
നെയ്യാറ്റിൻകര(തിരുവനന്തപുരം)∙ നെയ്യാറ്റിൻകര മേഖലയിൽ 2 ദിവസത്തിനിടെ 26 പേർക്ക് തെരുവുനായ്ക്കളുടെ കടിയേറ്റു. നായയുടെ ആക്രമണം ഭയന്നോടിയ യുവാവ് കാൽവഴുതി വീണ് കയ്യൊടിഞ്ഞു.
പഞ്ചിക്കാട്ട് പാലത്തിനു സമീപത്തും വെള്ളറട കാരക്കോണം ഭാഗത്തുമാണ് നായ്ക്കളുടെ ആക്രമണമുണ്ടായത്.
രണ്ടിടത്തും ആക്രമിച്ചത് വെവ്വേറെ നായ്ക്കളാണ്.പഞ്ചിക്കാട്ട് പാലത്തിനു സമീപം തെരുവുനായ കടിക്കാനെത്തിയപ്പോഴാണ് ഓട്ടോ ഡ്രൈവർ സതീഷ് ഓടിയത്. ഇതിനിടെ കാൽവഴുതി വീഴുകയായിരുന്നു.
മുഖം നിലത്ത് ഇടിക്കാതിരിക്കാൻ ശ്രമിക്കുന്നതിനിടെ കയ്യിലെ എല്ല് പൊട്ടി. കീഴാറൂർ പൊട്ടൻചിറയിൽ അഖിലിനും (17) വിനോദിനും (49) ശ്രീകുമാറിനും (55) തെരുവ് നായയുടെ ആക്രമണത്തിൽ കാലിനു സാരമായ പരുക്കുണ്ട്. വെള്ളറട
ഭാഗത്തു നിന്ന് ബൈക്കിൽ വരികയായിരുന്ന വിനോദിന് (46) ഇന്നലെ രാത്രി ഒൻപതരയോടെയാണ് കടിയേറ്റത്.
മാവിളക്കടവ് സ്വദേശി ഉഷ കുമാരിയെ (60) വീട്ടിനുള്ളിൽ കയറിയാണ് നായ കടിച്ചത്. കഞ്ചാംപഴിഞ്ഞി സ്വദേശി കൃഷ്ണൻ നായർ (70), ആറ്റൂർ സ്വദേശി ബിജു കുമാർ (44), പാഞ്ചിക്കാട്ട് കടവ് സ്വദേശി സന്തോഷ് (38), ചിലമ്പറ സ്വദേശി അഖിൽ (17), കീഴാറൂർ സ്വദേശി സെൽവരാജ് (61), മണ്ണാംകോണം ശ്രീകുമാർ (55), കഞ്ചാംപഴിഞ്ഞി സ്വദേശി വിജയൻ (58) തുടങ്ങിയവരും തെരുവ് നായയുടെ ആക്രമണത്തിന് ഇരയായി. വിവിധ കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ ചികിത്സ തേടിയെത്തിയ ഇവർ പിന്നീട് കുത്തിവയ്പ് എടുക്കാനും മറ്റുമായി നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ എത്തി.കറുത്ത ഒരു നായയാണ് വെള്ളറട, കാരക്കോണം ഭാഗങ്ങളിൽ ഒട്ടേറെപേരെ ആക്രമിച്ചതെന്നാണ് വിവരം. പഞ്ചായത്ത് അധികൃതരുടെ ശ്രദ്ധയിൽ ഇക്കാര്യം എത്തിച്ചെങ്കിലും നടപടിയൊന്നും സ്വീകരിച്ചില്ലെന്നാണ് ആരോപണം.
ആക്രമിച്ചതു പേവിഷബാധയുള്ള നായയാണെന്നും നാട്ടുകാർ സംശയിക്കുന്നു. ഇക്കാര്യവും സ്ഥിരീകരിച്ചിട്ടില്ല.
ആനന്ദേശ്വരത്ത് 10 പേരെ കടിച്ച വളർത്തുനായയ്ക്ക് പേവിഷബാധ
ചെമ്പഴന്തി∙ കഴിഞ്ഞദിവസം ആനന്ദേശ്വരം ഇടത്തറ പ്രദേശങ്ങളിൽ 2 കുട്ടികൾ അടക്കം 10 പേരെ കടിച്ച വളർത്തുനായയ്ക്കു പേവിഷബാധ സ്ഥിരീകരിച്ചു.
