
പുതുപ്പള്ളി ∙ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ രണ്ടാം ചരമവാർഷികത്തിൽ ഉമ്മൻ ചാണ്ടി ഫൗണ്ടേഷൻ നിർമിച്ചു നൽകുന്ന 12 വീടുകളുടെ താക്കോൽ കൈമാറ്റവും കെപിസിസിയുടെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി നിർവഹിക്കും. ഇന്നു വൈകിട്ട് രാഹുൽ ഗാന്ധി കോട്ടയത്ത് എത്തും. കുമരകത്താണ് താമസം.
സംസ്ഥാനതല അനുസ്മരണ പൊതുസമ്മേളനത്തിൽ 10,000 പേർക്കിരിക്കാവുന്ന പന്തലിന്റെ നിർമാണം പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളി ഗ്രൗണ്ടിൽ പൂർത്തിയായി. നാളെ രാവിലെ 10നു രാഹുൽ ഗാന്ധി ഉമ്മൻ ചാണ്ടിയുടെ കബറിടത്തിൽ പുഷ്പാർച്ചന നടത്തും. പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളി സന്ദർശിക്കും.
ഇതിനു ശേഷം സമ്മേളന വേദിയിലെത്തും. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് അധ്യക്ഷത വഹിക്കും.
ഉമ്മൻ ചാണ്ടിയുടെ രണ്ടാം ചരമവാർഷികത്തിൽ സംസ്ഥാനതലത്തിൽ വിപുലമായ പരിപാടികൾ കെപിസിസി നടത്തുമെന്നു രാഷ്ട്രീയകാര്യ സമിതിയംഗം കെ.സി.ജോസഫ്, എംഎൽഎമാരായ പി.സി.വിഷ്ണുനാഥ്, ചാണ്ടി ഉമ്മൻ, ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ്, നിർവാഹക സമിതി അംഗം ജോഷി ഫിലിപ് എന്നിവർ പറഞ്ഞു. സമ്മേളനത്തിൽ കെപിസിസി ജീവകാരുണ്യ പദ്ധതി ‘സ്മൃതിതരംഗം’ ആരംഭിക്കും.
ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരുന്ന സമയത്ത് 630 കുട്ടികൾക്കു ‘ശ്രുതിതരംഗം’ പദ്ധതിയിലൂടെ കേൾവിശക്തി നൽകി. ഈ പദ്ധതിയുടെ രണ്ടാംഘട്ടമെന്ന നിലയിലാണ് കെപിസിസി ‘സ്മൃതിതരംഗം’ നടപ്പാക്കുന്നതെന്നു നേതാക്കൾ പറഞ്ഞു.
ചടങ്ങുകൾ
6.30നു പ്രഭാതനമസ്കാരം, 7നു കുർബാന – പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ കാർമികത്വം വഹിക്കും. ഡോ.
യൂഹാനോൻ മാർ ദിയസ്കോറസ്, യൂഹാനോൻ മാർ പോളിക്കാർപ്പോസ്, ഡോ. ഗബ്രിയേൽ മാർ ഗ്രിഗോറിയോസ്, ഡോ.യാക്കോബ് മാർ ഐറേനിയസ് സഹകാർമികരാകും. 8.15നു കബറിങ്കൽ പ്രാർഥന, 8.30നു പള്ളിയോട് ചേർന്ന പന്തലിൽ പ്രഭാതഭക്ഷണം.
പള്ളിക്കു സമീപം തയാറാക്കിയ പന്തലിൽ പൊതുസമ്മേളനം.
പാർക്കിങ് ക്രമീകരണം
വാഹനങ്ങൾക്ക് പുതുപ്പള്ളിയിലെ ഗ്രൗണ്ടുകളിൽ പാർക്കിങ് ക്രമീകരണം ഒരുക്കി. കോട്ടയം, കഞ്ഞിക്കുഴി ഭാഗത്തുനിന്നു വരുന്ന വാഹനങ്ങൾ പുതുപ്പള്ളി കവലയിൽ ആളുകളെ ഇറക്കി സെന്റ് ജോർജ് ഗവ ഹൈസ്കൂളിന്റെ മൈതാനത്ത് പാർക്ക് ചെയ്യണം.
ഏറ്റുമാനൂർ – മണർകാട് പ്രദേശത്തുനിന്നു വരുന്ന വാഹനങ്ങൾ വിഎച്ച്എസ്ഇ, ഐഎച്ച്ആർഡി സ്കൂൾ ഗ്രൗണ്ടിലും വെട്ടത്തുകവല- കറുകച്ചാൽ ഭാഗത്തുനിന്നു വരുന്ന വാഹനങ്ങൾ നിലയ്ക്കൽ പള്ളി ഗ്രൗണ്ടിലും ഡോൺബോസ്കോ സ്കൂൾ ഗ്രൗണ്ടിലുമായി പാർക്ക് ചെയ്യണം. ചങ്ങനാശേരി- വാകത്താനം ഭാഗത്തുനിന്നു വരുന്ന വാഹനങ്ങളും കൊല്ലാട് ഭാഗത്തുനിന്ന് എത്തുന്ന വാഹനങ്ങളും എരമല്ലൂർ കലുങ്കിന് സമീപം പള്ളിവക മൈതാനത്തും പാർക്ക് ചെയ്യണം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]