
കൊല്ലം ∙ സജീവ രാഷ്ട്രീയത്തിൽ നിന്നു പിൻവാങ്ങിയ ശേഷവും സി.വി.പത്മരാജന്റെ ആനന്ദവല്ലീശ്വരത്തെ വീട് സജീവമായിരുന്നു. കോൺഗ്രസിന്റെ രാഷ്ട്രീയ മാറ്റങ്ങളുടെയെല്ലാം തുടക്കം ഈ വീട്ടിലെ കോൺഗ്രസ് കാരണവരുടെ അനുഗ്രഹത്തോടെയായിരുന്നു.
എല്ലാവർക്കും ആശീർവാദവും അനുഗ്രഹവും പിന്തുണയും മാത്രം എപ്പോഴും നൽകിയിരുന്ന വീട് പക്ഷേ ഇന്നലെ കണ്ണീരിൽ മുങ്ങി. കോൺഗ്രസിന്റെ മുതിർന്ന നേതാവ് എന്നതിനപ്പുറം ഓരോ പ്രാദേശിക നേതാക്കളുടെയും പ്രവർത്തകരുടെയും ആവേശവും ഊർജവുമായിരുന്നു അദ്ദേഹം.
ആ സ്നേഹവായ്പിന്റെ പ്രകടനമെന്നോണം ഇന്നലെ മരണവാർത്ത അറിഞ്ഞതു മുതൽ വീട്ടിലേക്ക് പ്രവർത്തകരും നാട്ടുകാരും ഒഴുകിയെത്തി. 10 ദിവസങ്ങൾക്കു മുൻപാണ് രോഗബാധിതനായി സി.വി.പത്മരാജനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്.
മാസങ്ങൾക്കു മുൻപ് കാലിനു പറ്റിയ മുറിവ് ഭേദമാകാതെ തുടരുകയായിരുന്നു. അതിനാൽ തന്നെ പുറത്തേക്കുള്ള യാത്രയും മറ്റും കഴിഞ്ഞ കുറേനാളായി ഒഴിവാക്കിയിരുന്നു.
മുറിവുണങ്ങാതെ വന്നതോടെ സ്ഥിരമായി ചികിത്സ തേടുന്ന പന്തളത്തെ ആശുപത്രിയിലേക്കാണ് കഴിഞ്ഞ 7ന് പോയത്.
എന്നാൽ വീട്ടിൽ നിന്ന് ഇറങ്ങിയതിനു പിന്നാലെ ശ്വാസതടസ്സമുണ്ടായതോടെ പന്തളത്തേക്കുള്ള യാത്ര അവസാനിപ്പിച്ചു കൊല്ലത്തെ സ്വകാര്യ മെഡിക്കൽ കോളജിൽ ചികിത്സ തേടുകയായിരുന്നു. ഇടയ്ക്ക് രോഗത്തിന് കുറവ് വന്നെങ്കിലും കഴിഞ്ഞ ദിവസം ആരോഗ്യനില മോശമായി.
രോഗവിവരം അറിഞ്ഞ ശേഷം മുംബൈയിൽ താമസിക്കുന്ന രണ്ടാമത്തെ മകൻ കഴിഞ്ഞ ദിവസം നാട്ടിലെത്തിയിരുന്നു. ഇന്നലെ വൈകിട്ട് 6 മണിയോടെയായിരുന്നു മരണം.
വീട്ടിലേക്ക് ഭൗതിക ശരീരം എത്തിച്ചത് രാത്രി 8.30ന് ശേഷമാണെങ്കിലും അതിന് മുൻപ് തന്നെ വീടും പരിസരവും നിറഞ്ഞു കഴിഞ്ഞിരുന്നു. ഭൗതികശരീരം കാണാൻ ഭാര്യ വസന്തകുമാരി എത്തിയപ്പോൾ കണ്ടുനിന്നവരുടെയും കണ്ണുകൾ നിറഞ്ഞു.
അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം അച്ഛനെയും അമ്മയെയും അടക്കിയ പരവൂരിലെ കുടുംബവീടിന് സമീപത്ത് തന്നെയാകും ഇന്ന് സംസ്കാര ചടങ്ങുകൾ നടക്കുക. തുടർന്ന് കെപിസിസി നേതാക്കളുടെ നേതൃത്വത്തിൽ സി.വി.പത്മരാജൻ അനുസ്മരണവും നടക്കും.
യാത്രയായത് സി.വി.ഫൗണ്ടേഷൻ ഉദ്ഘാടനം ബാക്കിയാക്കി
സി.വി.പത്മരാജന്റെ പിറന്നാളായ വരുന്ന 22ന് നടക്കാനിരുന്ന സി.വി.ഫൗണ്ടേഷൻ ഉദ്ഘാടനം ബാക്കിവച്ചാണ് അദ്ദേഹം മടങ്ങുന്നത്.
22ന് വൈകിട്ട് ആനന്ദവല്ലീശ്വരം ഓഡിറ്റോറിയത്തിൽ നിശ്ചയിച്ചിരുന്ന പരിപാടി മുഖ്യമന്ത്രി പിണറായി വിജയനായിരുന്നു ഉദ്ഘാടനം ചെയ്യാൻ നിശ്ചയിച്ചിരുന്നത്. പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും അടക്കമുള്ള പ്രമുഖ നേതാക്കളും പങ്കെടുക്കാനിരുന്ന ചടങ്ങ് ഗംഭീരമാക്കാനുള്ള ഒരുക്കത്തിലായിരുന്നു പ്രവർത്തകർ.
ചടങ്ങിന്റെ ഭാഗമായി അടുത്ത ദിവസം യോഗം കൂടാനുള്ള തയാറെടുപ്പിനിടെയാണ് അപ്രതീക്ഷിത വിയോഗം. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]