
ഇറ്റുതീരുംവരെ മനുഷ്യർക്കായി നിന്ന നേതാവാണ് ഉമ്മൻ ചാണ്ടി’– പി.സി.വിഷ്ണുനാഥിന്റെ ശബ്ദത്തിൽ ഇടർച്ച. ഷാഫി പറമ്പിലിന്റെയും രാഹുൽ മാങ്കൂട്ടത്തിലിന്റെയും മുഖങ്ങൾ വികാരനിർഭരമായി.
ഉമ്മൻ ചാണ്ടിയുടെ രണ്ടാം ചരമവാർഷികവേളയിൽ ആ ഓർമകൾ പങ്കിടുകയായിരുന്നു ഷാഫി പറമ്പിൽ എംപിയും എംഎൽഎമാരായ വിഷ്ണുനാഥും രാഹുൽ മാങ്കൂട്ടത്തിലും.
ഉമ്മൻ ചാണ്ടി എന്ന പാഠപുസ്തകം അടുത്തുനിന്നു പഠിച്ച ഇവർ പറയുന്നു; ഉമ്മൻ ചാണ്ടി പകർന്ന പാഠങ്ങളെന്ത്? ഉമ്മൻ ചാണ്ടി എങ്ങനെ തുടരും?
വിഷ്ണുനാഥ് ഒരു സംഭവം ഓർമിച്ചു: ‘അദ്ദേഹത്തിന്റെ ആരോഗ്യം മോശം അവസ്ഥയിലേക്കു പോകുന്ന കാലം. ഓരോ ദിവസവും നിയമസഭ പിരിയുമ്പോൾ കാറിൽ കയറ്റിവിടാനായി ഞാനും കൂടെപ്പോകുമായിരുന്നു.
ഒരു ദിവസം എന്നോടും ഷാഫിയോടും കൂടെക്കയറാൻ പറഞ്ഞു. തൈക്കാട് ഗെസ്റ്റ് ഹൗസിലേക്കാണ് യാത്ര.
അവിടെ കേന്ദ്രമന്ത്രി വി.മുരളീധരനുണ്ട്. യെമനിൽ ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ കാര്യത്തിൽ ഇടപെടൽ നടത്താനാണ് ആ യാത്ര.
പാലക്കാടുനിന്ന് നെന്മാറ എംഎൽഎ കെ.ബാബുവിനൊപ്പം നിമിഷപ്രിയയുടെ അമ്മയെയും ഉമ്മൻ ചാണ്ടി അവിടെ എത്തിച്ചിരുന്നു. കേന്ദ്രമന്ത്രി വരുന്നത് അറിഞ്ഞ് തന്റെ ആരോഗ്യാവസ്ഥ പോലും കണക്കിലെടുക്കാതെ ഒരു സംഘമായി ചെന്ന് കാര്യം അവതരിപ്പിക്കാനാണ് ഉമ്മൻ ചാണ്ടി തന്നെ നേരിട്ടിറങ്ങിയത്.
ഇതു മുഖ്യമന്ത്രിയുടെ മുറിയോ; ഞെട്ടി സച്ചിൻ !!
ഇന്ത്യൻ സൂപ്പർ ലീഗ് ആരംഭിക്കുന്ന സമയം. കേരള ബ്ലാസ്റ്റേഴ്സ് ടീം ഉടമയും ക്രിക്കറ്റ് ഇതിഹാസവുമായ സച്ചിൻ തെൻഡുൽക്കർ തിരുവനന്തപുരത്ത് എത്തുന്നു.
കേരള ബ്ലാസ്റ്റേഴ്സ് ടീമിന് അടിസ്ഥാന സൗകര്യം ഒരുക്കണമെന്ന ആവശ്യവുമായാണ് സച്ചിന്റെ വരവ്. സെക്രട്ടേറിയറ്റിന്റെ മുന്നിൽ സച്ചിനെ കാണാൻ വലിയൊരു ആൾക്കടൽ.
അതുംകടന്ന് മുഖ്യമന്ത്രിയുടെ മുറിയിൽ എത്തിയപ്പോൾ അവിടെ മറ്റൊരു ആൾക്കൂട്ടം! ഇങ്ങനെ ഒരു മുഖ്യമന്ത്രിയുടെ മുറി താൻ കണ്ടിട്ടേയില്ലെന്നായി സച്ചിൻ.
മുഖ്യമന്ത്രിയോട് ആവശ്യങ്ങൾ പറയാൻ എത്തിയവർ സോഫയിൽ ഇരിക്കുന്നു. അവരെ എഴുന്നേൽപ്പിക്കാൻ വിഷ്ണുനാഥും ഷാഫിയും ശ്രമിച്ചു.
ഇതു കണ്ട
ഉമ്മൻ ചാണ്ടി ആ സോഫയിൽ ചെന്നിരുന്ന് അവരോട് ആദ്യം സംസാരിച്ചു. അതുകഴിഞ്ഞ് സച്ചിനെ കാണാനെത്തി.
