
പുതുപ്പള്ളി ∙ ഉമ്മൻ ചാണ്ടിയുടെ രണ്ടാം ചരമവാർഷിക ദിനം ഇന്ന്. പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് വലിയപള്ളി ഗ്രൗണ്ടിലെ പന്തലിൽ രാവിലെ 9നു പൊതുസമ്മേളനം ആരംഭിക്കും.
9.45ന് ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി പുഷ്പാർച്ചന നടത്തും. തുടർന്ന് രാഹുൽ പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിലെത്തും.
അതിനുശേഷം പൊതുസമ്മേളനത്തിൽ പങ്കെടുക്കും.
കെപിസിസിയുടെ ജീവകാരുണ്യ പദ്ധതി ‘സ്മൃതിതരംഗം’ ഇന്നത്തെ സമ്മേളനത്തിൽ ഉദ്ഘാടനം ചെയ്യും. മത,സാമുദായിക, സംഘടന നേതാക്കളും പങ്കെടുക്കും.
കുമരകത്താണ് രാഹുലിന്റെ താമസം. ഇന്നു രാവിലെ കുമരകത്തു നിന്നു റോഡ് മാർഗം പുതുപ്പള്ളിയിലേക്ക് എത്തും.
ചടങ്ങുകൾ
6.30നു പ്രഭാതനമസ്കാരം, 7നു കുർബാന – പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ കാർമികത്വം വഹിക്കും. ഡോ.
യൂഹാനോൻ മാർ ദിയസ്കോറസ്, യൂഹാനോൻ മാർ പോളിക്കാർപ്പോസ് സഹകാർമികരാകും. 8.15നു കല്ലറയിൽ പ്രാർഥന, 8.30നു പള്ളിയോട് ചേർന്ന വടക്കേ പന്തലിൽ പ്രഭാതഭക്ഷണം.
പങ്കെടുക്കുന്ന പ്രമുഖർ
എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ, കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, നേതാക്കളായ എം.എം.ഹസൻ, കെ.മുരളീധരൻ, എംപിമാരായ കെ.സുധാകരൻ കൊടിക്കുന്നേൽ സുരേഷ്, ആന്റോ ആന്റണി, ഫ്രാൻസിസ് ജോർജ്, എംഎൽഎമാരായ പി.ജെ.ജോസഫ്, തിരുവഞ്ചൂർ രാധാകൃഷ്ണൻ, മോൻസ് ജോസഫ്, പി.സി.വിഷ്ണുനാഥ്, ഷാഫി പറമ്പിൽ.
സുരക്ഷയ്ക്ക് 500 പൊലീസുകാർ
പുതുപ്പള്ളിയിലെ സുരക്ഷാച്ചുമതലക്കായി 500 പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചതായി ജില്ലാ പൊലീസ് മേധാവി എ.ഷാഹുൽഹമീദ് അറിയിച്ചു.
അഞ്ച് ഡിവൈഎസ്പിമാർക്കാണ് മേൽനോട്ട ചുമതല.
പാർക്കിങ് ക്രമീകരണം
പുതുപ്പള്ളിയിൽ സമ്മേളനത്തിൽ പങ്കെടുക്കുന്നവരുമായി തെങ്ങണ ഭാഗത്ത് നിന്നും എത്തിച്ചേരുന്ന വാഹനങ്ങൾ എരമല്ലൂർ കലുങ്കിന് സമീപമുള്ള ഗ്രൗണ്ടിലും ഗ്രീൻവാലി ക്ലബ് ഗ്രൗണ്ടിലും പാർക്ക് ചെയ്യണം. കോട്ടയം, മണർകാട്, കറുകച്ചാൽ ഭാഗത്തുനിന്ന് എത്തുന്നവരുടെ വാഹനങ്ങൾ നിലയ്ക്കൽ പള്ളി ഗ്രൗണ്ട്, ഡോൺ ബോസ്കോ സ്കൂൾ ഗ്രൗണ്ട്, ഗവ വിഎച്ച്എസ്എസ് സ്കൂൾ ഗ്രൗണ്ട്, ജോർജിയൻ പബ്ലിക് സ്കൂൾ ഗ്രൗണ്ട് എന്നിവിടങ്ങളിലും പാർക്ക് ചെയ്യണം.
