
അസാധ്യ കാര്യങ്ങൾ നിഷ്പ്രയാസം കയ്യെത്തിപ്പിടിക്കുകയും അപ്രതീക്ഷിത സന്ദർഭങ്ങൾ ധൈര്യപൂർവം നേരിടുകയും ചെയ്തിട്ടുള്ള കണ്ണടക്കാരന്റെ പേരത്രെ സി.വി.പത്മരാജൻ. ജീവിത ചരിത്രത്തിലുടനീളം ഇത്തരം അസാധ്യകഥകൾ നേട്ടങ്ങളുടെ പട്ടികയിൽ എഴുതി വച്ചിട്ടാണു മുതിർന്ന നേതാവിന്റെ മടക്കം.കെ.
കരുണാകരന്റെയും എ.കെ. ആന്റണിയുടെയും മന്ത്രിസഭകളിലായി 3 തവണ മന്ത്രി, ആക്ടിങ് മുഖ്യമന്ത്രി, കെപിസിസി പ്രസിഡന്റ് എന്നീ പദവികൾ പത്മരാജനെ തേടി വന്നതു കാര്യങ്ങൾ നോക്കി നടത്താനുള്ള മികവ് കണ്ടിട്ടായിരുന്നു.
അഞ്ചാം വയസ്സിൽ മൂന്നാം ക്ലാസിൽ ചേർന്നയാളാണു സി.വി.പത്മരാജൻ.
ഈ ‘മേൽക്കൈ’ ജീവിതത്തിലുടനീളം അദ്ദേഹത്തിനു തുണയായി; പാർട്ടിയിലായാലും ഭരണത്തിലായാലും. ‘പത്മരാജൻ വക്കീൽ’ ഒരു അഭിപ്രായം പറഞ്ഞാൽ ചർച്ച അവിടെ തീരും.
ഇന്ദിരാ കോൺഗ്രസിലെ ‘ഐ’യോടാണു പ്രതിപത്തി കാട്ടിയതെങ്കിലും പിന്നീട് പാർട്ടിയിൽ ഏതു ഗ്രൂപ്പെന്നു കണ്ടുപിടിക്കാനാവാത്തത്ര നിഷ്പക്ഷതയിലേക്കു മാറി.
മുഖ്യമന്ത്രിയുടെ ചുമതല,ഗ്രൂപ്പുകളുടെ അക്കാലം
കാർ അപകടത്തെത്തുടർന്നു വിദഗ്ധ ചികിത്സയ്ക്കായി മുഖ്യമന്ത്രി കെ. കരുണാകരൻ അമേരിക്കയിലേക്കു പോകുമ്പോൾ മുഖ്യമന്ത്രിയുടെ ചുമതല വൈദ്യുതി മന്ത്രി സി.വി പത്മരാജനു കൈമാറി.
കയറിൽ കുതറുന്ന പശുക്കിടാവിനെപ്പോലെ ഗ്രൂപ്പുകൾ പാർട്ടിയെ വട്ടംചുറ്റിയ കാലമാണത്. നിയമസഭാകക്ഷി ഉപനേതാവായ ഉമ്മൻചാണ്ടിക്കോ ഐ ഗ്രൂപ്പിലെ പ്രബല മന്ത്രിമാർ ആർക്കെങ്കിലുമോ ചുമതല നൽകുമെന്നായിരുന്നാണു കരുതിയത്. പിന്നാലെ ഉപനേതാവ് സ്ഥാനം ഉമ്മൻചാണ്ടി രാജിവച്ചു.
നിയമസഭ ചേരുന്ന സമയമാണ്. അമേരിക്കയിലേക്കുള്ള യാത്രയ്ക്കായി ഡൽഹി കേരള ഹൗസിൽ തങ്ങുകയാണു കെ.കരുണാകരൻ.
ഭരണം ഇല്ലാതായെന്നാരോപിച്ചു പ്രതിപക്ഷം രംഗത്തെത്തി.
മുഖ്യമന്ത്രിയുടെ ചുമതല മാത്രമല്ല, നിയമസഭാകക്ഷി നേതാവിന്റെ ചുമതല കൂടി സി.വി പത്മരാജനു കൈമാറുന്നതായി കരുണാകരന്റെ നിർദേശ പ്രകാരം മണിക്കൂറുകൾക്കുള്ളിൽ പുതിയ ഉത്തരവിറങ്ങി.പിറ്റേന്നു സഭ കൂടി. പ്രതിപക്ഷ നേതാവ് ഇ.കെ.
