽ സമ്പദ്വ്യവസ്ഥയുടെ വളർച്ചാ സൂചകങ്ങളിലൊന്നായ റീട്ടെയ്ൽ സെയിൽസ് ജൂണിൽ 0.6% ഉയർന്നതും ഓഹരികൾക്ക് ഉണർവായി.
മേയിൽ വിൽപന 0.9% ഇടിഞ്ഞിരുന്നു.
അരി വില കുറഞ്ഞു; ജപ്പാന് വൻ ആശ്വാസം
സാമ്പത്തിക മാന്ദ്യത്തിന്റെ പടിവാതിലിൽ നിൽക്കുന്ന ജപ്പാന് താൽക്കാലിക ആശ്വാസം പകർന്ന് ജൂണിലെ പണപ്പെരുപ്പക്കണക്ക്. മേയിലെ 29-മാസത്തെ ഉയരമായ 3.7 ശതമാനത്തിൽ നിന്ന് ജൂണിൽ 3.3 ശതമാനത്തിലേക്ക് പണപ്പെരുപ്പം കുറഞ്ഞു.
ഏറ്റവുമധികം ആശങ്കവിതച്ച അരിവില കുറഞ്ഞതും ആശ്വാസമാണ്. മേയിലെ 101.7 ശതമാനത്തിൽ നിന്ന് 100.2 ശതമാനത്തിലേക്കാണ് അരിവില നിലവാരം താഴ്ന്നത്.
വിളവെടുപ്പ് മോശമായതോടെ മുൻമാസങ്ങളിൽ ജപ്പാനിൽ അരിക്ഷാമം രൂക്ഷമാവുകയും വില കത്തിക്കയറുകയും ചെയ്തിരുന്നു.
ട്രംപ് പറഞ്ഞാലും രാജിവയ്ക്കില്ലെന്ന് പവൽ
യുഎസിൽ പ്രസിഡന്റ് ട്രംപും കേന്ദ്രബാങ്കായ ഫെഡറൽ റിസർവിന്റെ ചെയർമാൻ ജെറോം പവലും തമ്മിലെ ഭിന്നത അതിരൂക്ഷം. ട്രംപ് പറഞ്ഞാലും രാജിവയ്ക്കില്ലെന്നും തന്നെ പുറത്താക്കാനുള്ള അധികാരം ട്രംപിനില്ലെന്നും പവൽ തുറന്നടിച്ചു.
ട്രംപിന് പുറത്താക്കാൻ അധികാരമില്ലെന്നാണോ പറയുന്നതെന്ന മാധ്യമങ്ങളുടെ ആവർത്തിച്ചുള്ള ചോദ്യത്തിന് പവലിന്റെ മറുപടി ഇങ്ങനെ: ‘‘പദവിയിൽ 4 വർഷത്തെ കാലാവധി ഭരണഘടന എനിക്ക് അനുവദിച്ചിട്ടുണ്ട്. അതു പൂർത്തിയാകുന്ന 2026 മേയ് വരെ ഞാൻ തുടരും.
എന്നെ പുറത്താക്കാൻ ട്രംപിന് കഴിയില്ല’’.
തുടർച്ചയായി ആവശ്യപ്പെട്ടിട്ടും പവൽ പലിശനിരക്ക് കുറയ്ക്കാത്തതിലാണ് ട്രംപിന്റെ അമർഷം. പവലിനെ പുറത്താക്കാൻ ട്രംപിന് റിപ്പബ്ലിക്കൻ പ്രതിനിധികൾ അനുമതി നൽകിയെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.
പവലിന്റെ പകരക്കാരനെ തേടുകയാണിപ്പോൾ ട്രംപ്. യുഎസ് ഫെഡിന്റെ മുൻ ഗവർണർ കെവിൻ വാർഷിനാണ് സാധ്യതയേറെ.
അതേസമയം, പവലിനെ പുറത്താക്കിയാൽ യുഎസ് ഓഹരി വിപണി തകരുമെന്ന വിലയിരുത്തലുകൾ ശക്തമാണ്.
അതേസമയം, ജാപ്പനീസ് ഓഹരി വിപണിയായ നിക്കേയ് 0.32% നഷ്ടത്തിലാണുള്ളത്. ഓസ്ട്രേലിയൻ സൂചികയായ എഎസ്എക്സ്200 0.58% ഉയർന്ന് റെക്കോർഡിലെത്തി.
ചൈനയുടെ ഷാങ്ഹായ് 0.15%, ഹോങ്കോങ് സൂചിക 0.95% എന്നിങ്ങനെ ഉയർന്നു. ദക്ഷിണ കൊറിയയുടെ കോസ്പി 0.62% നഷ്ടത്തിലായി.
