
നടവയൽ ∙ പൂതാടി പഞ്ചായത്തിലെ നെയ്ക്കുപ്പ എകെജിയിൽ വീണ്ടും കുട്ടിയാനയുടെ ആക്രമണം. പ്രദേശത്തെ വീടുകളോടു ചേർന്നുള്ള ഷെഡും വളർത്തു മൃഗങ്ങളുടെ കൂടുകളും തകർത്തു.
കഴിഞ്ഞ രാത്രിയാണു നാശം വരുത്തിയത്. ആനയുടെ ആക്രമണത്തിൽ നിന്നു ഭാഗ്യം കൊണ്ടാണു കാരിക്കുട്ടത്തിൽ ബൈജു, നെയ്ക്കുപ്പ ഗംഗാധരൻ, പന്നിക്കോട്ട് ബേബിച്ചൻ, താഴ്ത്തുവീട്ടിൽ ബേബി എന്നിവർ രക്ഷപ്പെട്ടത്.
വീട്ടുമുറ്റത്ത് കാട്ടാന എത്തിയതറിഞ്ഞ് ഓടിക്കാനായി ടോർച്ച് ലൈറ്റ് തെളിച്ചപ്പോൾ ഇവർക്കു നേരെ കാട്ടാന പാഞ്ഞടുത്തു.
ബൈജുവിന്റെ വീടിനു പിന്നിലെ നായയുടെയും കോഴിയുടെയും കൂടുകൾ തകർത്തു. വീടിന്റെ പിൻവശത്തെ വാഷിങ് മെഷീനും വെള്ളം നിറയ്ക്കുന്ന വീപ്പയും നശിപ്പിച്ചു.
ബേബിച്ചന്റെയും ഗംഗാധരന്റെയും വിറകു പുരയുടെ മേൽക്കൂരയും വളർത്തു നായ്ക്കളുടെ കൂടുകളും തകർത്തതിനു പുറമേ താഴത്തു വീട്ടിൽ ബേബിയുടെ വീട്ടുമുറ്റത്തു നിർത്തിയിട്ടിരുന്ന ബൈക്കും തകർത്തു.
കക്കോടൻ ബ്ലോക്കിൽ ഇറങ്ങിയ കാട്ടാന കണ്ടേത്ത് ജോയി, വടക്കാഞ്ചേരി ജോസ് എന്നിവരുടെ കൃഷിയിടത്തിൽ ഇറങ്ങിയും വൻ നാശനഷ്ടം വരുത്തി. ദിവസങ്ങളായി തുടരുന്ന കാട്ടാന ശല്യത്തിനു നടപടി സ്വീകരിക്കാത്ത വനം വകുപ്പിനെതിരെ നാട്ടുകാർക്കിടയിൽ പ്രതിഷേധം ശക്തമാണ്.
പാതിരി സൗത്ത് സെക് ഷൻ വനത്തിൽ നിന്നു ജനവാസ മേഖലയിൽ ഇറങ്ങി കുളിമുറിയിൽ എത്തി സോപ്പ്, സോപ്പ് പൊടി എന്നിവ ഭക്ഷിക്കുന്ന കാട്ടാന ഒരു മാസമായി പ്രദേശത്തുകാരുടെ സ്വൈര ജീവിതം തകർക്കുകയാണ്.
സന്ധ്യയാകും മുൻപു വനത്തിൽ നിന്ന് ഇറങ്ങുന്ന ഉയരം കുറഞ്ഞ കുട്ടിയാന നാട്ടുകാരുടെ വീടിനു സമീപം എത്തി പാത്രങ്ങളും മറ്റും ചവിട്ടി നശിപ്പിക്കും. അടച്ചുറപ്പില്ലാത്ത വീടുകളുടെ അടുക്കളയിൽ വരെ കയറി അരിയും പഞ്ചസാര അടക്കമുള്ള ഭക്ഷണ സാധനങ്ങളും അകത്താക്കും.
മുൻപു തിരുനെല്ലി, തോൽപെട്ടി ഭാഗത്തു ശല്യക്കാരൻ ആയിരുന്ന കുട്ടിയാനയാണു നെയ്ക്കുപ്പ പ്രദേശത്ത് എത്തി നാട്ടുകാരുടെ ഉറക്കം നഷ്ടപ്പെടുത്തുന്നതെന്നു നാട്ടുകാർ പറയുന്നു.
കുട്ടിയാന നാശം വരുത്തിയത് അറിഞ്ഞു വനം വകുപ്പ് അധികൃതർ സ്ഥലത്ത് എത്തി. കോടികൾ മുടക്കി ആരംഭിച്ച ക്രാഷ് ഗാർഡ് വേലിയുടെ പണി കരാറുകാരൻ ഉപേക്ഷിച്ചു പോയതോടെ നാട്ടുകാരും വനംവകുപ്പും ചേർന്നു കക്കോടം ബ്ലോക്ക് മുതൽ മേക്കപ് ഫോറസ്റ്റ് ഓഫിസ് വരെ തൂക്കുവേലി സ്ഥാപിച്ചെങ്കിലും ഇതിനടിയിലൂടെ ആണു ഈ കുട്ടിയാന കൃഷിയിടങ്ങളിൽ എത്തി നാശനഷ്ടം വരുത്തുന്നത്.
ഇന്നലെ പകൽ ഈ ആന തൊഴിലുറപ്പു ജോലിക്കാർ ജോലി ചെയ്യുന്നതിനു സമീപം എത്തിയും ഭീതി പരത്തിയിരുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]