
മാവേലിക്കര ∙ കർക്കടകവാവ് ബലിതർപ്പണം നടക്കുന്ന അച്ചൻകോവിലാറ്റിലെ കണ്ടിയൂർ കടവിൽ അപകടം ഉണ്ടാകാതിരിക്കാൻ ഇരുമ്പു വേലി ഉപയോഗിച്ച് അതിർത്തി തിരിക്കാനും കടവിൽ മണൽച്ചാക്ക് അടുക്കി സുരക്ഷ ഉറപ്പാക്കാനും തീരുമാനം. ഇന്നലെ കണ്ടിയൂർ ആറാട്ടുകടവിലെ ഒരുക്കങ്ങൾ സംബന്ധിച്ചു ചേർന്ന ആലോചനാ യോഗത്തിലാണ് ഈ തീരുമാനം.
തൃക്കുന്നപ്പുഴ കഴിഞ്ഞാൽ ജില്ലയിൽ ഏറ്റവും കൂടുതൽ ആളുകൾ ബലിതർപ്പണത്തിന് എത്തുന്നത് കണ്ടിയൂരിലാണ്. 24നു പുലർച്ചെ 2.30 മുതൽ ബലിതർപ്പണം ആരംഭിക്കും.
ബലിതർപ്പണത്തിന് എത്തുന്നവരുടെ വാഹനങ്ങൾ കണ്ടിയൂർ തെക്കേനട, പുളിമൂട് പാലത്തിനു പടിഞ്ഞാറുള്ള വഴികളിലൂടെ മാത്രമേ അകത്തേക്കു പ്രവേശിപ്പിക്കുകയുള്ളൂ.
നടുക്കേ ആൽത്തറയിൽ നിന്നു വടക്കോട്ടു വാഹനങ്ങൾ പോകാൻ അനുവദിക്കില്ല. വാഹനങ്ങൾ തിരികെ പോകുന്നതിനു ബൈപാസ് റോഡ് ഉപയോഗിക്കണം.
ബലിതർപ്പണം ആരംഭിക്കുന്നതു മുതൽ ബൈപാസിലൂടെ വാഹനങ്ങൾ കണ്ടിയൂർ ഭാഗത്തേക്ക് പോകാൻ അനുവദിക്കില്ല.
കണ്ടിയൂർ ക്ഷേത്രത്തിനു സമീപം ഒരു വശത്തു മാത്രമായിരിക്കും പാർക്കിങ്. കണ്ടിയൂർ കടവിൽ നഗരസഭ, ആരോഗ്യവകുപ്പ്, അഗ്നിരക്ഷാസേന എന്നിവയുടെ സേവനം ഉണ്ടാകും.
ആംബുലൻസ് സൗകര്യം ഉണ്ടാകും. ബലിതർപ്പണത്തിനു എത്തുന്ന സ്ത്രീകൾക്കു വസ്ത്രം മാറുന്നതിനു പ്രത്യേക സൗകര്യം ഒരുക്കും.
തർപ്പണത്തിനു മുന്നോടിയായി നഗരസഭയുടെ നേതൃത്വത്തിൽ പ്രദേശത്തു ശുചീകരണ പ്രവർത്തനം ആരംഭിച്ചു.
പൊതുമരാമത്ത് റോഡിന്റെ അറ്റകുറ്റപ്പണി നടത്തും. നടുക്കേ ആൽത്തറയ്ക്കും പള്ളിവേട്ട
ആൽത്തറയ്ക്കും ഇടയിൽ തകർന്നു കിടക്കുന്ന ഭാഗം താൽക്കാലികമായി നവീകരിക്കുന്നതു സംബന്ധിച്ച് ആലോചിക്കും. കർമം കൃത്യമായി അറിയുന്നവരെ നിയോഗിക്കണമെന്നു ദേവസ്വം ബോർഡിനോടു യോഗം ആവശ്യപ്പെട്ടു.
അവലോകന യോഗം എം.എസ്.അരുൺകുമാർ എംഎൽഎ ഉദ്ഘാടനം ചെയ്തു.
നഗരസഭ അധ്യക്ഷൻ നൈനാൻ സി.കുറ്റിശേരിൽ, കൗൺസിലർ കെ.ഗോപൻ, തഹസിൽദാർ അനീഷ് ഈപ്പൻ, ഡപ്യൂട്ടി തഹസിൽദാർ കെ.സുരേഷ് ബാബു, കണ്ടിയൂർ മഹാദേവർ ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് വി.ശശിധരൻ നായർ, പൊലീസ്, എക്സൈസ്, ദേവസ്വം, ആരോഗ്യം, മോട്ടർവാഹന, ജലഅതോറിറ്റി, കെഎസ്ഇബി, പൊതുമരാമത്ത്, അഗ്നിരക്ഷാസേന, ഇറിഗേഷൻ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]