
പാലക്കാട് / മലപ്പുറം ∙ മണ്ണാർക്കാട്ട് നിപ്പ ബാധിച്ചു മരിച്ചയാളുടെ 32 വയസ്സുകാരനായ മകൻ പ്രാഥമിക പരിശോധനയിൽ നിപ്പ പോസിറ്റീവായി. മഞ്ചേരി മെഡിക്കൽ കോളജിലെ വൈറോളജി ലാബിൽ മൂത്രസാംപിൾ ആണു പരിശോധിച്ചത്.
ഇതോടെ തുടർപരിശോധന നിർദേശിച്ചിട്ടുണ്ട്. പുണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള ഫലം കാത്തിരിക്കുകയാണെന്നു മലപ്പുറം ജില്ലാ ആരോഗ്യ വകുപ്പ് അറിയിച്ചു.
മണ്ണാർക്കാട് കുമരംപുത്തൂർ ചങ്ങലീരി സ്വദേശിയാണു മരിച്ച 57 വയസ്സുകാരൻ.
മകനെ ഇന്നലെ ഉച്ചയോടെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. ഇദ്ദേഹത്തിന്റെ റൂട്ട് മാപ്പ് ഉൾപ്പെടെ കണ്ടെത്തേണ്ടതുണ്ട്.
നിലവിൽ 7 പേർ പാലക്കാട് മെഡിക്കൽ കോളജിൽ ഐസലേഷനിൽ തുടരുകയാണ്. 207 പേരാണ് മരിച്ചയാളുടെ സമ്പർക്കപ്പട്ടികയിലുള്ളത്.
നേരത്തേ നിപ്പ ബാധിച്ച തച്ചനാട്ടുകര സ്വദേശിയായ യുവതി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. വിവിധ ജില്ലകളിലായി 723 പേരാണ് നിപ്പ സമ്പർക്കപ്പട്ടികയിൽ ഉള്ളതെന്നു മന്ത്രി വീണാ ജോർജ് അറിയിച്ചു.
പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതം
ചങ്ങലീരിയിലെയും പരിസരത്തെയും വാർഡുകളിൽ ആരോഗ്യ വകുപ്പ് നാലാംദിവസവും പ്രതിരോധ പ്രവർത്തനങ്ങൾ നടത്തി. കുമരംപുത്തൂർ പഞ്ചായത്തിലെ 12, 26, മണ്ണാർക്കാട് നഗരസഭയിലെ 27 എന്നീ വാർഡുകളിലാണു പ്രതിരോധപ്രവർത്തനങ്ങളും വിവരശേഖരണവും നടത്തിയത്.
1083 വീടുകളിൽ ആരോഗ്യപ്രവർത്തകർ സന്ദർശനം നടത്തി. രോഗലക്ഷണമുള്ളവരുടെ വിവരങ്ങൾ ശേഖരിച്ചു.
ഇന്നു മണ്ണാർക്കാട് നഗരസഭയിലെ 24, 25, 28 വാർഡുകളിൽ ആരോഗ്യ പ്രവർത്തകരുടെ നേതൃത്വത്തിൽ സർവേ നടത്തും. കണ്ടെയ്ൻമെന്റ് സോണിനുള്ളിൽ ജനങ്ങൾക്കു പുറത്തുപോകാതെ ഡോക്ടറുടെ സേവനം ലഭ്യമാക്കുന്നതിനു മെഡിക്കൽ ക്യാംപ് നടത്താൻ ആലോചിക്കുന്നുണ്ട്.
ചങ്ങലീരിയിൽ മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ മൃഗങ്ങളുടെ സ്രവം എടുത്തു പരിശോധനയ്ക്കയച്ചു. പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഒറ്റപ്പാലം സബ് കലക്ടർ ഡോ.
മിഥുൻ പ്രേംരാജിന്റെ നേതൃത്വത്തിൽ യോഗം ചേർന്നു. പുണെ വൈറോളജി ടീം 150 വവ്വാലുകളുടെ സാംപിളുകൾ ശേഖരിച്ചു പരിശോധനയ്ക്കായി അയച്ചു.
വീടുകളിൽ സർവേ നടത്തി
കാരാകുറുശ്ശി ∙ ജില്ലയിൽ രണ്ടാമതും നിപ്പ കണ്ടെത്തിയ സാഹചര്യത്തിൽ കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ച പഞ്ചായത്തിലെ വാർഡ് 14–തോണിപ്പുറം, 15–സ്രാമ്പിക്കൽ, 16–വെളുങ്ങോട് എന്നിവിടങ്ങളിലെ വീടുകളിൽ ആരോഗ്യ വകുപ്പു സർവേ നടപടികൾ പൂർത്തിയാക്കി.
സംശയാസ്പദമായ കേസുകൾ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് അധികൃതർ പറഞ്ഞു. എങ്കിലും പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കും.
മൂന്നു ദിവസങ്ങളിലായാണു സർവേ നടത്തിയത്. ബോധവൽക്കരണത്തിനായി പ്രത്യേക അനൗൺസ്മെന്റ് അടക്കമുള്ള നടപടികളും സ്വീകരിച്ചു.
ഭയപ്പെടേണ്ട അവസ്ഥയില്ലെന്നും പഞ്ചായത്ത് അധികൃതർ പറഞ്ഞു.
കൺട്രോൾ റൂമുമായി ബന്ധപ്പെടണം
കുമരംപുത്തൂരിൽ മരിച്ച വ്യക്തിയുമായി ഏതെങ്കിലും തരത്തിൽ സമ്പർക്കം വന്നിട്ടുള്ളവരും പുതുക്കിയ റൂട്ട് മാപ്പിൽ പറഞ്ഞിട്ടുള്ള സ്ഥലത്ത് അതേ സമയത്ത് ഉണ്ടായിരുന്നവരും ഉടൻ നിപ്പ കൺട്രോൾ റൂം നമ്പറിൽ വിളിച്ച് അറിയിക്കേണ്ടതാണ്.ലക്ഷണങ്ങളുള്ളവർ നിപ്പ കൺട്രോൾ റൂമിൽ വിളിച്ചു വിദഗ്ധ ഉപദേശം തേടിയ ശേഷം മാത്രമേ പരിശോധനയ്ക്കായി പാലക്കാട് ഗവ.
മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്താൻ പാടുള്ളൂവെന്നു ജില്ലാ മെഡിക്കൽ ഓഫിസർ അറിയിച്ചു. കൺട്രോൾ റൂം നമ്പർ: 0491 2504002 …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]