
ദില്ലി: നിമിഷപ്രിയയുടെ വധശിക്ഷയുമായി ബന്ധപ്പെട്ട് പരസ്യപ്രതികരണം ഒഴിവാക്കി വിദേശകാര്യമന്ത്രാലയം. യെമനിൽ ഇത് ക്രമസമാധാന പ്രശ്നങ്ങൾക്ക് ഇടയാക്കില്ലെന്ന് ഉറപ്പാക്കേണ്ടതുണ്ടെന്ന് സർക്കാർ വൃത്തങ്ങൾ പറയുന്നു.
അനാവശ്യ തർക്കങ്ങൾ മോചനത്തിനുള്ള ശ്രമങ്ങളെ ബാധിക്കും. തിങ്കളാഴ്ച തന്നെ യെമൻ പ്രസിഡൻറ് വിഷയത്തിൽ ഇടപെട്ടിരുന്നു എന്നാണ് സൂചന.
തലാലിന്റെ കുടുംബത്തെ അനുനയിപ്പിക്കാനുള്ള ശ്രമം ഇന്നും തുടരും. ദയാധനം സ്വീകരിക്കുന്നതിൽ കൂടി അന്തിമതീരുമാനത്തിൽ എത്തലാണ് അടുത്ത ഘട്ടം.
വിഷയത്തിൽ ഇടപെട്ടതായി കാട്ടി കൂടുതൽ പേർ രംഗത്തെത്തുകയാണ്. കൊല്ലപ്പെട്ട
തലാലിന്റെ സഹോദരനുമായി സംസാരിച്ചതായി അവകാശപ്പെട്ട് സൗദിയിലെ മലയാളി വ്യവസായിയും രംഗത്തെത്തി. കഴിഞ്ഞ ദിവസങ്ങളിലായി കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ വഴി നടത്തിയ ചർച്ചകളും വധശിക്ഷ നീട്ടിവെക്കുന്നതിലേക്ക് നയിച്ചിരുന്നു.
കേന്ദ്രസർക്കാർ ഇക്കാര്യം തള്ളുകയും ചെയ്തിരുന്നു. യെമനി പൗരൻ തലാൽ അബ്ദു മഹ്ദിയെ കൊലപ്പെടുത്തിയ കേസിൽ നിമിഷ പ്രിയയുടെ വധശിക്ഷ ഇന്ന് നടപ്പാക്കാനാണ് നിശ്ചയിച്ചിരുന്നത്.
ശിക്ഷ നടപ്പാക്കുന്നത് നീട്ടി വയ്ക്കാൻ ഇന്ന് ഇന്ത്യൻ സമയം ഉച്ചയ്ക്ക് 12 മണിയോടെയാണ് യെമനി കോടതി ഉത്തരവ് നൽകിയത്. ശിക്ഷ മാറ്റിവച്ചെന്ന കാര്യം കേന്ദ്ര സർക്കാർ സ്ഥിരീകരിച്ചു.
ദയാധനം സ്വീകരിച്ച് മാപ്പു നൽകാനുള്ള അധികാരം ശരിയത്ത് നിയമപ്രകാരം കൊല്ലപ്പെട്ടയാളുടെ കുടുംബത്തിനാണുള്ളത്. എന്നാൽ പല ഗോത്രനേതാക്കളും കുടുംബാംഗങ്ങളും വധശിക്ഷ നടപ്പാക്കണം എന്ന ആവശ്യത്തിൽ ഉറച്ചു നിൽക്കുകയാണ്.
വധശിക്ഷയ്ക്ക് തൽക്കാലം പുതിയ തീയതി നിശ്ചയിക്കാത്തതിനാൽ ചർച്ചകൾക്ക് കുറച്ചു സമയം കിട്ടും എന്നത് ആശ്വാസമാണ്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]