
ന്യൂഡൽഹി∙ സംസ്ഥാന എൻജിനീയറിങ് പ്രവേശനത്തിനുള്ള
റാങ്ക്ലിസ്റ്റ് സംബന്ധിച്ച കേരള ഹൈക്കോടതി വിധിക്കെതിരെ കേരള സർക്കാർ സുപ്രീം കോടതിയെ സമീപിക്കുന്നുണ്ടോയെന്ന് അറിയേണ്ടതുണ്ടെന്ന് സുപ്രീം കോടതി. ഇക്കാര്യത്തിൽ വ്യക്തത നൽകാൻ സർക്കാരിന്റെ അഭിഭാഷകനോടു നിർദേശിച്ച ബെഞ്ച് ഹർജികൾ നാളെ പരിഗണിക്കാനായി മാറ്റി.
ഓപ്ഷൻ നൽകാനുള്ള അവസാന തീയതി ഓഗസ്റ്റ് രണ്ടാണെന്ന് സിബിഎസ്ഇ വിദ്യാർഥികളുടെ അഭിഭാഷകൻ ചൂണ്ടിക്കാട്ടിയപ്പോൾ, പ്രവേശന നടപടികൾ തടസ്സപ്പെടുത്താൻ ആഗ്രഹിക്കുന്നില്ലെന്നായിരുന്നു കോടതിയുടെ മറുപടി.
പ്രവേശന കാര്യങ്ങളിലെ അനിശ്ചിതാവസ്ഥ രാജ്യത്തു ഗുരുതര പ്രശ്നം സൃഷ്ടിക്കുന്നുവെന്നും നിരീക്ഷിച്ചു.
പ്രോസ്പെക്ടസ് പ്രകാരം സർക്കാരിന് ഇതിൽ ഭേദഗതി വരുത്താനും നയപരമായ തീരുമാനം എടുക്കാനും അധികാരമുണ്ടെന്ന് കേരള സിലബസ് വിദ്യാർഥികൾ സുപ്രീം കോടതിയിൽ വാദിച്ചു. മുൻവർഷങ്ങളിലെ റാങ്ക് പട്ടിക പരിശോധിച്ചാൽ സിബിഎസ്ഇ വിദ്യാർഥികളാണ് മുന്നിൽ വരുന്നതെന്ന് വ്യക്തമാകുമെന്നും, അനുപാതം കണക്കാക്കുന്നതിലെ വ്യത്യാസം കൊണ്ടാണിതെന്നും, ഇതു പരിഹരിക്കാൻ വിദഗ്ധ സമിതിയുടെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് സർക്കാർ മാറ്റം വരുത്തിയതെന്നും കേരള സിലബസ് വിദ്യാർഥികൾക്കു വേണ്ടി അഭിഭാഷകരായ പ്രശാന്ത് ഭൂഷൺ, പി.എസ്.
സുൽഫിക്കർ എന്നിവർ വാദിച്ചു. കേരള സിലബസിൽ പഠിച്ച് 100% മാർക്ക് നേടിയവർക്കു മാത്രമാണ് റാങ്ക് പട്ടികയിൽ മുന്നിലെത്താൻ കഴിയുന്നതെന്നും ഈ അസമത്വം മാറ്റാനാണ് സർക്കാർ ശ്രമിച്ചതെന്നുമായിരുന്നു വാദം.
എന്നാൽ, റാങ്ക് പട്ടിക പ്രസിദ്ധീകരിക്കുന്നതിന് കേവലം ഒരു മണിക്കൂർ മുൻപു മാത്രമാണ് പ്രോസ്പെക്ടസിൽ മാറ്റം വരുത്തിയതെന്നും ഇതു നിയമവിരുദ്ധമാണെന്നും സിബിഎസ്ഇ വിദ്യാർഥികൾക്കു വേണ്ടി ഹാജരായ അൽജോ കെ.
ജോസഫ് വാദിച്ചു. ഹൈക്കോടതി ഡിവിഷൻ ബെഞ്ച് അപ്പീൽ തള്ളിയതോടെയാണ് ‘കീം’ റാങ്ക്ലിസ്റ്റ് ജൂലൈ 11ന് രാത്രി സർക്കാർ പുതുക്കി പ്രസിദ്ധീകരിച്ചത്.
ആദ്യ 100 റാങ്കിൽ 79 പേരും സിബിഎസ്ഇ വിദ്യാർഥികളായിരുന്നു. കേരള സിലബസ് വിദ്യാർഥികൾ 21 പേരാണ്.
കോടതി റദ്ദാക്കിയ റാങ്ക് പട്ടികയിൽ ഇതു യഥാക്രമം 55, 43 എന്നിങ്ങനെയായിരുന്നു.
മാർക്ക് ഏകീകരണരീതി മാറ്റുന്നതിനെതിരെ കോടതിയെ സമീപിച്ച സിബിഎസ്ഇ വിദ്യാർഥികൾക്കു മേൽക്കൈ നൽകുന്നതായിരുന്നു പുതുക്കിയ റാങ്ക്ലിസ്റ്റ്. ഇതോടെയാണ് കേരള സിലബസ് വിദ്യാർഥികൾ സുപ്രീംകോടതിയെ സമീപിച്ചത്.
സർക്കാർ ഇക്കൊല്ലം പുതുതായി നടപ്പാക്കിയ മാർക്ക് ഏകീകരണ ഫോർമുല നിയമവിരുദ്ധമെന്ന ഹൈക്കോടതി വിധിയെത്തുടർന്നാണ് പഴയ ഫോർമുല പ്രകാരമുള്ള റാങ്ക്ലിസ്റ്റ് പ്രസിദ്ധീകരിക്കാൻ സർക്കാർ നിർബന്ധിതമായത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]