പുളിയർത്തല സ്വദേശി മുരളീധരൻ നായരുടെ(55) വളർത്തുനായയാണ് ഉടമയെ ഉൾപ്പെടെ കടിച്ചത്. കടിയേറ്റവർ എല്ലാവരും ചികിത്സ തേടിയിരുന്നു.മുരളീധരൻ നായരുടെ വീട്ടിൽ വളർത്തുന്ന നായയാണ് ബുധൻ രാവിലെ ഏഴോടെ ആക്രമണം നടത്തിയത്.
പാൽ വാങ്ങാൻ പോയ സ്ത്രീയെ ആണ് ആദ്യം കടിച്ചത്. ഓടിനടന്ന് പലരെയും കടിച്ച നായയെ പിന്നീട് കാണാതായി.
പിറ്റേന്ന് വീണ്ടും പുളിയർത്തല ഭാഗത്ത് എത്തി 2 പേരെ കടിച്ചത് അറിഞ്ഞാണ് മുരളീധരൻ നായർ നായയെ പിടികൂടാനെത്തിയത്. ഇതിനിടെ അദ്ദേഹത്തിനും കടിയേറ്റു.
കടിയേറ്റെങ്കിലും നായയെ പിടികൂടി വീട്ടിലാക്കി ഗേറ്റ് പൂട്ടി. പിന്നീട് നഗരസഭ അധികൃതരെ വിവരം അറിയിച്ചു.
നഗരസഭയിൽ നിന്ന് നായ് പിടിത്തക്കാർ എത്തി നായയെ കൊണ്ടുപോയി സ്രവം പരിശോധിച്ചപ്പോഴാണ് പേവിഷബാധ സ്ഥിരീകരിച്ചത്.
പള്ളിപ്പുറത്ത് പത്തിലേറെ പേർക്ക് കടിയേറ്റു
കഴക്കൂട്ടം∙ കണിയാപുരം പള്ളിപ്പുറം കരിച്ചാറ ഭാഗങ്ങളിൽ വിദ്യാർഥികൾ അടക്കം പത്തിലധികം പേർക്ക് തെരുവുനായയുടെ കടിയേറ്റു. സ്കൂളിൽ പോകാനായി രക്ഷിതാക്കളോടൊപ്പം കരിച്ചാറയിൽ വാഹനം കാത്തുനിന്ന അനീഷ് (6), ഒപ്പമുണ്ടായിരുന്ന അനുജൻ രണ്ടുവയസ്സുകാരൻ അക്ഷിത് അനീഷ്, സമീപത്തു നിന്ന കരിച്ചാറ സ്വദേശിയായ ശശിധരൻ (76), പള്ളിപ്പുറം സ്വദേശി ഗോമതി (78), സരസു, പള്ളിപ്പുറം എൽപി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥി കൈലാസ്(8) തുടങ്ങി പത്തിലധികം പേർക്കാണ് കടിയേറ്റത്.
വിദ്യാർഥികളുടെ തോളിലും കാലിലുമാണ് കടിയേറ്റത്. പ്രദേശത്തുള്ള ഒട്ടേറെ വളർത്തു മൃഗങ്ങൾക്കും നായയുടെ കടിയേറ്റതായി വിവരമുണ്ട്. 2 ദിവസമായി നായ ആക്രമണം തുടരുകയാണെന്നും ഇതിനെ പിടികൂടാൻ ശ്രമിച്ചെങ്കിലും നടന്നില്ലെന്നും നാട്ടുകാർ പറഞ്ഞു.കടിയേറ്റവർ വിവിധ ആശുപത്രികളിൽ ചികിത്സത്തേടുകയും കുത്തിവയ്പ് എടുക്കുകയും ചെയ്തു.
നായയെ പിടികൂടാൻ കഴിയാത്തതിനാൽ പ്രദേശത്തെ ജനങ്ങളാകെ ഭീതിയിലാണ്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]