
ആലപ്പുഴ∙ വേമ്പനാട്ടുകായലിൽ അനധികൃതമായി സർവീസ് നടത്തുന്ന ഹൗസ്ബോട്ടുകൾക്കെതിരെ ഉടൻ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് കേരള മാരിടൈം ബോർഡിന് സംസ്ഥാന തണ്ണീർത്തട അതോറിറ്റി കത്തുനൽകി.
വേമ്പനാട്ടുകായൽ രാജ്യാന്തര പ്രാധാന്യമുള്ള ‘റാംസർ സൈറ്റ്’ ആണെന്നും ഇതിന്റെ പരിസ്ഥിതി പ്രാധാന്യം കണക്കിലെടുത്ത് അടിയന്തരമായി നടപടിയെടുത്ത് റിപ്പോർട്ട് നൽകണമെന്നും കത്തിലുണ്ട്.
കേന്ദ്ര വനം– പരിസ്ഥിതി മന്ത്രാലയത്തിന്റെ നിർദേശപ്രകാരമാണു തണ്ണീർത്തട അതോറിറ്റിയുടെ നടപടിയെന്നാണു വിവരം.
വേമ്പനാട്ടുകായലിൽ ഹൗസ്ബോട്ടുകളുടെ എണ്ണം വർധിക്കുന്നതു കായലിന്റെ ആവാസവ്യവസ്ഥയെയും ജൈവവൈവിധ്യത്തെയും ബാധിക്കുമെന്നു കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന് പരാതികൾ ലഭിച്ചിട്ടുണ്ടെന്നു തണ്ണീർത്തട അതോറിറ്റി മെംബർ സെക്രട്ടറിയുടെ കത്തിൽ പറയുന്നു.
അനധികൃത ഹൗസ് ബോട്ടുകൾ മാലിന്യം തള്ളുന്നതുമായി ബന്ധപ്പെട്ട് തണ്ണീർത്തട
അതോറിറ്റിക്കും പരാതികൾ ലഭിച്ചിട്ടുണ്ട്. അനധികൃത ഹൗസ് ബോട്ടുകൾക്കെതിരെ നടപടിയെടുക്കണമെന്ന ഹൈക്കോടതി ഉത്തരവ് അധികൃതർ നടപ്പാക്കുന്നില്ലെന്നു പരാതിയുണ്ടെന്നും തണ്ണീർത്തട അതോറിറ്റി ചൂണ്ടിക്കാട്ടി.
അനധികൃത ബോട്ടുകളുണ്ടെന്ന് മലിനീകരണ നിയന്ത്രണ ബോർഡ്
വേമ്പനാട്ടുകായലിന് ഉൾക്കൊള്ളാവുന്നതിലും അധികം ഹൗസ് ബോട്ടുകൾ ഇവിടെ സർവീസ് നടത്തുന്നുണ്ടെന്ന് മലിനീകരണ നിയന്ത്രണ ബോർഡ് ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.
റജിസ്ട്രേഷൻ ഇല്ലാത്തതും ആലപ്പുഴയ്ക്കു പുറത്തു റജിസ്റ്റർ ചെയ്തതുമായ ഹൗസ് ബോട്ടുകൾ വേമ്പനാട്ടുകായലിൽ സർവീസ് നടത്തുന്നുണ്ടെന്നും റിപ്പോർട്ടിലുണ്ട്.
