
താരിഫ് യുദ്ധത്തിന് പിന്നാലെ ഭൗമരാഷ്ട്രീയ സംഘർഷവും കടുപ്പിക്കാൻ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. റഷ്യയെ ആക്രമിക്കാൻ യുക്രെയ്ന് ഇനി ആയുധങ്ങൾ നൽകില്ലെന്ന് നേരത്തേ പറഞ്ഞ ട്രംപും വൈറ്റ്ഹൗസും ഇന്നലെ മലക്കംമറിഞ്ഞു.
റഷ്യയുടെ ആക്രമണം ചെറുക്കാനും തിരിച്ചടിക്കാനുമായി നാറ്റോ മുഖേന യുക്രെയ്ന് വൻതോതിൽ ആയുധങ്ങൾ നൽകാനാണ് പുതിയ തീരുമാനം.
റഷ്യയുടെയും പുട്ടിന്റെയും നിലപാടുകളിൽ കടുത്ത അമർഷമുണ്ടെന്ന് വ്യക്തമാക്കിയ ട്രംപ്, 50 ദിവസത്തിനുള്ളിൽ സമാധാനക്കരാർ യാഥാർഥ്യമായില്ലെങ്കിൽ റഷ്യയിൽ നിന്ന് ക്രൂഡ് ഓയിൽ ഉൾപ്പെടെ വാങ്ങുന്ന രാജ്യങ്ങൾക്കുമേൽ 100% ഇറക്കുമതി തീരുവ ചുമത്തുമെന്ന് ഭീഷണി മുഴക്കി. പുട്ടിൻ രാവിലെ സമാധാനം പറയുകയും വൈകിട്ട് ബോംബിടുകയും ചെയ്യുന്നയാളാണെന്ന് കഴിഞ്ഞദിവസം ട്രംപ് വിമർശിച്ചിരുന്നു.
നിലവിൽ ഇന്ത്യ, ചൈന, ബ്രസീൽ, തുർക്കി എന്നിവയാണ് റഷ്യയിൽ നിന്ന് കൂടുതലായി എണ്ണ ഇറക്കുമതി ചെയ്യുന്നവ. ട്രംപിന്റെ ഭീഷണി തിരിച്ചടിയാവുക ഈ രാജ്യങ്ങൾക്കുമായിരിക്കും.
റഷ്യയെ സാമ്പത്തികമായി കൂടുതർ വരിഞ്ഞുമുറുക്കുക കൂടി ലക്ഷ്യമിട്ടാണ് ട്രംപിന്റെ നീക്കം.
താരിഫ് യുദ്ധത്തിൽ സമാധാനം?
ട്രംപ് കഴിഞ്ഞദിവസം യൂറോപ്യൻ യൂണിയൻ, മെക്സിക്കോ എന്നിവയ്ക്കുമേൽ 30% ഇറക്കുമതി തീരുവ പ്രഖ്യാപിച്ചിരുന്നു. ഓഗസ്റ്റ് ഒന്നിനാണ് പ്രാബല്യത്തിലാവുക.
ഇന്ത്യ-യുഎസ് വ്യാപാരക്കരാറും ഇനിയും യാഥാർഥ്യമായിട്ടില്ല. അതേസമയം, ട്രംപ് താരിഫിൽ കടുംപിടിത്തം തുടരുകയാണെങ്കിലും ഓഗസ്റ്റ് ഒന്നിനകം യുഎസുമായി ചർച്ചകൾ സാധ്യമാകുമെന്നും കുറഞ്ഞ താരിഫിലേക്ക് എത്താനാകുമെന്നുമാണ് ഒട്ടുമിക്ക രാജ്യങ്ങളുടെയും പ്രതീക്ഷകൾ.
