
കോഴിക്കോട്∙ പൊലീസ് ചമഞ്ഞു കോഴിക്കോട് നഗരത്തിൽ നിന്നു യുവാവിനെ കാറിൽ തട്ടിക്കൊണ്ടുപോയി. സംഘത്തെ പിന്തുടർന്ന പൊലീസ് മണിക്കൂറുകൾക്കകം യുവാവിനെ മോചിപ്പിച്ചു.
തട്ടിക്കൊണ്ടുപോയ സംഘത്തെ മലപ്പുറം കരുവാരകുണ്ടിൽ നിന്നു പൊലീസ് അറസ്റ്റ് ചെയ്തു.ഇന്നലെ പുലർച്ചെ പാളയം ചിന്താവളപ്പിൽ കെ.പി.ട്രാവൽസ് സ്ഥാപനത്തിലെ മുൻ മാനേജർ ബേപ്പൂർ ബി.സി.റോഡ് കളത്തിൽപ്പടി ബിജുവിനെയാണ് കാറിലെത്തിയ സംഘം ചിന്താവളപ്പിലെ ട്രാവൽസ് ഓഫിസിനു മുന്നിൽ നിന്നു ബലമായി പിടിച്ചിറക്കി തട്ടിക്കൊണ്ടുപോയത്.
സംഭവത്തിൽ ആലപ്പുഴ കാവാലം സ്വദേശി ശ്യാംകുമാർ, വയനാട് സ്വദേശി ഡെൽവിൻ കുര്യൻ, മഞ്ചേരി ചിറയ്ക്കൽ മേലാക്കം മുഹമ്മദ് അൽഷിദ് (25), കരുവാരകുണ്ട് സ്വദേശികളായ കിഴക്കേത്തല പാറക്കൽ ഹൗസിൽ ഷഹുലു റഹ്മാൻ, തട്ടിക്കൊണ്ടു പോകുന്നതിനായി കാർ നൽകിയ ജുനൈസ് എന്നിവരെയാണ് കസബ ഇൻസ്പെക്ടർ പി.ജെ.ജിമ്മിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടികൂടിയത്.പുലർച്ചെ 2.15ന് ബിജു ചിന്താവളപ്പ് കെ.പി.ട്രാവൽസ് ഓഫിസിനു മുന്നിൽ നിൽക്കുമ്പോൾ കാറിൽ എത്തിയ സംഘം പൊലീസ് ആണെന്നു പറഞ്ഞ് സംസാരിച്ചു.
സംശയം തോന്നി ബിജു ഫോൺ ചെയ്യാൻ ശ്രമിക്കുന്നതിനിടെ സംഘം ബലമായി പിടിച്ചു കാറിൽ കയറ്റിക്കൊണ്ടു പോകുകയായിരുന്നു. പരിസരത്തുള്ളവർ തടയാൻ ശ്രമിച്ചെങ്കിലും വിഫലമായി.
തുടർന്നു സ്ഥാപനത്തിലെ ജീവനക്കാരൻ പന്തീരാങ്കാവ് സ്വദേശി അരുൺകുമാർ പൊലീസിനെ അറിയിച്ചു. കസബ പൊലീസ് സിസിടിവി പരിശോധിച്ചപ്പോൾ സംഘം കാറുമായി മലപ്പുറത്തേക്കു കടന്ന വിവരം ലഭിച്ചു. ഇതിനിടയിൽ പ്രതികളെ കുറിച്ചു സൂചന ലഭിക്കുകയും ഒരാളുടെ മൊബൈൽ ഫോൺ നമ്പർ പൊലീസിനു ലഭിക്കുകയും ചെയ്തു.
ലൊക്കേഷൻ പരിശോധിച്ചപ്പോൾ പ്രതികളിൽ 2 പേർ കരുവാരകുണ്ടിലുണ്ടെന്നു വിവരം ലഭിച്ചു.
പൊലീസ് സംഘം ഉച്ചയോടെ അവിടെയെത്തി. പൊലീസിനെ കണ്ട് ഓടിയ 2 പേരെ പിന്തുടർന്നു പിടികൂടി.
കരുവാരകുണ്ട് ഭാഗത്ത് ഒരു കെട്ടിടത്തിൽ യുവാവിനെ ഒളിപ്പിച്ച വിവരം ലഭിച്ചു. പൊലീസ് സംഘം എത്തിയപ്പോൾ കെട്ടിടത്തിനകത്തെ ഷട്ടർ ഇട്ട
മുറിയിൽ സംഘം യുവാവിനെ ബന്ദിയാക്കിയ നിലയിലായിരുന്നു.പൊലീസിനെ കണ്ടു മുറിക്കുള്ളിലെ 3 അംഗ സംഘം കാറിൽ കടക്കാൻ ശ്രമിച്ചെങ്കിലും പൊലീസ് കാറും 3 പേരെയും പിടികൂടി. അക്രമികൾ ഉപയോഗിച്ചതെന്നു കരുതുന്ന വടിവാളും സ്ഥലത്തു നിന്നു പൊലീസ് കണ്ടെടുത്തു.
കസ്റ്റഡിയിലെടുത്ത 5 പേരെ ഇന്നലെ രാത്രി 8.15ന് കസബ സ്റ്റേഷനിൽ എത്തിച്ചു.
പിടിയിലായ ശ്യംകുമാറിന് ബിജു 6 ലക്ഷം രൂപ നൽകാനുണ്ടെന്നും ഇതു തിരിച്ചു നൽകാത്തിനാൽ തട്ടിക്കൊണ്ടു പോകുകയായിരുന്നെന്നും പൊലീസ് പറഞ്ഞു. സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച വൈരാഗ്യത്തിലാണ് തട്ടിക്കൊണ്ടുപോയതെന്നാണ് പ്രാഥമിക നിഗമനമെന്നു പൊലീസ് പറഞ്ഞു.
പിടിയിലായവർക്ക് മറ്റു കേസുകൾ നിലവിലുണ്ടോ എന്നു പരിശോധിക്കുന്നുണ്ട്. കൂടുതൽ ചോദ്യം ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തി ഇന്നു കോടതിയിൽ ഹാജരാക്കുമെന്നു കസബ പൊലീസ് പറഞ്ഞു. അന്വേഷണത്തിൽ എസ്ഐമാരായ യു.സനീഷ്, സജിത് മോൻ, സജീഷ് കുമാർ, എഎസ്ഐ പി.സജേഷ് കുമാർ, സിപിഒ മാരായ മുഹമ്മദ് സക്കറിയ, ജിനീഷ്, മുഹമ്മദ് ഇർഷാദ് എന്നിവരും പങ്കെടുത്തു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]