
അയ്യന്തോൾ ∙ കലക്ടറേറ്റിനു സമീപത്തെ ചിൽഡ്രൻസ് പാർക്കിനു സമീപമെത്തിയാൽ പുത്തൂർ സുവോളജിക്കൽ പാർക്കിന്റെ ശാഖ കുട്ടികൾക്കായി തുറന്നോ എന്നു തോന്നിപ്പോകും ! കാടും മനുഷ്യരും മൃഗങ്ങളും തമ്മിലുള്ള സഹവാസമാണ് ഇവിടത്തെ പ്രത്യേകത.
പാമ്പുകൾ, മാസങ്ങളായി കൂട്ടിയിട്ടിരിക്കുന്ന മരച്ചില്ലകൾ, തടിക്കഷണങ്ങൾ തുടങ്ങി കാടിന്റെതായ അന്തരീക്ഷം ഇവിടെ വളർത്തിയെടുത്തിട്ടുണ്ട്.കുട്ടികളെയും കൂട്ടി പാർക്കിൽ പോയി കളിക്കണമെങ്കിലോ അൽപനേരം ചെലവഴിക്കണമെങ്കിലോ രക്ഷിതാക്കൾ പാമ്പുപിടിത്തക്കാരനെയും കൂടെക്കൂട്ടണമെന്നു മാത്രം! ഉഗ്ര വിഷമുള്ള പാമ്പുകളുടെ താവളമാണ് ഇവിടം.
പാർക്കിനുള്ളിൽ മതിലിനു സമീപത്തും നടപ്പാതകളിലും ചാരുബെഞ്ചുകളിലും കുട്ടികളുടെ കളി ഉപകരണങ്ങൾക്ക് അരികിലും മരച്ചില്ലകളും മരത്തടികളും കുന്നുകൂട്ടി ഇട്ടിരിക്കുകയാണ്.
ഇലകൾ ചീഞ്ഞു ദുർഗന്ധമാണ്. കൊതുക്, ഈച്ച, എലി, പെരുച്ചാഴി എന്നിവയുടെ ശല്യവും കൂടി. ഒരു ചിരട്ടയിൽ പോലും വെള്ളം കെട്ടിനിർത്തരുതെന്ന് നിർദേശിക്കുന്ന ആരോഗ്യ വിഭാഗം അധികൃതർ പോലും പാർക്കിലെ അനാരോഗ്യകരമായ ചുറ്റുപാട് കാണാത്ത സ്ഥിതിയാണ്. അയ്യന്തോൾ, ഒളരി, ചേറ്റുപുഴ, അരണാട്ടുകര, ലാലൂർ, പുതൂർക്കര, പുറനാട്ടുകര തുടങ്ങി സമീപ പ്രദേശങ്ങളിലെ ഒട്ടേറെ പേർ പ്രഭാത നടത്തത്തിനും വ്യായാമത്തിനും കുട്ടികളുടെ മാനസികോല്ലാസത്തിനും എത്തുന്ന പാർക്കിന്റെ അവസ്ഥയാണിത്.
പാർക്കിന്റെ ദുരവസ്ഥ മാറ്റണമെന്നാവശ്യപ്പെട്ട് ജില്ലാ ഉപഭോക്തൃ സമിതി പ്രസിഡന്റ് ജയിംസ് മുട്ടിക്കൽ കലക്ടർക്ക് നിവേദനം നൽകിയിരുന്നു.
നടപടി ആവശ്യപ്പെട്ട് കലക്ടർ നൽകിയ നിർദേശം തഹസിൽദാർ അയ്യന്തോൾ വില്ലേജ് ഓഫിസർക്കു കൈമാറിയെങ്കിലും നടപടിയുണ്ടായില്ല. വില്ലേജ് ഓഫിസർ സോഷ്യൽ ഫോറസ്ട്രിയെ വിവരം ധരിപ്പിച്ചെങ്കിലും സ്ഥലം തങ്ങളുടേതല്ല എന്നാണ് മറുപടി ലഭിച്ചത്.
സ്ഥലം ഉടമയായ റവന്യു വകുപ്പിന് ഒട്ടേറെ തവണ നിവേദനം നൽകിയിട്ടും നടപടി ഉണ്ടായില്ലെന്ന് ജയിംസ് പറഞ്ഞു.
രാവിലെ 6 മുതൽ 10 വരെയും വൈകിട്ട് 4 മുതൽ 8 വരെയുമാണ് പ്രവർത്തനം. മേൽക്കൂരയുള്ളതിനാൽ മഴ നനയാതെ നടക്കാനും വ്യായാമം ചെയ്യാനും സാധിക്കും. ഓപ്പൺ ജിമ്മുമുണ്ട്.
രാവിലെ സൗജന്യ യോഗ ക്ലാസും നടക്കുന്നുണ്ട്. സിവിൽ ലൈൻ പാർക്ക് വാക്കേഴ്സ് ക്ലബ് നിവേദനം നൽകിയതിനെത്തുടർന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി പാർക്കിന്റെ നവീകരണത്തിന് 25 ലക്ഷം രൂപ അനുവദിച്ചിരുന്നു. ഇതിന്റെ എസ്റ്റിമേറ്റ് പ്രവൃത്തികൾ നടക്കുകയാണ്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]