യൂറോപ്പിൽ എഫ്ടിഎസ്ഇ 0.52% നേട്ടത്തിലാണുള്ളത്.
റിലയൻസിന്റെ പ്രവർത്തനഫലം ഇന്ന്
യുഎസ് ഓഹരി വിപണികളുടെ ആവേശം ഇന്ത്യയിലും അലയടിക്കുമോ? ഇന്നു രാവിലെ ഗിഫ്റ്റ് നിഫ്റ്റി 50 പോയിന്റ് കയറിയെങ്കിലും പിന്നീട് താഴേക്കിറങ്ങി. ഇന്നലെ നിഫ്റ്റി 100 പോയിന്റ് (-0.4%) നഷ്ടത്തോടെ 25,111ലും സെൻസെക്സ് 375 പോയിന്റ് (-0.45%) താഴ്ന്ന് 82,259ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
സമ്മർദം ഇന്നും തുടരാമെങ്കിലും തിരിച്ചുകയറാമെന്ന പ്രതീക്ഷകളുമുണ്ട്.
ചാഞ്ചാട്ടത്തിന്റെ അഥവാ നിക്ഷേപകർക്കിടയിൽ സമ്മർദമുണ്ടെന്ന് സൂചിപ്പിക്കുന്ന സൂചികയായ ഇന്ത്യ വിക്സ് 15 മാസത്തെ താഴ്ചയായ 11.2 എത്തിയത് ഓഹരികൾ കുതിച്ചേക്കാമെന്ന പ്രതീക്ഷ നൽകുന്നു.
റിലയൻസ് ഇൻഡസ്ട്രീസ്, ജിയോ, ജെഎസ്ഡബ്ല്യു സ്റ്റീൽ, ബന്ധൻബാങ്ക്, എൽ ആൻഡ് ടി ഫിനാൻസ്, ഇന്ത്യൻ ഓവർസീസ് ബാങ്ക്, റിലയൻസ് പവർ, ഇന്ത്യ സിമന്റ്സ് തുടങ്ങിയവയുടെ പ്രവർത്തനഫലം ഇന്നറിയാമെന്നതും നിക്ഷേപകരുടെ ചങ്കിടിപ്പേറ്റുന്നു. കണക്കുകൾ നിരാശപ്പെടുത്തിയാൽ ഓഹരി വിപണിക്കത് വൻ തിരിച്ചടിയാകും.
ഇന്നലെ കണക്കുപുറത്തുവിട്ട
ആക്സിസ് ബാങ്കിന്റെ ലാഭം 3.8% കുറഞ്ഞു. വിപ്രോ 9.9% ലാഭവർധന കുറിച്ചു.
ജിയോ ഫിനാൻസിന്റെ ലാഭം 3.8% ഉയർന്നു. ടാറ്റാ കമ്യൂണിക്കേഷൻസിന്റെ ലാഭം ഇടിഞ്ഞത് 42.9%.
കേരളക്കമ്പനിയായ സൗത്ത് ഇന്ത്യൻ ബാങ്കിന്റെ ലാഭം 9.46% ഉയർന്നിട്ടുണ്ട്.
സ്വർണം താഴേക്ക്; എണ്ണ മുന്നോട്ട്
സ്വർണവില ഏതാനും ദിവസങ്ങളായി കനത്ത ചാഞ്ചാട്ടത്തിലാണ്. ഇപ്പോൾ രാജ്യാന്തര വിലയുള്ളത് 10 ഡോളർ താഴ്ന്ന് ഔൺസിന് 3,343 ഡോളറിൽ.
കേരളത്തിൽ ഇന്ന് വില സ്ഥിരത പുലർത്താനോ നേരിയ കുറവ് രേഖപ്പെടുത്താനോ ആണ് സാധ്യത. ചൈന, യുഎസ് എന്നിവിടങ്ങളിൽ നിന്നുള്ള മികച്ച ഡിമാൻഡ്, പിശ്ചിമേഷ്യയിലെ സംഘർഷഭീതി എന്നിവയുടെ പശ്ചാത്തലത്തിൽ ക്രൂഡ് ഓയിൽ വില പോസിറ്റീവായി നിൽക്കുന്നു.
ബാരലിന് 0.1-0.3% നേട്ടവുമായി 67.55-69.54 ഡോളർ നിലവാരത്തിലാണ് ഇപ്പോൾ വിലയുള്ളത്.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
(Disclaimer: ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട്/ക്രിപ്റ്റോകറൻസി മുതലായവ വാങ്ങാനോ വില്ക്കാനോ ഉള്ള നിര്ദേശമോ ഉപദേശമോ അല്ല. ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്.
നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള് സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്റെ ഉപദേശം തേടുകയോ ചെയ്യുക) …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]