
ആലത്തൂർ∙ ദുരിതയാത്രകൾ അവസാനിക്കും. കഴനി ചുങ്കം–പഴമ്പാലക്കോട് പാതയുടെ ദുരവസ്ഥ നീങ്ങുകയാണ്.
പൊതുമരാമത്ത് വകുപ്പിന്റെ കീഴിലുള്ള പാതയുടെ നവീകരണത്തിനു വഴി തെളിഞ്ഞു. കാൽനൂറ്റാണ്ടിലേറെയായി അവഗണനയിലായിരുന്ന പാതയുടെ ആദ്യത്തെ നാലു കിലോമീറ്റർ ടാർ ചെയ്യുന്നതിനു ടെൻഡർ നടപടികൾ ഉടൻ ആരംഭിക്കും.
8.7 കിലോമീറ്റർ പാതയിൽ 8 കിലോമീറ്ററിൽ നടക്കാൻ പോലും പ്രയാസമായിരുന്നു.
റോഡിന്റെ ഇരുവശങ്ങളിലും പൈപ്പ് ലൈൻ ഇടുന്നതിനു വേണ്ടിയുള്ള നിർമിച്ച ചാലുകളിൽ വാഹനങ്ങൾ താഴുന്നതു പതിവായി. ഇരുചക്രവാഹനങ്ങൾ കുഴിയിൽ വീണ് യാത്രക്കാർക്ക് പരുക്കേൽക്കാത്ത ദിവസങ്ങളില്ലായിരുന്നു.
ഈ സാഹചര്യത്തിലാണ് റോഡ് നന്നാക്കാൻ പ്രക്ഷോഭങ്ങൾ തുടങ്ങിയത്. ഉപവാസ സമരങ്ങളും ഉപരോധ സമരങ്ങളും നടത്തുന്നതിനിടയിലാണ് പാത നന്നാക്കാൻ അടിയന്തര നടപടികളുമായി അധികൃതർ മുന്നോട്ടുവന്നത്.
ആദ്യ റീച്ചുകൾ നന്നാക്കാൻ ടെൻഡർ വിളിക്കും: പി.പി.സുമോദ് എംഎൽഎ
എംഎൽഎ ഫണ്ടിൽ നിന്നനുവദിച്ച 9 കോടി രൂപയിൽ നിന്ന് 4 കോടി രൂപയുടെ ടെൻഡർ ആദ്യം ക്ഷണിക്കുമെന്ന് പി.പി.സുമോദ് എംഎൽഎ അറിയിച്ചു.
ജലജീവൻ മിഷനു വേണ്ടി പൈപ്പ് ലൈൻ സ്ഥാപിക്കാൻ കൈമാറിയ വാവുള്ള്യാപുരം മുതൽ തരൂർ പഞ്ചായത്ത് വരെയുള്ള 4 കിലോമീറ്റർ ടാർ ചെയ്യുന്നതിന് 4 കോടിയുടെ ടെൻഡർ നൽകാനാണ് തീരുമാനം. ഓഗസ്റ്റിൽ ടെൻഡർ നൽകി സെപ്റ്റംബർ മാസത്തോടെ ഈ ഭാഗത്തിന്റെ പണി ആരംഭിക്കുമെന്നും എംഎൽഎ പറഞ്ഞു. വകുപ്പുമേധാവികളുടെ യോഗം വിളിച്ചു ചേർത്ത് റോഡ് നന്നാക്കുന്നതിനുള്ള അടിയന്തര നിർദേശങ്ങൾ നൽകി.
മന്ത്രിയെ ഫോണിൽ ബന്ധപ്പെട്ട് റോഡ് പണി വേഗത്തിലാക്കുവാനും ബാക്കിയുള്ള 5 കിലോമീറ്റർ ഭാഗത്തെ (തരൂർ പഞ്ചായത്ത് മുതൽ തോട്ടുംപള്ള വരെ) 2 കിലോമീറ്ററിൽ പൈപ്പ് ലൈൻ സ്ഥാപിച്ച് പൂർവസ്ഥിതിയിലാക്കി വൈകാതെ തിരിച്ചേൽപ്പിക്കാനും ഉന്നതതലത്തിൽ ഇടപ്പെട്ടിട്ടുണ്ടെന്ന് എംഎൽഎ പറഞ്ഞു. വാവുള്ള്യാപുരം മുതൽ തരൂർ പഞ്ചായത്ത് വരെയുള്ള റീച്ചിന്റെ പണി നടക്കുമ്പോൾ തന്നെ ബാക്കി ഭാഗത്ത് പൈപ്പ് ലൈൻ ഇടുന്ന ജോലി ആരംഭിച്ച് ആദ്യ റീച്ച് ടാറിങ് പൂർത്തിയാക്കുന്നതോടൊപ്പം രണ്ടാമത്തെ റീച്ചിന്റെ പണി തുടങ്ങാനാണ് നിർദേശം നൽകിയിട്ടുള്ളതെന്നും എംഎൽഎ പറഞ്ഞു. രണ്ടാമത്തെ റീച്ചിന് സെപ്റ്റംബറിൽ ടെൻഡർ നൽകി ഡിസംബർ അവസാനത്തോടെ റോഡിന്റെ നവീകരണം പൂർത്തിയാക്കും.
വാവുള്ള്യാപുരം മുതൽ തരൂർ പഞ്ചായത്ത് വരെയുള്ള റീച്ചുകൾ പൊതുമരാമത്ത് വകുപ്പും വാട്ടർ അതോറിറ്റിയും ചേർന്നു പരിശോധിച്ച് 11 സ്ഥലങ്ങളിൽ നിന്ന് സാംപിളുകൾ എടുത്ത് ഗുണമേന്മ പരിശോധനയ്ക്കായി എൻഎസ്എസ് എൻജിനീയറിങ് കോളജിലെ എൻജിനീയറിങ് വിഭാഗത്തിലേക്ക് കൈമാറിയിട്ടുണ്ട്. ഇതിന്റെ ഫലം കിട്ടിയ ശേഷം വൈകാതെ ആദ്യ റീച്ചിന്റെ ടെൻഡർ നടപടി ആരംഭിക്കും.
ഗുണമേന്മ പരിശോധനയുടെ ഫലം വൈകാതെ ലഭിക്കും. ജലജീവൻ മിഷന്റെ പൈപ്പ് ലൈൻ സ്ഥാപിക്കലും തുടർന്നുള്ള നടപടികൾക്കും ഉണ്ടായ കാലതാമസമാണ് റോഡ് നവീകരണ പ്രവൃത്തികൾ ആരംഭിക്കുന്നതിനു തടസ്സം ആയതെന്നും എംഎൽഎ അറിയിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]