പ്രാക്ടീസ് ഗ്രൗണ്ട് വേണമെന്ന ആവശ്യമാണ് സച്ചിൻ ഉന്നയിച്ചത്. കൊച്ചിയിൽ സ്ഥലമില്ല.
തൃശൂരിലെ കോർപറേഷൻ സ്റ്റേഡിയം വിട്ടുകൊടുക്കാൻ അപ്പോൾത്തന്നെ മുഖ്യമന്ത്രിയുടെ നിർദേശം. സച്ചിന്റെ മുന്നിൽ ഉമ്മൻ ചാണ്ടി ഒരു നിർദേശംകൂടി വച്ചു: ദേശീയ ഗെയിംസിന്റെ ബ്രാൻഡ് അംബാസഡറാകണം!!
സച്ചിൻ സന്തോഷത്തോടെ സമ്മതിച്ചു. സന്ദർഭത്തിനൊത്ത് ആവശ്യങ്ങൾ ഉന്നയിച്ച് നേടിയെടുക്കാനുള്ള ഈ പ്രായോഗിക ബുദ്ധി ആർക്കും തോന്നിയില്ല.
കോടികൾ വിലയുള്ള സച്ചിൻ എന്ന ബ്രാൻഡിനെ ഉമ്മൻ ചാണ്ടി സൗജന്യമായി സംസ്ഥാനത്തിനു വേണ്ടി വാങ്ങി!
ഉമ്മൻ ചാണ്ടി എന്ന ഭരണാധികാരി
കാരുണ്യ പ്രവർത്തനങ്ങളിലൂടെ മാത്രമാണ് ഉമ്മൻ ചാണ്ടിയെ ഇപ്പോൾ എല്ലാവരും ഓർമിക്കുന്നത്. ഉമ്മൻ ചാണ്ടിയെന്ന മികച്ച ഭരണാധികാരിയെ പലരും മറന്നുപോകുന്നതായി വിഷ്ണുനാഥും ഷാഫിയും രാഹുലും പറയുന്നു.
കൊച്ചി മെട്രോ, കണ്ണൂർ വിമാനത്താവളം, വിഴിഞ്ഞം തുറമുഖം എന്നിവ ഉമ്മൻ ചാണ്ടി തുടക്കമിട്ട് ഉദ്ഘാടനം ചെയ്യാനായി മാത്രം എൽഡിഎഫ് സർക്കാരിന് കൈമാറിയ പദ്ധതികളാണ്. കേരളത്തിൽ കായിക അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിച്ച ഭരണാധികാരിയും അദ്ദേഹമാണ്.ദേശീയ ഗെയിംസിന് പല ജില്ലകളിൽ വേദി ഒരുക്കി അവിടെയെല്ലാം കായിക സൗകര്യ വികസനത്തിന് സാഹചര്യം ഒരുക്കിയത് അദ്ദേഹത്തിന്റെ ബുദ്ധിയാണ്.
ഒരു ഘട്ടത്തിൽ ദേശീയ ഗെയിംസിന്റെ നടത്തിപ്പിനെതിരെ സിപിഎം രംഗത്തെത്തി.
എൽഡിഎഫ് ഭരണത്തിൽ എത്തിയാൽ നടപടിയുണ്ടാകുമെന്നു സിപിഎം നേതാക്കൾ പരസ്യമായി പ്രസംഗിച്ചു. അതോടെ ഉദ്യോഗസ്ഥർ ഭയന്നു, പ്രവർത്തനം താളംതെറ്റി.അപ്പോഴായിരുന്നു ഉമ്മൻ ചാണ്ടിയുടെ മാസ്റ്റർ സ്ട്രോക്ക്.
ഉദ്യോഗസ്ഥയോഗം വിളിച്ചു. ഗെയിംസ് നടത്തിപ്പിലെ എല്ലാ തീരുമാനങ്ങളുടെയും ഉത്തരവാദിത്തം മുഖ്യമന്ത്രിയെന്ന നിലയിൽ ഏറ്റെടുക്കുന്നുവെന്ന് അറിയിച്ചു. ഇക്കാര്യം യോഗത്തിന്റെ മിനിറ്റ്സിൽ രേഖപ്പെടുത്താൻ നിർദേശിച്ചു.
നടത്തിപ്പിൽ ഏതെങ്കിലും ഉദ്യോഗസ്ഥൻ വീഴ്ച വരുത്തിയാലും ഉത്തരവാദിത്തം മുഖ്യമന്ത്രിക്ക്. ആ വാക്ക് ആത്മവിശ്വാസമായി, എല്ലാവരും കൂടുതൽ ഉഷാറായി.മുഖ്യമന്ത്രിയായിരിക്കെ 5 വർഷംകൊണ്ട് കേരളത്തിൽ 8 മെഡിക്കൽ കോളേജുകൾ ആരംഭിച്ചയാളാണ് മുഖ്യമന്ത്രി.
കാര്യവട്ടത്തെ സ്റ്റേഡിയം പൂർത്തിയാക്കിയതും ഉമ്മൻചാണ്ടിയുടെ നേട്ടം തന്നെ.
