കോട്ടയം ∙ കളനാശിനികളിൽ ഉപയോഗിക്കുന്ന വിഷപദാർഥമായ പാരക്വാറ്റ് (Paraquat) ഉള്ളിൽച്ചെന്ന് 6 മാസത്തിനുള്ളിൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയ 26 പേരിൽ 23 പേരും മരിച്ചു. ആത്മഹത്യയ്ക്കായി ശ്രമിച്ചവരും അബദ്ധത്തിൽ ഉള്ളിൽച്ചെന്നവരും കളനാശിനി പ്രയോഗത്തിനിടെ വിഷാംശം ഉള്ളിൽച്ചെന്നവരും ഇതിൽ ഉൾപ്പെടും. ഇടുക്കി ജില്ലയിൽ തമിഴ്നാടിന്റെ അതിർത്തിയോടു ചേർന്നുള്ള ഭാഗത്തു നിന്നുള്ളവരാണു കൂടുതലും എത്തുന്നതെന്ന് അധികൃതർ പറഞ്ഞു.
കേരളത്തിൽ ഇതിന്റെ ഉപയോഗം 2011ൽ നിരോധിച്ചിരുന്നു.
അപ്പോഴും തമിഴ്നാട്ടിൽ ഇതു സുലഭമായി ലഭിക്കുമായിരുന്നു. 2022ൽ നിരോധനം ഹൈക്കോടതി പിൻവലിച്ചു. കൃഷിയിടങ്ങളിൽ ഉപയോഗിക്കുന്നതിൽ മാരക കളനാശിനിയാണു പാരക്വാറ്റ് അടങ്ങിയവ.
15 മില്ലിലീറ്റർ ശരീരത്തിലെത്തിയാൽ രക്ഷിക്കുക അസാധ്യമാണെന്നു വിദഗ്ധ ഡോക്ടർമാർ പറഞ്ഞു.
തിരിച്ചറിയാതെ പോകുന്നു
∙ ആശുപത്രിയിൽ എത്തുന്നതു പലപ്പോഴും എലിപ്പനിയുടെയും മറ്റു പകർച്ചവ്യാധികളുടെയും ലക്ഷണങ്ങളോടെയാണെന്നു മെഡിസിൻ വിഭാഗം ഡോക്ടർമാർ പറഞ്ഞു. ആദ്യം വായിൽ പൊള്ളലേൽക്കും. മറ്റു വലിയ പ്രശ്നങ്ങൾ ഉടൻ ഉണ്ടാകണമെന്നില്ല.
ഛർദി ഉണ്ടാകാം, ക്രമേണ വൃക്ക, കരൾ തുടങ്ങി പ്രധാന ആന്തരികാവയവങ്ങൾ ഓരോന്നും തകരാറിലാകും. ആ സമയത്താകും ആശുപത്രിയിൽ എത്തുന്നത്.
ശ്വാസകോശത്തെ ബാധിക്കുക അവസാനമാണ്.
ശ്വാസകോശത്തിലെത്തുന്ന വിഷം വിഘടിച്ച് ‘ഓക്സിജൻ വിഷമാകുന്ന’ അവസ്ഥയുണ്ടാക്കുന്നു. ഈ സമയത്ത് ഓക്സിജൻ കൊടുക്കാൻ പോലും സാധിക്കുകയില്ല.
42 ദിവസം വരെ ജീവിച്ചിരിക്കാമെന്നും ഡോക്ടർമാർ പറഞ്ഞു. എന്നാൽ ഉള്ളിലെത്തിയ വിഷത്തിന്റെ അംശം കൂടുന്നതനുസരിച്ചു നേരത്തേ തന്നെ മരണം സംഭവിക്കാം.
ഉപയോഗം
∙ റബർ, കാപ്പി, ഏലം, തേയില കൃഷിയിടങ്ങളിൽ കളകൾ നശിപ്പിക്കാൻ ഉപയോഗിക്കുന്നു.
പുരയിടങ്ങളിൽ കാടു നശിപ്പിക്കാനും ഉപയോഗിക്കുന്നു.
ലഭ്യത
∙ കൃഷി ഓഫിസറുടെ കുറിപ്പടി വേണമെന്നൊക്കെ ചട്ടമുണ്ടെങ്കിലും കുറിപ്പടി ഇല്ലാതെയും പലരും വിൽക്കുന്നുണ്ട്.
രോഗം വളരെ കൂടിയതിനു ശേഷമാകും പലപ്പോഴും തിരിച്ചറിയുന്നത്. ആദ്യദിവസങ്ങളിൽ ആശുപത്രിയിൽ എത്തിക്കുകയാണെങ്കിൽ രക്ഷിക്കാൻ നേരിയ സാധ്യതയുണ്ട്.
ഡോ.
ടി.ആർ.രാധ മെഡിസിൻ വിഭാഗം മേധാവി കോട്ടയം മെഡിക്കൽ കോളജ് …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]