
വാളയാർ ∙ കേരളത്തിൽ വീണ്ടും നിപ്പ സ്ഥിരീകരിച്ചതോടെ കേരള – തമിഴ്നാട് അതിർത്തിയിൽ തമിഴ്നാട് ആരോഗ്യവകുപ്പു പരിശോധന കർശനമാക്കി. ദേശീയപാത ഭാഗികമായി അടച്ചിട്ട് കേരളത്തിൽ നിന്നെത്തുന്ന മുഴുവൻ വാഹന യാത്രക്കാരെയും പരിശോധിച്ചാണു കടത്തിവിടുന്നത്.
കോയമ്പത്തൂർ ജില്ലാ കലക്ടർ പവൻകുമാർ ജി.ഗിരിയപ്പനവറുടെ നിർദേശപ്രകാരമാണു ചാവടി ഉൾപ്പെടെയുള്ള അതിർത്തികളിൽ 24 മണിക്കൂറും പരിശോധന ആരംഭിച്ചത്. കഴിഞ്ഞ ദിവസം മരിച്ച പാലക്കാട് മണ്ണാർക്കാട് ചങ്ങലീരി സ്വദേശിക്കു നിപ്പ ലക്ഷണങ്ങൾ സ്ഥിരീകരിച്ചതോടെയാണ് പരിശോധന ആരംഭിച്ചത്.
പാലക്കാട്ടും മലപ്പുറത്തും കൂടുതൽ പേർ സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ടതിന്റെ പശ്ചാത്തലത്തിൽ വരും ദിവസങ്ങളിൽ കൂടുതൽ നിയന്ത്രണങ്ങളിലേക്കു തമിഴ്നാട് കടക്കുമെന്നും സൂചനയുണ്ട്. പ്രത്യേകമായി രൂപീകരിച്ച 3 സംഘങ്ങളെ ചാവടിയിൽ പരിശോധനയ്ക്കായി നിയോഗിച്ചിട്ടുണ്ട്.
ഇതിന്റെ ഭാഗമായി കേരളത്തിൽ നിന്നു കോയമ്പത്തൂർ ഭാഗത്തേക്കുള്ള ദേശീയപാത താൽക്കാലികമായി അടച്ച്, വാഹനങ്ങൾ സർവീസ് റോഡ് വഴി തിരിച്ചുവിട്ടു തുടങ്ങി. കേരളത്തിലേക്കുള്ള വാഹനങ്ങൾ പരിശോധിക്കുന്നില്ല.
വാളയാർ, മീനാക്ഷിപുരം, ഗോവിന്ദാപുരം, വേലന്താവളം, ഗോപാലപുരം, ആനക്കട്ടി തുടങ്ങി മുഴുവൻ കേരള – തമിഴ്നാട് അതിർത്തികളിലും പരിശോധന നടത്തിയാണു വാഹനം കടത്തിവിടുന്നത്.
തെർമോമീറ്റർ ഉപയോഗിച്ചു ശരീരോഷ്മാവും യാത്രക്കാരുടെ ആരോഗ്യസ്ഥിതിയും പരിശോധിച്ച ശേഷമാണു തുടർയാത്ര അനുവദിക്കുന്നത്. ഇവരുടെ വിവരങ്ങളും മടക്കയാത്രാ വിവരങ്ങളും എഴുതി ശേഖരിക്കുന്നുണ്ട്.സ്പെഷൽ മെഡിക്കൽ ഓഫിസർ ഡോ.ആർ.പ്രതിഭ, മധുക്കര ഹെൽത്ത് ഇൻസ്പെക്ടർ എം.ജി.രാജ്കുമാർ എന്നിവരുടെ നേതൃത്വത്തിൽ കോയമ്പത്തൂരിൽ നിന്നുള്ള മുപ്പതോളം ആരോഗ്യപ്രവർത്തകരും ചാവടി പൊലീസ് ഉദ്യോഗസ്ഥരും പരിശോധനാസംഘത്തിലുണ്ട്.
അനാവശ്യ യാത്രകൾ ഒഴിവാക്കണം: തമിഴ്നാട് ആരോഗ്യവകുപ്പ്
പനിയോ ലക്ഷണങ്ങളോ കണ്ടാൽ ആശുപത്രിയിലേക്കു മാറ്റാനാണു നിർദേശം.
ഇതിനായി ആംബുലൻസ് ഉൾപ്പെടെയുള്ള സേവനങ്ങളും അതിർത്തിയിൽ സജ്ജമാക്കിയിട്ടുണ്ട്. എന്നാൽ, ഇതുവരെ ഇത്തരം കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
വരുംദിവസങ്ങളിൽ പരിശോധന കൂടുതൽ കർശനമാക്കും. അതിനാൽ പനിയോ മറ്റു രോഗങ്ങളോ ഉള്ളവർ യാത്ര ഒഴിവാക്കണമെന്നാണ് തമിഴ്നാട് ആരോഗ്യവകുപ്പു നിർദേശിക്കുന്നത്. അത്യാവശ്യങ്ങൾക്കു മാത്രം യാത്ര നടത്തിയാൽ മതിയെന്നും ഇവർ മുന്നറിയിപ്പു നൽകുന്നുണ്ട്.
ഇന്നലെ വാളയാറിൽ മാത്രം ആയിരത്തിലേറെ വാഹനങ്ങൾ പരിശോധിച്ചു.
തമിഴ്നാട്ടിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും ആശുപത്രികളിലേക്കും പോവുന്നവർ രേഖകൾ സൂക്ഷിക്കണമെന്നും ഇല്ലെങ്കിൽ വരുംദിവസങ്ങളിൽ യാത്ര അനുവദിക്കില്ലെന്നും തമിഴ്നാട് ആരോഗ്യവകുപ്പു മുന്നറിയിപ്പു നൽകുന്നുണ്ട്. അതേസമയം, ആംബുലൻസ് ഉൾപ്പെടെയുള്ള അവശ്യസർവീസുകളും ചരക്കു വാഹനങ്ങളും പരിശോധന കൂടാതെ കടത്തിവിടുന്നുണ്ട്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]