ശ്രുതിതരംഗത്തിന് പ്രണാമം സ്മൃതിതരംഗം
ഉമ്മൻ ചാണ്ടി സർക്കാർ ആരംഭിച്ച ശ്രുതി തരംഗം കോക്ലിയർ ഇംപ്ലാന്റേഷൻ പദ്ധതിയുടെ തുടർച്ചയായി കെപിസിസി സ്മൃതിതരംഗം എന്ന പേരിൽ നടപ്പാക്കുന്ന പദ്ധതി ഇന്നു പ്രഖ്യാപിക്കും.കേൾവിശക്തി പരിഹരിക്കുന്നതിന് ബോൺ കണ്ടക്ഷൻ ഇംപ്ലാന്റ് നടപ്പാക്കുകയാണ് സ്മൃതിതരംഗത്തിലൂടെ. കോഴിക്കോട്ടെ ഒരു അമ്മയുടെ ചോദ്യത്തിൽനിന്നാണ് ശ്രുതിതരംഗം പദ്ധതിയുടെ തുടക്കം. കേൾവിശക്തി ഇല്ലാത്ത ഒരു കുട്ടിക്ക് ചികിത്സാ സഹായം തേടി ആ അമ്മ ഉമ്മൻ ചാണ്ടിയെ വിളിച്ചു. ഇങ്ങനെ വേറെയും കുട്ടികൾ ഉണ്ടാകില്ലേ? ഈ ചോദ്യം മുഖ്യമന്ത്രി കേട്ടതോടെയാണ് സർക്കാർ ശ്രുതിതരംഗം പദ്ധതി പ്രഖ്യാപിച്ചത്. 5 വർഷംകൊണ്ട് 630 കുട്ടികൾക്കാണ് കേൾവി വീണ്ടെടുക്കാനായത്.
ഒരു എംഎൽഎ അപ്പുറത്തുണ്ട്
2011ലെ ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് ഭരണപക്ഷത്തി ന്റെ അംഗബലം 72.
പ്രതിപക്ഷത്തിന് 68. ബില്ലുകൾ ചർച്ചയ്ക്കെടുക്കുമ്പോൾ എംഎൽഎമാരുടെ എണ്ണം പ്രധാനമാണ്. സഭയുള്ള ഓരോ ദിവസവും വെല്ലുവിളിയായിരുന്നുവെന്ന് ഷാഫിയും വിഷ്ണുവും ഓർമിക്കുന്നു.
അന്ന് സർക്കാരിനെ സഹായിക്കാൻ ഇടതുപക്ഷത്ത് ഒരു എംഎൽഎ ഉണ്ടായിരുന്നുവെന്ന് വിഷ്ണുനാഥിന്റെ വെളിപ്പെടുത്തൽ. ഏതെങ്കിലും ഭരണപക്ഷ എംഎൽഎ അവധിയെടുത്താൽ അക്കാര്യം ആ ഇടത് എംഎൽഎയെ യുഡിഎഫ് അറിയിക്കും. അന്ന് അദ്ദേഹം സഭയിൽനിന്നു വിട്ടുനിൽക്കും.
അങ്ങനെ ഭരണപക്ഷത്തെ പ്രതിസന്ധിയിലാക്കാതെ മുന്നോട്ടു കൊണ്ടുപോകാനായി–വിഷ്ണുനാഥ് പറയുന്നു. സഭാ സമ്മേളനകാലത്ത് അവധി ചോദിച്ചാൽ അപ്പുറത്തെ ഒരാളെക്കൂടി അവധിയെടുപ്പിച്ചിട്ട് പൊയ്ക്കോളൂവെന്ന് ഉമ്മൻ ചാണ്ടി തമാശയോടെ പറയുമായിരുന്നുവെന്നു ഷാഫി പറമ്പിൽ.
ഫീസ് അടച്ച ഉമ്മൻ ചാണ്ടി
തനിക്കുവേണ്ടി ഉമ്മൻ ചാണ്ടി ഫീസ് അടച്ചിട്ടുണ്ടെന്നു രാഹുൽ മാങ്കൂട്ടത്തിൽ.
2014ലാണ്. അഡ്മിഷൻ സമയം കഴിഞ്ഞു.
പിജിക്കു മാനേജ്മെന്റ് സീറ്റിൽ കയറാൻ ഒരു ലക്ഷം രൂപ ആവശ്യമുണ്ട്. അന്ന് കെഎസ്യു പത്തനംതിട്ട
ജില്ലാ പ്രസിഡന്റാവാൻ അവസരം ലഭിച്ച സമയമാണ്. ഉമ്മൻ ചാണ്ടിയെ പോയി കണ്ടു.
കോളേജ് മാനേജ്മെന്റിനെ വിളിച്ച് ഫീസ് ഇളവു ചോദിക്കുമെന്നാണ് കരുതിയത്. എന്നാൽ അദ്ദേഹം ഒരു ലക്ഷം രൂപ സംഘടിപ്പിച്ചുതന്നു.
ഇതുകൊണ്ടുപോയി ഫീസ് അടയ്ക്കാൻ ആവശ്യപ്പെട്ടു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]