827 ഹൗസ് ബോട്ടുകളാണു ആലപ്പുഴയിൽ റജിസ്റ്റർ ചെയ്തിട്ടുള്ളത്. എന്നാൽ മലിനീകരണ നിയന്ത്രണ ബോർഡ് നടത്തിയ സാറ്റലൈറ്റ് സർവേയിൽ 928 ഹൗസ്ബോട്ടുകൾ കായലിൽ സർവീസ് നടത്തുന്നതായി കണ്ടെത്തി. തീരത്തു നിർത്തിയിട്ടിരിക്കുന്ന ഹൗസ് ബോട്ടുകൾ ഉൾപ്പെടുത്താതെയുള്ള കണക്കാണിത്. കൊല്ലം, കൊടുങ്ങല്ലൂർ എന്നിവിടങ്ങളിൽ റജിസ്റ്റർ ചെയ്ത ഹൗസ്ബോട്ടുകൾ വേമ്പനാട്ടുകായലിൽ സർവീസ് നടത്തുന്നതായി മലിനീകരണ നിയന്ത്രണ ബോർഡ് നടത്തിയ പരിശോധനയിൽ കണ്ടെത്തിയെന്നും റിപ്പോർട്ടിലുണ്ട്.
350 ഹൗസ് ബോട്ടുകൾ സർവീസ് നടത്താനുള്ള ശേഷിയാണു വേമ്പനാട്ടുകായലിനുള്ളതെന്നാണു ജലവിഭവ വിനിയോഗ കേന്ദ്രം (സിഡബ്ല്യുആർഡിഎം) 2013 ൽ നടത്തിയ പഠനത്തിൽ കണ്ടെത്തിയത്.
ഇതിന്റെ ഇരട്ടിയിലേറെ ഹൗസ് ബോട്ടുകൾക്ക്(827) ആലപ്പുഴയിൽ റജിസ്ട്രേഷൻ നൽകിയിട്ടുണ്ട്. എന്നാൽ യഥാർഥത്തിൽ സർവീസ് നടത്തുന്ന ഹൗസ് ബോട്ടുകളുടെ എണ്ണം ഇതിലുമേറെയാണെന്നു മലിനീകരണ നിയന്ത്രണ ബോർഡ് ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ട് വ്യക്തമാക്കുന്നു.
അനധികൃത ഹൗസ് ബോട്ടുകൾ മലിനീകരണം ഉണ്ടാക്കുന്നു
വേമ്പനാട്ടുകായലിൽ അനധികൃതമായി സർവീസ് നടത്തുന്ന ഹൗസ് ബോട്ടുകൾ മലിനീകരണ നിയന്ത്രണ നിബന്ധനകൾ പാലിക്കുന്നില്ലെന്നു മലിനീകരണ നിയന്ത്രണബോർഡ് ആലപ്പുഴ കലക്ടർക്കും പോർട്ട് ഓഫിസർക്കും നൽകിയ റിപ്പോർട്ടിലുണ്ട്. ഹൗസ്ബോട്ടുകളിലെ ശുചിമുറി മാലിന്യം ബോർഡ് നിഷ്കർഷിക്കുന്ന ഇടവേളകളിൽ ശുചിമുറി മാലിന്യ പ്ലാന്റുകളിലേക്കു നീക്കുകയും മലിനീകരണ നിയന്ത്രണബോർഡിൽ നിന്നും ഇതിന്റെ രസീത് കൈപ്പറ്റുകയും വേണം.
നിലവിൽ ആലപ്പുഴയിൽ റജിസ്റ്റർ ചെയ്ത ബോട്ടുകൾ മാത്രമാണ് ഇതു ചെയ്യുന്നത്.
മറ്റു സ്ഥലങ്ങളിൽ റജിസ്റ്റർ ചെയ്ത് ഇവിടെ സർവീസ് നടത്തുന്ന ഹൗസ്ബോട്ടുകളിൽ എങ്ങനെയാണു മാലിന്യം സംസ്കരിക്കുന്നത് എന്നറിയില്ല. അംഗീകാരമില്ലാത്ത ഹൗസ് ബോട്ടുകൾ നടത്തുന്ന കായൽ മലിനീകരണത്തിനെതിരെ ശക്തമായ നടപടി വേണമെന്നും മലിനീകരണ നിയന്ത്രണ ബോർഡ് റിപ്പോർട്ടിൽ ആവശ്യപ്പെട്ടു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]