
കൊല്ലം ∙ നിത്യവും സായാഹ്നങ്ങളിലും അവധി ദിവസങ്ങളിലും നൂറുകണക്കിനു കുടുംബങ്ങൾ എത്തുന്ന തിരുമുല്ലവാരം ബീച്ചിൽ കുറ്റാക്കൂരിരുട്ട്. ഇരുട്ടിന്റെ മറവിൽ സാമൂഹിക വിരുദ്ധർ തമ്പടിച്ചിട്ടും കോർപറേഷൻ അധികൃതരോ പൊലീസോ തിരിഞ്ഞു നോക്കുന്നില്ലെന്നും പരാതി.ജില്ലയിലെ ഏറ്റവും പ്രധാന പിതൃതർപ്പണ കേന്ദ്രമായ തിരുമുല്ലവാരത്തു ബീച്ചിൽ സമയം ചെലവഴിക്കാൻ എല്ലാ ദിവസങ്ങളിലും വൈകുന്നേരങ്ങളിൽ ഒട്ടേറെപ്പേർ എത്താറുണ്ട്.
ഞായറാഴ്ചകളിലും മറ്റ് അവധി ദിവസങ്ങളിലും കുടുംബങ്ങൾ ഉൾപ്പെടെ വൻ തിരക്കും അനുഭവപ്പെടും. ഇവിടെ ഗാന്ധി സ്മൃതി മണ്ഡപത്തിനു മുന്നിലെ ഹൈ മാസ്റ്റ് വിളക്ക് ഇപ്പോൾ തെളിയുന്നില്ല.
സമീപത്തെ തെരുവു വിളക്കാണു വെളിച്ചത്തിന് ആകെ ആശ്രയം.
ചിൽഡ്രൻസ് പാർക്കിനു പിറകിൽ കടലോരത്ത് ആൾക്കാർക്ക് ഇരിക്കാൻ കോൺക്രീറ്റ് ബെഞ്ചുകൾ ഉൾപ്പെടെ നിർമിച്ചിട്ടുണ്ട്. ഈ ഭാഗത്ത് ഒരു വൈദ്യുത വിളക്കു പോലും ഇല്ല.
കടലിലേക്ക് ഇറങ്ങി നിൽക്കുന്ന 2 പുലിമുട്ടുകളിൽ നേരത്തേ വൈദ്യുത വിളക്കുകൾ ഉണ്ടായിരുന്നെങ്കിലും അവ തുരുമ്പിച്ച് ഇല്ലാതായിട്ടു കാലങ്ങളായി. ഇവിടെ തീരത്തു നിന്നാൽ കാണാവുന്ന ആകെയുള്ള വെളിച്ചം കടലിൽ മത്സ്യബന്ധനം നടത്തുന്ന ബോട്ടുകളിലേതു മാത്രം !കുട്ടികൾക്കു കളിക്കാനായിട്ടുള്ള ഉപകരണങ്ങളുണ്ടായിരുന്ന ചിൽഡ്രൻസ് പാർക്ക് ഇപ്പോൾ ‘കാണാനില്ല’.
ബോർഡ് മാത്രമേയുള്ളൂ.
കളിയുപകരണങ്ങൾ രാത്രിക്കുരാത്രി എങ്ങോട്ടോ കൊണ്ടുപോയി. പകരം സ്ഥാപിക്കുമെന്ന കോർപറേഷൻ അധികൃതരുടെ പ്രഖ്യാപനം മാത്രം തിരമാല പോലെ വെറുതെ ഈ തീരത്തടിക്കുന്നു.
ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും നേരത്തേ ഇവിടെ വിവിധ പദ്ധതികൾ പ്രഖ്യാപിച്ചിരുന്നു. അതും ഒലിച്ചുപോയി.അടുത്തയാഴ്ച പിന്നിടുമ്പോൾ കർക്കടക വാവു ദിനത്തിൽ പിതൃതർപ്പണ ചടങ്ങുകൾക്കായി ഇവിടേക്ക് ആയിരങ്ങളെത്തും.
അതിനു മുൻപെങ്കിലും ഇവിടെ വിളക്കുകൾ പ്രകാശിപ്പിച്ചു സുരക്ഷിതത്വം ഉറപ്പാക്കണമെന്നാണു നാട്ടുകാരുടെ ആവശ്യം. ഇപ്പോൾ ഇരുട്ടിന്റെ മറവിൽ ഇവിടെ ലഹരി വ്യാപാരം അരങ്ങേറുന്നതായും പരാതിയുണ്ട്.
വാസുപിള്ള ജംക്ഷനുംഇരുട്ടിൽ
രാമൻകുളങ്ങര– മരുത്തടി റോഡിൽ വാസുപിള്ള ജംക്ഷൻ ഇരുട്ടിൽ.
ഹൈമാസ്റ്റ് വിളക്ക് മിഴിയടഞ്ഞതോടെ പൊട്ടിപ്പൊളിഞ്ഞ റോഡിലൂടെയുള്ള യാത്ര ദുഷ്കരം. ഇരുട്ടിന്റെ മറവിൽ മാലിന്യം തള്ളുന്നതു പതിവാകുന്നു.
കൂടാതെ തെരുവു നായ്ക്കളുടെ ശല്യവും രൂക്ഷം. കോർപറേഷൻ ഇവിടെ സ്ഥാപിച്ച ഹൈമാസ്റ്റ് ലാംപ് മിഴിയടഞ്ഞിട്ട് 5 മാസമായി.
റോഡാകെ പൊട്ടിപ്പൊളിഞ്ഞ നിലയിലാണ്. ഹൈമാസ്റ്റ് വിളക്ക് അടിയന്തരമായി അറ്റകുറ്റപ്പണി നടത്തണമെന്നു നാട്ടുകാർ ഒട്ടേറെ തവണ ആവശ്യപ്പെട്ടിട്ടും ഫലമുണ്ടായില്ല.
ശക്തികുളങ്ങര, കന്നിമേൽ, മരുത്തടി, ആലാട്ടുകാവ് എന്നീ നാലു ഡിവിഷനുകളുടെ സംഗമ സ്ഥലമാണ് വാസുപിള്ള ജംക്ഷൻ. ഇതുവഴി വട്ടക്കായലിലേക്ക് ഒഴുകുന്ന തോട്ടിൽ രാത്രിയിൽ ശുചിമുറി മാലിന്യവും പ്ലാസ്റ്റിക് മാലിന്യവും തള്ളുന്നതായും പരാതിയുണ്ട്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]