
വൈക്കം ∙ പ്രദേശത്തെ പ്രധാന റോഡുകൾ എല്ലാം തകർന്ന് കുഴികൾ രൂപപ്പെട്ട നിലയിൽ.
വൈക്കം- വെച്ചൂർ റോഡ്, ടോൾ- ചുങ്കം റോഡ്, വൈക്കം-പൂത്തോട്ട റോഡിൽ വൈക്കം ബ്ലോക്ക് ഓഫിസ് ജംക്ഷനു സമീപം എല്ലാം വലിയ കുഴികൾ ഉണ്ട്. ശക്തമായ മഴയിൽ കുഴികളിൽ വെള്ളം കെട്ടിനിൽക്കുന്നതിനാൽ താഴ്ച അറിയാതെ ഇരുചക്രവാഹന യാത്രക്കാർ അപകടത്തിനിരയാകുന്നത് പതിവാണ്.
തലയോലപ്പറമ്പ് – വൈക്കം റോഡിൽ, റോഡ് നിരപ്പിൽ നിന്ന് ഉയർത്തി ടാറിങ് നടത്തി കുഴികൾ അടച്ചതും ഇരുചക്രവാഹനത്തിൽ യാത്ര ചെയ്യുന്നവർക്ക് അപകടഭീഷണിയായി മാറിയിരിക്കുകയാണ്.
പണിയായ ശുദ്ധജലപദ്ധതി
18 വർഷം മുൻപ് ആലപ്പുഴയിലേക്കുള്ള ശുദ്ധജലം എത്തിക്കാൻ ജപ്പാൻ കുടിവെള്ള പദ്ധതിക്കായി പൈപ്പുകൾ സ്ഥാപിച്ചതോടെ ടോൾ – പാലാംകടവ് റോഡിൽ ചുങ്കം മുതൽ ടോൾ വരെയുള്ള ഭാഗത്തിന്റെ കഷ്ടകാലം ആരംഭിച്ചു. പൈപ്പുകൾ സ്ഥാപിച്ചശേഷം റോഡ് സഞ്ചാരയോഗ്യമാക്കണം എന്നതായിരുന്നു കരാർ.
പൈപ്പ് സ്ഥാപിച്ച് മാസങ്ങൾ കഴിഞ്ഞിട്ടും റോഡ് സഞ്ചാരയോഗ്യമല്ലാതെ വന്നതോടെ വിവിധ രാഷ്ട്രീയ പാർട്ടികളും ജനങ്ങളും പ്രതിഷേധവുമായി എത്തിയതോടെയാണ് ടാറിങ് നടത്തിയത്. മാസങ്ങൾ പിന്നിട്ടപ്പോൾ പല ഭാഗങ്ങളും പൈപ്പ് പൊട്ടി വെള്ളം ഒഴുകി റോഡ് വീണ്ടും തകർന്നു. മാസങ്ങളുടെ കാത്തിരിപ്പിനു ശേഷമാണു തകർന്ന ഭാഗം പുനർനിർമിച്ചത്.
നിലവിൽ റോഡിന്റെ പല ഭാഗങ്ങളിലും വലിയ കുഴികൾ രൂപപ്പെട്ട് അപകടഭീഷണിയായി മാറിയിരിക്കുകയാണ്.
വളവുകളിൽ കുഴി
മഴ ശക്തമായതോടെ വൈക്കം- വെച്ചൂർ റോഡിന്റെ പല ഭാഗങ്ങളിലും വലിയ കുഴികളാണ്. കുഴികൾ ഏറെയും റോഡിലെ വളവുള്ള സ്ഥലങ്ങളിൽ ആയതിനാൽ അപകട
സാധ്യതയും ഏറെയാണ്. ഒരടിയോളം താഴ്ചയുള്ള കുഴികളാണ് രൂപപ്പെട്ടിട്ടുള്ളത്. രണ്ട് വർഷം മുൻപ് കുമരകത്ത് നടന്ന ജി-20 ഷെർപ്പ സംഗമത്തോടനുബന്ധിച്ച് റോഡ് ടാർ ചെയ്തെങ്കിലും മഴക്കാലം എത്തിയതോടെ വീണ്ടും തകർന്ന നിലയിലാണ്.
ഒഴുകിപ്പോകാൻമാർഗമില്ല
മഴ പെയ്താൽ വൈക്കം- പൂത്തോട്ട
റോഡിൽ വൈക്കം ബ്ലോക്ക് ജംക്ഷനിൽ ഇരുവശത്തും വെള്ളക്കെട്ടാണ്. വലിയകുഴിയും രൂപപ്പെട്ടിട്ടുണ്ട്.
പിതൃകുന്നം മഹാവിഷ്ണു ക്ഷേത്രം, ഉദയനാപുരം പോസ്റ്റ് ഓഫിസ്, വ്യാപാര സ്ഥാപനങ്ങൾ തുടങ്ങിയവ ജംക്ഷനിലുണ്ട്. വാഹനങ്ങൾ പോകുമ്പോൾ ഒഴുകിപ്പോകാൻ മാർഗം ഇല്ലാതെ കുഴികളിൽ കെട്ടികിടക്കുന്ന വെള്ളം ക്ഷേത്രത്തിലേക്കും പോസ്റ്റ് ഓഫിസിലേക്കും സമീപത്തെ വ്യാപാര സ്ഥാപനങ്ങളിലേക്കും തെറിക്കുന്ന സ്ഥിതിയാണ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]