പാലൂർപ്പടി – പുതുപ്പള്ളി റോഡിൽ ആംബുലൻസ്, ഫയർഫോഴ്സ് തുടങ്ങി അവശ്യ സർവീസ് വാഹനങ്ങൾക്ക് മാത്രമായി നിയന്ത്രണം ഏർപ്പെടുത്തി റോഡിൽ പാർക്കിങ് നിരോധിച്ചു.
പുതുപ്പള്ളി ജംക്ഷൻ-എരമല്ലൂർ കലുങ്ക് റോഡിലും അങ്ങാടി- കൊട്ടാരത്തുംകടവ് റോഡിലും പാർക്കിങ് നിരോധിച്ചു.
ഗതാഗത ക്രമീകരണം ഇന്നുരാവിലെ 8.30 മുതൽ 12 വരെ
∙ കോട്ടയത്തു നിന്നും പുതുപ്പള്ളി, കറുകച്ചാൽ, തെങ്ങണ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ ലോഗോസ് ജംക്ഷൻ, പൊലീസ് ക്ലബ്, റബർ ബോർഡ്, കഞ്ഞിക്കുഴി, മണർകാട് വഴി കാഞ്ഞിരത്തുംമൂട്ടിൽ നിന്നും ഇടത്തേക്ക് തിരിഞ്ഞ് ആറാട്ടുചിറ, നാരകത്തോട്, വെട്ടത്തുകവല, കൈതേപ്പാലം വഴി പോകണം.
∙കോട്ടയം ഭാഗത്തുനിന്നും കാഞ്ഞിരപ്പള്ളി, മുണ്ടക്കയം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ ലോഗോസ് ജംക്ഷൻ, പൊലീസ് ക്ലബ്, റബർ ബോർഡ് വഴി കഞ്ഞിക്കുഴിയിൽ എത്തി കെകെ റോഡ് വഴി പോകണം.
∙ അയർക്കുന്നം, കിടങ്ങൂർ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ ലോഗോസ് ജംക്ഷൻ, പൊലീസ് ക്ലബ് വഴി, ഇറഞ്ഞാൽ ജംക്ഷനിൽ നിന്നും ഇടത്തേക്ക് തിരിഞ്ഞ് കൊശമറ്റം കവല വഴി പോകണം.
∙ കൊശമറ്റം കവല ഭാഗത്തു നിന്നും കലക്ടറേറ്റ് ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ കൊശമറ്റം കവലയിൽ നിന്നും തിരിഞ്ഞ് വട്ടമൂട് റോഡ് വഴി പോകണം.
∙ തെങ്ങണ ഭാഗത്തു നിന്നു കോട്ടയം ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ ഞാലിയാകുഴി ജംക്ഷനിൽ നിന്നും ഇടത്തേക്ക് തിരിഞ്ഞ് പരുത്തുംപാറ, ചിങ്ങവനം വഴി പോകണം.
∙ തെങ്ങണ ഭാഗത്തുനിന്നും മണർകാട്, അയർക്കുന്നം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ ഞാലിയാകുഴി ജംക്ഷനിൽ നിന്നു കൈതേപ്പാലം ജംക്ഷനിൽ എത്തി പുതുപ്പള്ളി, കാഞ്ഞിരത്തുംമൂട് വഴി പോകണം.
∙ പാറക്കൽകടവ്, നാൽക്കവല, ദിവാൻകവല, മൂലേടം ഭാഗത്ത് നിന്നും കോട്ടയം ടൗണിൽ എത്തേണ്ട വാഹനങ്ങൾ ദിവാൻകവല, റെയിൽവേ ഓവർബ്രിഡ്ജ് വഴി മണിപ്പുഴയിലെത്തി കോട്ടയം ഭാഗത്തേക്ക് പോകണം.
ഹൃദയത്തിൽ തുന്നിച്ചേർത്ത ആത്മബന്ധം
കോട്ടയം ∙‘‘മുഖ്യമന്ത്രിയായപ്പോൾ തിരുവല്ലയിലെ സ്വീകരണം കഴിഞ്ഞതോടെ ഉമ്മൻ ചാണ്ടി സാറിന്റെ ഉടുപ്പിന്റെ മുഴുവൻ ബട്ടൺസും പൊട്ടിപ്പോയി.