അമേരിക്കൻ പണപ്പെരുപ്പം ഇന്ന്, ബാങ്കുകളുടെ ‘ഫലത്തിലും’ ആശങ്ക
ട്രംപിന്റെ പുതിയ താരിഫ് പ്രഖ്യാപന പശ്ചാത്തലത്തിലും യുഎസ് ഓഹരി സൂചികകൾ ഇന്നലെ മികച്ച നേട്ടമുണ്ടാക്കി.
ഡൗ ജോൺസ് 0.2%, എസ് ആൻഡ് പി500 സൂചിക 0.1%, നാസ്ഡാക് 0.3% എന്നിങ്ങനെ ഉയർന്നു. അതേസമയം, ഇന്ന് യുഎസിന്റെ പണപ്പെരുപ്പക്കണക്ക് പുറത്തുവരുമെന്നത് ആശങ്കയും ആകാംക്ഷയും ഉയർത്തുന്നു.
പണപ്പെരുപ്പം കൂടിയാൽ അടിസ്ഥാന പലിശനിരക്ക് താഴാനുള്ള സാധ്യതമങ്ങും. ഇത് യുഎസിൽ പുതിയ ഏറ്റമുട്ടലിനുള്ള പോർമുഖം തുറക്കും.
നിലവിൽ ട്രംപും കേന്ദ്രബാങ്കായ ഫെഡറൽ റിസർവും പലിശയെച്ചൊല്ലി കടുത്ത ഭിന്നതയിലാണ്.
ട്രംപ് ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും പലിശ കുറയ്ക്കാൻ ബാങ്ക് തയാറായിട്ടില്ല.
ജെപി മോർഗൻ ചെയ്സ്, സിറ്റി ഗ്രൂപ്പ്, ഗോൾഡ്മാൻ സാക്സ്, മോർഗൻ സ്റ്റാൻലി, ബാങ്ക് ഓഫ് അമേരിക്ക തുടങ്ങിയ വൻകിട ബാങ്കുകളുടെ പ്രവർത്തനഫലം ഈയാഴ്ച പുറത്തുവരുമെന്നതും യുഎസ് വിപണികളിൽ ആശങ്ക വിതയ്ക്കുന്നു.
യുഎസ് ഫ്യൂച്ചേഴ്സ് വിപണിയിൽ ഡൗ ജോൺസ് 0.07%, എസ് ആൻഡ് 500 ഫ്യൂച്ചേഴ്സ്, നാസ്ഡാക് 100 ഫ്യൂച്ചേഴ്സ് 0.1% എന്നിങ്ങനെ ഇടിഞ്ഞു.
ജിഡിപിയിൽ കുതിച്ച് ചൈന
പ്രതീക്ഷകളെ കടത്തിവെട്ടി കഴിഞ്ഞപാദത്തിൽ ചൈനയുടെ ജിഡിപി വളർച്ചാക്കുതിപ്പ്. നിരീക്ഷകർ പ്രവചിച്ചത് 5.1 ശതമാനമായിരുന്നു.
എന്നാൽ, 5.2% വളർച്ച കൈവരിച്ചുവെന്ന് ചൈനയുടെ നാഷനൽ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സ് വ്യക്തമാക്കി. അതേസമയം, റീട്ടെയ്ൽ വിൽപന 5.4% പ്രതീക്ഷിത വളർച്ചയിൽ നിന്ന് 4.8 ശതമാനത്തിലേക്ക് ഒതുങ്ങി.
വ്യാവസായിക വളർച്ച 5.7 പ്രതീക്ഷിച്ചിടത്ത് 6.8 ശതമാനമായത് നേട്ടമായി. ചൈനയുടെ ജൂണിലെ മൊത്തം കയറ്റുമതി നിരീക്ഷകർ പ്രവചിച്ച 5 ശതമാനത്തെയും മറികടന്ന് 5.8% ഉയർന്നിരുന്നു.
അപൂർവ മൂലകങ്ങളുടെ (റെയർ എർത്ത്) കയറ്റുമതി 60 ശതമാനവും കുതിച്ചു.