നായനാർ, കെ.ആർ. ഗൗരിയമ്മ, ബേബിജോൺ, പി.എസ്.
ശ്രീനിവാസൻ തുടങ്ങിയ കരുത്തരൊക്കെ പ്രതിപക്ഷത്ത് അണിനിരന്നു. പൊട്ടിത്തെറി പരസ്യമാക്കിയ എ ഗ്രൂപ്പും നീരസം ഉള്ളിലൊതുക്കി ഐ ഗ്രൂപ്പും സഭയ്ക്കുള്ളിലുണ്ട്.
ആരായാലും ഒറ്റപ്പെട്ടുപോകുന്ന സ്ഥിതി.
പ്രതിപക്ഷ ആരോപണത്തിനു മറുപടി പറയാൻ ഒടുവിൽ പത്മരാജൻ എഴുന്നേറ്റു: ‘നിയമസഭാ ചട്ടം അനുസരിച്ചു കക്ഷിനേതാവ് എന്നു പറയുന്നതു മുഖ്യമന്ത്രിയോ മുഖ്യമന്ത്രി ചുമതലപ്പെടുത്തുന്ന മറ്റൊരു മന്ത്രിയോ ആണ്. ഇവിടെ എനിക്കു മുഖ്യമന്ത്രിയുടെയും കക്ഷി നേതാവിന്റെയും ചുമതല കൈമാറുന്ന ഗവർണറുടെ ഉത്തരവിറങ്ങിയിട്ടുണ്ട്.
ആർക്കെങ്കിലും സംശയം ഉണ്ടോ…? പത്മരാജൻ ഇ.കെ നായനാരെ നോക്കി ഒന്നുകൂടി ചോദിച്ചു: ‘ പ്രതിപക്ഷ നേതാവേ, താങ്കളെ പ്രതിപക്ഷ നേതാവായി തീരുമാനിക്കുന്നതിനു ബഹുമാനപ്പെട്ട സ്പീക്കറുടെ അംഗീകാരം കൂടി വേണം.
ഇവിടെ സഭയിൽ അതിന്റെ ആവശ്യം ഇല്ലെന്നും അറിയാമല്ലോ…’ പിടിയില്ലാത്ത വാൾ പോലെയായി പ്രതിപക്ഷ ആരോപണങ്ങൾ.
‘പെട്ടികൾ ഉണ്ടായിരുന്നു,മൂന്നെണ്ണം’
മുഖ്യമന്ത്രിയുടെ കാർ അപകടത്തിൽപ്പെടുമ്പോൾ അതിൽ കുറെ പെട്ടികൾ ഉണ്ടായിരുന്നെന്നും അവയിൽ അപ്പാടെ ദുരൂഹതയാണെന്നും പ്രതിപക്ഷം ആരോപിച്ചു. ചികിത്സയിൽ കഴിയുന്ന കരുണാകരൻ, നിയമസഭയിൽ ഇതിനു മറുപടി പറയാനുള്ള ഉത്തരവാദിത്തം പത്മരാജനെ ഏൽപിച്ചു.
പ്രതിപക്ഷ നേതാക്കൾ ആരോപണങ്ങൾ അഴിച്ചുവിട്ടു. ‘പത്മരാജൻ വക്കീൽ’ എഴുന്നേറ്റു: ‘ ശരിയാണ്.
നിങ്ങൾ പറഞ്ഞതു ശരിയാണ്. പെട്ടികൾ ഉണ്ടായിരുന്നു.
ഒന്നല്ല, മൂന്നെണ്ണം…’ പ്രതിപക്ഷം കാതുകൂർപ്പിച്ചു. വക്കീൽ തുടർന്നു: ‘ഒരെണ്ണം യാത്രയ്ക്കു പോകുമ്പോൾ മുഖ്യമന്ത്രി ധരിക്കുന്ന വസ്ത്രങ്ങൾ അടങ്ങിയ പെട്ടിയാണ്.
രണ്ടാമത്തേത് ഗൺമാന്റെ വസ്ത്രങ്ങളുള്ള പെട്ടി.
