
തിരൂർ ∙ തളരാത്ത മനസ്സും താങ്ങാൻ കുറേ കൈകളുമുള്ളപ്പോൾ ശരീരം തളർന്നാലെന്താ!. ഒന്നു മുന്നോട്ടു നീങ്ങണമെങ്കിൽ വീൽചെയർ വേണ്ടവരാണ്.
പക്ഷേ വേണമെങ്കിൽ തിരൂരിൽ നിന്ന് കോഴിക്കോട് ബീച്ചിലുമെത്തും, ചാറ്റൽമഴ കൊണ്ട് തിര മുറിച്ച് കടലിലുമിറങ്ങും. ഇന്നലെ തിരൂരിൽ നിന്ന് വീൽചെയർ ഉപയോഗിക്കുന്ന 80 പേരാണ് പോയത്.
എല്ലാവരും കിൻഷിപ്പിലെ അംഗങ്ങൾ. ശരീരം തളർന്നവർക്കു വേണ്ടി തിരൂരിൽ പ്രവർത്തിക്കുന്ന സംഘടനയാണ് കിൻഷിപ്.
എല്ലാക്കൊല്ലവും വീൽചെയർ ഉപയോഗിക്കുന്ന തങ്ങളുടെ അംഗങ്ങൾക്കു വേണ്ടി കിൻഷിപ് ഒരു യാത്ര സംഘടിപ്പിക്കാറുണ്ട്.
ഇത്തവണയത് കോഴിക്കോട്ടേക്കായി. 3 ബസുകളിൽ ഇന്നലെ രാവിലെ യാത്ര തുടങ്ങി.
കൈപിടിച്ച് കൂട്ടുകൂടി നടക്കാൻ സ്നേഹതീരം വൊളന്റിയർമാരുണ്ടായിരുന്നു. അങ്ങനെ എല്ലാവരുമായി 180 പേർ കോഴിക്കോട് പ്ലാനറ്റേറിയത്തിലെത്തി.
ആകാശക്കാഴ്ചകളെല്ലാം കണ്ട ശേഷം നേരെ കോഴിക്കോട് ലുലു മാളിലേക്ക്.
അവിടെ ഗംഭീര സ്വീകരണം. വീൽചെയറിലായി പോയിട്ടും പൊട്ടിച്ചിരിക്കുന്ന ഒട്ടേറെ മുഖങ്ങളെ കണ്ടതോടെ മാളിലുണ്ടായിരുന്നവർക്കും അദ്ഭുതം.
ഉച്ചഭക്ഷണം മാളിന്റെ വകയായിരുന്നു.
പിന്നെ കോഴിക്കോട് നഗരത്തിലൊക്കെ ചുറ്റിയടിച്ച് നേരെ ബീച്ചിലേക്ക്. തിരൂരിൽ നിന്ന് സംഘമെത്തുന്ന വിവരമറിഞ്ഞ് ട്രാഫിക് പൊലീസ് ബീച്ചിനടുത്ത് 3 ബസുകൾക്ക് പാർക്ക് ചെയ്യാനുള്ള സ്ഥലം നേരത്തെ വേർതിരിച്ചിട്ടിരുന്നു.
വന്നിറങ്ങിയതോടെ പൊലീസും ബീച്ചിലുണ്ടായിരുന്ന പലരും സഹായത്തിനെത്തി. പിന്നെ കടലും തിരയും തൊടാനുള്ള ആഗ്രഹമായിരുന്നു.
കൂടെയുള്ളവരും സ്നേഹതീരം വൊളന്റിയർമാരും ചേർന്ന് അതും നടത്തിക്കൊടുത്തു. രാത്രി 11 മണിയോടെയാണ് എല്ലാവരും തിരിച്ച് തിരൂരിലെത്തിയത്.
തീരം തേടി എന്ന പേരിലാണ് കിൻഷിപ് യാത്ര സംഘടിപ്പിച്ചത്. ഫൈസൽ പുല്ലൂരാണ് ഫ്ലാഗ് ഓഫ് ചെയ്തത്.
നാസർ കുറ്റൂർ, അബ്ദുൽ ഫസൽ, ദിലീപ് അമ്പായത്തിൽ എന്നിവരാണ് യാത്രയ്ക്ക് നേതൃത്വം നൽകിയത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]