അതേസമയം, ചൈനയിൽ ഷാങ്ഹായ് ഓഹരി വിപണി 0.07% നഷ്ടത്തിലാണുള്ളത്. ഹോങ്കോങ് സൂചിക 1.30% കുതിച്ചുയർന്നു.
ജാപ്പനീസ് നിക്കേയ് 0.23 ശതമാനവും ഉയർന്നു. യൂറോപ്പിൽ എഫ്ടിഎസ്ഇ 0.64% ഉയർന്ന് റെക്കോർഡ് കുറിച്ചു.
ആശങ്കയൊഴിയാതെ ഇന്ത്യ
ഐടി ഓഹരികളുടെ മോശം പ്രകടനമാണ് ഇന്നലെ ഇന്ത്യൻ ഓഹരി വിപണികളെ വലച്ചത്.
താരിഫ് ആശങ്ക ഒഴിയുന്നതും ഇന്ത്യ-യുഎസ് ഡീൽ ഉടനുണ്ടായേക്കുമെന്ന പ്രതീക്ഷകളും പണപ്പെരുപ്പം കുറഞ്ഞതും ഇന്ന് ഓഹരി വിപണിക്ക് ആനുകൂലമായേക്കും. 2.10 ശതമാനത്തിലേക്കാണ് കഴിഞ്ഞമാസം റീട്ടെയ്ൽ പണപ്പെരുപ്പം കുറഞ്ഞത്.
ഭക്ഷ്യവിലപ്പെരുപ്പമാകട്ടെ പൂജ്യത്തിനും താഴെയുമെത്തി.
ഗിഫ്റ്റ് നിഫ്റ്റി ഇന്നു നേരിയ നഷ്ടത്തിലാണ് (-0.02%) രാവിലെയുള്ളത്. സെൻസെക്സും നിഫ്റ്റിയും ഇന്ന് നേട്ടത്തിലേറിയേക്കാമെന്നാണ് പ്രതീക്ഷകൾ.
ഇന്നലെ നിഫ്റ്റി 67 പോയിന്റ് (-0.27%) താഴ്ന്ന് 25,082ലും സെൻസെക്സ് 247 പോയിന്റ് (-0.30%) നഷ്ടവുമായി 82,253ലുമാണ് വ്യാപാരം പൂർത്തിയാക്കിയത്.
ഇടിഞ്ഞ് സ്വർണവും എണ്ണയും
താരിഫ് യുദ്ധം ശമിക്കുന്നുവെന്ന പ്രതീക്ഷകളും ഓഹരി വിപണിയുടെ കരകയറ്റവും സ്വർണവിലയെ വീണ്ടും താഴേക്കുനയിച്ചു. ഇന്നലെ ഔൺസിന് 3,360 ഡോളറിന് മുകളിലെത്തിയ രാജ്യാന്തര സ്വർണവില ഇന്നു 3,341 ഡോളർ വരെ താഴ്ന്നു.
ഈ നിലവാരം തുടരാനായാൽ കേരളത്തിലും ഇന്നു വിലകുറഞ്ഞേക്കാം.
ക്രൂഡ് ഓയിൽ വിലയും താഴുകയാണ്. ഇന്നലെ ബാരലിന് 68-70 ഡോളർ നിലവാരത്തിലായിരുന്ന വില ഇപ്പോഴുള്ളത് 66-68 ഡോളറിൽ.
ബ്രെന്റ് ക്രൂഡ് വില 70 ഡോളറിന് മുകളിൽ നിന്ന് 68.99 ഡോളറിലേക്ക് താഴ്ന്നു.
(Disclaimer: ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട്/ക്രിപ്റ്റോകറൻസി മുതലായവ വാങ്ങാനോ വില്ക്കാനോ ഉള്ള നിര്ദേശമോ ഉപദേശമോ അല്ല. ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്.
നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള് സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്റെ ഉപദേശം തേടുകയോ ചെയ്യുക) …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]