കാറിൽ കയറിയ ഉടനെ എനിക്ക് ഫോൺ വന്നു. പുതിയ ഷർട്ടുമായി കൊല്ലാട് കവലയിൽ എത്താൻ.
അവിടെ എത്തിയപ്പോൾ ഷർട്ട് ഊരി കയ്യിൽ പിടിച്ച് കാറിൽ ഇരിക്കുന്ന സാറിനെയാണ് കണ്ടത്.
പുതിയ ഉടുപ്പ് കാറിലിരുന്ന് ധരിച്ചു. പിറ്റേ ആഴ്ചയിൽ പഴയ ഷർട്ടിന്റെ കാര്യം അദ്ദേഹം തിരക്കി. ബട്ടൺസുകൾ മുഴുവൻ തുന്നിച്ചേർത്ത ആ ഉടുപ്പ് അദ്ദേഹം വീണ്ടും ഉപയോഗിച്ചു’’. ഈസ്റ്റ് ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റും പള്ളം ബ്ലോക്ക് പഞ്ചായത്ത് സ്ഥിര സമിതി അധ്യക്ഷനുമായ സിബി ജോൺ കൈതയിലിന്റെ മനസിൽ ഇപ്പോൾ തങ്ങിനിൽക്കുന്ന ഒരു ഉമ്മൻചാണ്ടി ഓർമയാണിത്. ബെംഗളൂരുവിൽ ചികിത്സയിലിരിക്കെ അവിടേക്ക് വിളിച്ചു വരുത്തി ഉമ്മൻ ചാണ്ടി സംസാരിച്ച ചുരുക്കം ചിലരിൽ ഒരാളാണ് സിബി.
രണ്ടുതവണ ബെംഗളൂരുവിൽ പോയി ഉമ്മൻ ചാണ്ടിയെ കണ്ടു.
39 വർഷത്തെ പരിചയം. 18 വർഷം കോട്ടയത്ത് ഒപ്പമുള്ള സേവനം.
സിബിയുടെ പിതാവ് എം.ജെ. ജോൺ ( ബേബിച്ചായൻ) പഴയകാല കോൺഗ്രസ് പ്രവർത്തകനും ഉമ്മൻ ചാണ്ടിയുടെ തിരഞ്ഞെടുപ്പ് പ്രചാരകനുമായിരുന്നു.
ഓർമകൾക്ക് മരണമില്ലാതെ ഉമ്മൻ ചാണ്ടിയുടെ രണ്ടാം ചരമ വാർഷിക ദിനത്തിൽ സിബിയും. നവദമ്പതികൾക്ക് വിട്ടുകൊടുത്ത അംബാസഡർ കാർ
കോട്ടയം ∙ സ്വന്തം വിവാഹ തീയതിക്കൊപ്പം മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ അംബാസഡർ കാറിന്റെ നമ്പറും കോട്ടയം ഡിസിസി ഓഫിസ് സെക്രട്ടറി ആർ.തിലകനു (ഇളങ്കോവൻ) ഒരിക്കലും മറക്കാൻ കഴിയില്ല. 1984 ജൂൺ 3, സമയം രാവിലെ എട്ട്.
സ്ഥലം തേനി ആണ്ടിപ്പെട്ടി ജലിംഗപുത്തൂർ ക്ഷേത്രം. കോട്ടയം ഡിസിസി ഓഫിസ് സെക്രട്ടറി ആർ.തിലകന്റെയും ശെൽവിയുടെയും വിവാഹമാണ്.
എംഎൽഎമാരായ ഉമ്മൻചാണ്ടിയും, കെ.കെ.തോമസും വിവാഹത്തിൽ സംബന്ധിക്കാനെത്തി.
ക്ഷേത്രത്തിലെ ചടങ്ങുകൾ കഴിഞ്ഞ് തിലകനും വധുവിനും വീട്ടിലേക്കു പോകാനായി വാൻ ഏർപ്പാടാക്കിയിരുന്നു. വാൻ സ്റ്റാർട്ടാകാതെ വന്നതോടെ ഉമ്മൻ ചാണ്ടിയുടെ അംബാസഡർ കെആർഇ 3233 നവദമ്പതികൾക്കു വീട്ടിലേക്കു പോകാൻ വിട്ടുനൽകി.