മൂന്നാമത്തേത്….’ ഇത്രയും പറഞ്ഞു ഒരുവേള മൗനം പാലിച്ചു. പ്രതിപക്ഷത്തിന്റെ ആ ആകാംക്ഷയും പത്മരാജൻ കുത്തിപ്പൊട്ടിച്ചു: ‘ മൂന്നാമത്തെ പെട്ടി ഡ്രൈവറുടെ വസ്ത്രങ്ങളുള്ള പെട്ടിയാണ്…’ പെട്ടിയേ ഉണ്ടായിരുന്നില്ലെന്നു പറഞ്ഞാൽ സമരം ആളിക്കത്തിക്കാൻ കാത്തുനിന്ന പ്രതിപക്ഷത്തു മൗനം.
ഇന്ദിരാഭവന്റെ പൂമുഖം
1982ൽ ആദ്യമായി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ തന്നെ കരുണാകരൻ മന്ത്രിസഭയിൽ അംഗമായ പത്മരാജൻ അതു രാജിവച്ച് 1983-84 ൽ കെപിസിസി പ്രസിഡന്റായി.
നന്ദാവനത്തു വാടകക്കെട്ടിടത്തിലാണു പാർട്ടി ആസ്ഥാനം. പല പ്രസിഡന്റുമാർ വന്നെങ്കിലും ആസ്ഥാന മന്ദിരം എന്ന സ്വപ്നം നടക്കാതെ പോയി.
പത്മരാജൻ ആ സ്വപ്നവുമായി സംസ്ഥാനത്തെ എല്ലാ മണ്ഡലം കമ്മിറ്റികളിലും എത്തി ഫണ്ട് സ്വരൂപിച്ചു. ഫണ്ട് 30 ലക്ഷം കടന്നപ്പോൾ ശാസ്തമംഗലത്തെ ‘പുരുഷോത്തമം’ എന്ന വീടു പാർട്ടിയുടെ പേരിലെഴുതി.
പിന്നീടു ആന്റണി മന്ത്രിസഭയിൽ ധനമന്ത്രിയായപ്പോഴും പത്മരാജന്റെ സാമർഥ്യം കേരളം കണ്ടു. മിച്ച ബജറ്റ് അവതരിപ്പിച്ച ചുരുക്കം ധനമന്ത്രിമാരിൽ ഒരാളാണ് അദ്ദേഹം.
‘ രാജീവ്ഗാന്ധി പ്രസിഡന്റായിട്ടുള്ള അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റിയുടെ കേരള ഘടകമായ കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റിക്കു വേണ്ടി പ്രസിഡന്റ് സി.വി പത്മരാജൻ പേർക്ക് എഴുതുന്ന വിലയാധാരം…’ എന്ന പ്രമാണത്തിലെ ആദ്യ വരി തന്നെയാണു പത്മരാജന്റെ ഏറ്റവും വലിയ രാഷ്ട്രീയ ജീവിതാധാരം.
ഓഫിസിൽ പ്രവേശിച്ചു സന്ദർശക ബുക്കിൽ ആദ്യം ഒപ്പുവച്ചതും രാജീവ്ഗാന്ധി. പുരുഷോത്തമം വീടിന്റെ പൂമുഖം ഒരിക്കലും മാറ്റരുതെന്നു പത്മരാജനു നിർബന്ധമായിരുന്നു.
പാർട്ടിയിലേതു പോലെ കെട്ടിടത്തിനുള്ളിലും അഴിച്ചുപണി പലതും നടന്നെങ്കിലും പൂമുഖം മാത്രം തൊട്ടില്ല.
കെപിസിസി പ്രസിഡന്റായി ഇന്ദിരാഗാന്ധി നിയോഗിച്ച സി.വി. പത്മരാജൻ പാർട്ടി ഗ്രൂപ്പുകളാൽ കലുഷിതമായ കാലത്തു ഇടറാതെ പാർട്ടിയെ നയിച്ചു.
1984ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസും യുഡിഎഫും നേടിയ മിന്നുന്ന ജയം ഉദാഹരണം.2006 നിയമസഭാ തിരഞ്ഞെടുപ്പിലെ തോൽവി അന്വേഷിച്ച കമ്മിഷന്റെ ചെയർമാനായിരുന്നു പത്മരാജൻ. ഗ്രൂപ്പിസം അവസാനിപ്പിക്കണമെന്നും സംഘടനാ തിരഞ്ഞെടുപ്പു നടത്തി ജനാധിപത്യ പാർട്ടി സംവിധാനം വേണമെന്നുമായിരുന്നു കമ്മിഷന്റെ പ്രധാന ശുപാർശ.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]