
ചങ്ങനാശേരി ∙ ജനറൽ ആശുപത്രിയിലെ പുതിയ കെട്ടിട നിർമാണത്തിനെ തുടർന്നുള്ള പൊടിശല്യം തടയാൻ നെറ്റ് സ്ഥാപിക്കും.
ഇന്നലെ ചേർന്ന ആശുപത്രി വികസനസമിതി യോഗത്തിലാണ് തീരുമാനം. ആശുപത്രി വളപ്പിലെ മണ്ണെടുപ്പും നിർമാണങ്ങളും മൂലം ആശുപത്രിയുടെ പരിസരം മുഴുവൻ പൊടിശല്യമാണ്.
നിർമാണം നടക്കുന്ന ഭാഗം വേർതിരിച്ച് ഷീറ്റുകൾ മറയാക്കി സ്ഥാപിച്ചെങ്കിലും പൊടിക്കു കുറവില്ല. അമ്മയും കുഞ്ഞും ബ്ലോക്ക്, ഐസലേഷൻ വാർഡ് എന്നിവിടങ്ങളിലേക്കാണ് കൂടുതലായി പൊടി അടിച്ചു കയറുന്നത്. ആശുപത്രി വികസന സമിതിയംഗം കെ.എൻ.മുഹമ്മദ് സിയയും ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നു.
തുടർന്ന് നടപടിയെടുക്കാൻ ജോബ് മൈക്കിൾ എംഎൽഎ സൂപ്രണ്ടിനു നിർദേശം നൽകി.
പൂർണമായും നെറ്റ് വിരിക്കാൻ നിർമാണം നടത്തുന്നവർക്കു നിർദേശം നൽകും. ആളുകൾ കയറാതിരിക്കാനും അപകടങ്ങൾ ഒഴിവാക്കാനും നിർമാണം നടക്കുന്ന ഭാഗം പൂർണമായും അടച്ചിടാനും തീരുമാനിച്ചു.
എച്ച്എംസി നിയമിച്ച ആശുപത്രി ജീവനക്കാർ യൂണിഫോം ധരിക്കണമെന്ന വികസനസമിതി അംഗം ജോസുകുട്ടി നെടുമുടിയുടെ ആവശ്യം യോഗം അംഗീകരിച്ചു. യോഗത്തിൽ നഗരസഭാധ്യക്ഷ കൃഷ്ണകുമാരി രാജശേഖരൻ അധ്യക്ഷയായി. നഗരസഭാ ഉപാധ്യക്ഷൻ മാത്യൂസ് ജോർജ്, ആരോഗ്യ സ്ഥിരസമിതി അധ്യക്ഷ എൽസമ്മ ജോബ്, ആശുപത്രി സൂപ്രണ്ട് പ്രസീദ, പി.എൻ.നൗഷാദ്, കെ.ടി.തോമസ്, ലാലിച്ചൻ കുന്നിപ്പറമ്പിൽ, പി.എച്ച്.നാസർ, ജയിംസ് കാലാവടക്കൻ എന്നിവർ പ്രസംഗിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]