ഉമ്മൻ ചാണ്ടിയും കെ.കെ.തോമസും ജലിംഗപുത്തൂർ ക്ഷേത്ര പരിസരത്ത് കാർ തിരികെ എത്തുന്നതു കാത്തിരുന്നു.
നവദമ്പതിമാരെ വീട്ടിലെത്തിച്ച ശേഷം ഡ്രൈവർക്കു ക്ഷേത്രത്തിലേക്ക് എത്താനുള്ള വഴിതെറ്റി. സമയം കഴിഞ്ഞിട്ടും വാഹനം എത്താതെ വന്നതോടെ ഉമ്മൻചാണ്ടി മൂന്ന് കിലോമീറ്റർ നടന്ന് ആണ്ടിപ്പെട്ടി ജംക്ഷനിലെത്തിയപ്പോൾ വഴിതെറ്റിയ അംബാസഡറും അവിടെ കിടക്കുന്നു.
യാത്ര തുടരുന്നതിനിടെ വാഹനത്തിനു തകരാർ. തുടർന്നു കുമളിയിൽ നിന്നു പാർട്ടി പ്രവർത്തകർ മറ്റൊരു വാഹനം എത്തിച്ച് ഉമ്മൻചാണ്ടി യാത്ര തുടർന്നുവെന്നു തിലകൻ ഓർമിക്കുന്നു.
ജീവകാരുണ്യ പ്രവർത്തനങ്ങളുമായി മന്ന ചാരിറ്റബിൾ ട്രസ്റ്റ്
കോട്ടയം ∙ ഉമ്മൻ ചാണ്ടിയുടെ രണ്ടാം ചരമവാർഷികത്തോടനുബന്ധിച്ച് മന്ന ചാരിറ്റബിൾ ട്രസ്റ്റ് വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തും.
ഇന്നു വൈകിട്ട് 6നു കോട്ടയം മെഡിക്കൽ കോളജിൽ സൗജന്യ ഭക്ഷണവിതരണം. നാളെ 12നു കോട്ടയം ജില്ലാ ആശുപത്രിയിൽ സൗജന്യ ഭക്ഷണ വിതരണം, 3ന് നവജീവനിൽ ഒരു ദിനം, തുടർന്ന് അനുസ്മരണ സമ്മേളനം.
20നു ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രിയുമായി ചേർന്ന് കുറുമ്പനാടം സെന്റ് ആന്റണീസ് പള്ളിയിൽ സൗജന്യ മെഡിക്കൽ ക്യാംപ്. 26നു തിരുവനന്തപുരത്ത് സൗജന്യ തയ്യൽ മെഷീൻ വിതരണം.
27നു തിരുവനന്തപുരത്ത് ഉമ്മൻ ചാണ്ടി ഭവനത്തിന്റെ തറക്കല്ലിടും.
ഓഗസ്റ്റ് 2നു പത്തനംതിട്ടയിൽ സൗജന്യ വീൽചെയർ വിതരണവും നടത്തും.2012ൽ ഉമ്മൻ ചാണ്ടിയുടെ പ്രത്യേക താൽപര്യ പ്രകാരം തിരുവനന്തപുരം ആസ്ഥാനമാക്കി പ്രവർത്തനമാരംഭിച്ച മന്ന ചാരിറ്റബിൾ ട്രസ്റ്റ് കേരളത്തിലെ എല്ലാ ജില്ലകളിലും വിവിധങ്ങളായ സേവനപ്രവർത്തനങ്ങൾ നടത്തുന്നുണ്ട്.
ഉമ്മൻ ചാണ്ടിയുടെ മരണശേഷം ഭാര്യ മറിയാമ്മ ഉമ്മനും മകൾ ഡോ. മറിയ ഉമ്മനും ചേർന്നു ട്രസ്റ്റിന്റെ പ്രവർത്തനങ്ങൾ വിപുലപ്പെടുത്തി.
14 ജില്ലകളിലും സൗജന്യ മെഡിക്കൽ ക്യാംപ് നടത്തുകയാണു ലക്ഷ്യമെന്നും ഇതിനോടകം 9 ജില്ലകളിൽ ക്യാംപുകൾ നടന്നെന്നും സംഘാടകരായ സോബിച്ചൻ കണ്ണമ്പള്ളി, അമൽ ജി.പോൾ, റോണി കുരുവിള, ഡാനി രാജു എന്നിവർ പറഞ്ഞു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]