
ഇത്തവണ ഓണത്തിന് വേണ്ടതെല്ലാം മലയാളിയുടെ വീട്ടിലെത്തിക്കാൻ തിരക്കിട്ട് തയാറെടുക്കുകയാണ് കുടുംബശ്രീ മിഷന്റെ ഓണ്ലൈൻ ആപ്പായ പോക്കറ്റ്മാർട്ട്. ചിപ്സ്, ശർക്കരവരട്ടി, പായസം മിക്സ്, സാമ്പാർ മസാല, മുളകുപൊടി, മല്ലിപ്പൊടി, വെജ് മസാല, മഞ്ഞൾപ്പൊടി എന്നിവ മാത്രമല്ല നഗരങ്ങളിലും തെരഞ്ഞെടുത്ത ഗ്രാമപ്രദേശങ്ങളിലുമുള്ളവർക്ക് ഓണ സദ്യയും പായസവും വരെ ഓൺലൈനിൽ ഓർഡർ ചെയ്താൽ മതി, കുടുബശ്രീ പ്രവർത്തകർ വീട്ടിൽ എത്തിക്കും. എല്ലാ ജില്ലകളിലും പോക്കറ്റ്മാർട്ട് സേവനങ്ങൾ രണ്ട് ദിവസത്തിനകം ലഭ്യമാക്കാനുള്ള പ്രവർത്തനങ്ങളിലാണ്.
ആവശ്യമുള്ള സേവനം, സ്ഥലം, സമയം എന്നിവ തിരഞ്ഞെടുക്കാനും വിലനിലവാരം അറിയാനും ആപ്പിലൂടെ സാധിക്കും. കൊച്ചിയിൽ മാത്രം 100 ലേറെ കുടുംബശ്രീ യൂണിറ്റുകൾ പോക്കറ്റ് മാർട്ടുമായി സഹകരിക്കുന്നുണ്ടെന്ന് എറണാകുളം ജില്ലാ കോർഡിനേറ്റർ റജീന ടി എം പറഞ്ഞു.
ഓണം അനുബന്ധ ഉൽപ്പന്നങ്ങൾ ഗിഫ്റ്റ് പായ്ക്കറ്റായി എത്തിച്ചു നൽകും.
കുടുംബശ്രീ ഹോട്ടലുകളോട് ആളുകൾക്കുള്ള താൽപ്പര്യം കണക്കിലെടുത്താണ് ഇത്തവണ ഓണസദ്യ ഒരുക്കാനുള്ള തീരുമാനമെടുത്തത്. ഓൺലൈനിൽ സദ്യ ഓർഡർ ചെയ്താൽ ഓഫീസുകളിലും വീടുകളിലുമൊക്കെ എത്തിച്ചു നൽകാനുള്ള അവസരമുണ്ടെന്ന് റജീന വ്യക്തമാക്കി.
സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളിലും ഓണത്തിനു മുന്നോടിയായി പച്ചക്കറികളും പൂക്കളും കൃഷിചെയ്യുന്നുണ്ട്.
തമിഴ് നാട്ടിൽ നിന്ന് വരുന്ന പൂക്കൾ വലിയ വിലയ്ക്ക് വാങ്ങി പൂക്കളമിടേണ്ടി വരുന്ന അവസ്ഥയ്ക്ക് ഇത് പരിഹാരമാകുമെന്നാണ് കരുതുന്നത്.
തിരുവനന്തപുരത്ത് ഇതിനകം ഹിറ്റായിട്ടുള്ള ലഞ്ച് ബെൽ എന്ന ഉച്ചഭക്ഷണ വിതരണ പദ്ധതി ഓണം കഴിയുന്നതോടെ കൊച്ചിയിലേയ്ക്കും വ്യാപിപ്പിക്കുമെന്ന് റജീന അറിയിച്ചു. കുടുംബ ശ്രീയുടെ ഭക്ഷ്യോൽപ്പന്ന പദ്ധതികളൊക്ക കാർഷിക സർവകലാശാല, സിഫ്റ്റ് എന്നിവയുൾപ്പടെയുള്ള ഗവേഷണ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് വികസിപ്പിക്കുന്നത്.
ഇങ്ങനെ തയാറാക്കുന്ന മില്ലറ്റ് ഉൽപ്പന്നങ്ങൾ, ന്യൂട്രി ബിസ്ക്ക്റ്റ് പോലെയുള്ളവ ഓണത്തിനുശേഷം വിപണിയിലെത്തിക്കാനും ഉദ്ദേശമുണ്ട്. സാധാരണ അച്ചാറുകൾക്ക് പുറമെ ഹെൽത്തി അച്ചാറുകളും വിപണിയിലെത്തിക്കാനുള്ള തയാറെടുപ്പിലാണ്.
ഇതിനുള്ള പരിശീലനം ഇപ്പോൾ കുടുംബശ്രീ യൂണിറ്റുകൾക്ക് നൽകുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]