ബോവിക്കാനം ∙ ബാവിക്കര അമ്മങ്കല്ലിൽ പുലിയിറങ്ങി വളർത്തുനായയെ കടിച്ചുകൊന്നു. എ.സിന്ധുവിന്റെ വീട്ടിലെ വളർത്തുനായയെ ആണ് പുലി കടിച്ചു കൊന്നത്.വയർ കടിച്ചുകീറി കുടൽ പുറത്തെടുത്ത നിലയിലാണ്.
കുറെ ഭാഗം തിന്നുകയും ചെയ്തിട്ടുണ്ട്. ചങ്ങലയിൽ കെട്ടിയിട്ടതിനാൽ കടിച്ചു കൊണ്ടുപോകാൻ കഴിഞ്ഞില്ല.
കൂടിന്റെ പുറത്ത് ചങ്ങലയിലാണ് നായയെ കെട്ടിയിട്ടിരുന്നത്.
രാവിലെ വീട്ടുകാർ എഴുന്നേറ്റ് നോക്കിയപ്പോഴാണ് നായയുടെ ജഡം കണ്ടത്. രാത്രി ശക്തമായ മഴ ആയിരുന്നതിനാൽ ശബ്ദമൊന്നും കേട്ടിരുന്നില്ല.
ഇതിന്റെ സമീപത്ത് മണ്ണിൽ പുലിയുടെ കാൽപാടുകൾ പതിഞ്ഞിട്ടുണ്ട്. വനംവകുപ്പ് ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തു.
വലിയ പുലിയാണെന്നു വ്യക്തമാക്കുന്നതാണ് കാൽപാടുകൾ. ആദ്യമായാണ് ഈ ഭാഗത്ത് പുലിയിറങ്ങുന്നത്.
വനംവകുപ്പ് ആർആർടി സംഘം സ്ഥലത്ത് എത്തി. ഡപ്യൂട്ടി റേഞ്ച് ഓഫിസർ എൻ.വി.സത്യൻ, സെക്ഷൻ ഓഫിസർമാരായ എം.കെ.ബാബു, കെ.ജയകുമാരൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് എത്തിയത്.
പുലിയുടെ സാന്നിധ്യം ഔദ്യോഗികമായി സ്ഥിരീകരിക്കുന്നതിനായി ഇവിടെ നിരീക്ഷണ ക്യാമറ സ്ഥാപിച്ചു.
നായയുടെ ജഡം മറവ് ചെയ്തിട്ടില്ല. പുലിയുടെ സ്വഭാവരീതി അനുസരിച്ച്, ബാക്കിയായ ജഡം ഭക്ഷിക്കാൻ വീണ്ടും എത്താൻ സാധ്യതയുള്ളതിനാലാണ് ക്യാമറ സ്ഥാപിച്ചത്.കൊളത്തൂർ ആവലുങ്കാലിൽ നിന്ന് കഴിഞ്ഞ ഫെബ്രുവരി 23 നും മാർച്ച് 26 നുമായി രണ്ട് പുലികളെ വനംവകുപ്പ് കൂടുവച്ച് പിടികൂടിയതിനു ശേഷം ആദ്യമായാണ് ഇത്തരത്തിലുള്ളൊരു ആക്രമണം ഉണ്ടാകുന്നത്.
പലയിടത്തും പുലിയെ കണ്ടതായി നാട്ടുകാർ പറഞ്ഞിരുന്നെങ്കിലും വളർത്തുമൃഗങ്ങളെ കൊല്ലുന്നതിലേക്ക് എത്തിയിരുന്നില്ല.ഒരാഴ്ച മുൻപ് ചമ്പിലാംകൈയിലെ ഇ.ബി.കൃഷ്ണരാജിന്റെ വീട്ടിലെ പട്ടിയെ പുലി പിടിച്ചിരുന്നു.
വീട്ടുകാർ ടോർച്ചടിച്ച് ബഹളമുണ്ടാക്കിയതോടെയാണ് അതിനെ ഉപേക്ഷിച്ച് പോയത്. പട്ടിയുടെ കഴുത്തിന് ആഴത്തിൽ പരുക്കേറ്റിരുന്നു.
ഇന്നലെ രാത്രി 3 പുലികളെ കണ്ടെന്ന് നാട്ടുകാർ
കാറഡുക്ക പതിമൂന്നാം മൈലിൽ സംസ്ഥാനാന്തര പാതയ്ക്കരികിൽ ഇന്നലെ രാത്രി 8.30 ന് 3 പുലികളെ കണ്ടതായി നാട്ടുകാർ.
സമീപത്തെ ക്വാർട്ടേഴ്സിൽ താമസിക്കുന്നവരാണ് റോഡരികിൽ ഒരു വലിയ പുലിയെയും 2 കുഞ്ഞുങ്ങളെയും കണ്ടത്.സമീപത്തെ വനമേഖലയിൽ നിന്ന് എത്തിയ പുലിക്കൂട്ടം റോഡരിക് വരെ എത്തിയ ശേഷം കാട്ടിലേക്ക് തന്നെ തിരിച്ചു പോയതായി ഇവർ പറയുന്നു. ക്വാർട്ടേഴ്സിന്റെ ഒന്നാം നിലയിൽ നിന്ന് പുലികളെ വ്യക്തമായി കണ്ടതായി താമസക്കാരനായ സി.മനോജ് പറഞ്ഞു.
2 പുലികളെ പിടികൂടിയതിനു ശേഷവും അവയുടെ എണ്ണം കുറഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കുന്നതാണിത്.
4 പുലികൾ ഇവിടെയുണ്ടെന്നാണ് വനംവകുപ്പിന്റെ ഔദ്യോഗിക കണക്ക്. ബാവിക്കര അമ്മങ്കല്ലിൽ പട്ടിയെ പിടിച്ച സംഭവം കൂടി ചേർക്കുമ്പോൾ കുറഞ്ഞത് 4 പുലികൾ ഇപ്പോഴും ബാക്കിയുണ്ട്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]