
പാലക്കാട് ∙ മാസങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ സാന്ത്വനമായി ദമ്പതികൾക്ക് പഞ്ചായത്തിന്റെ കൈത്താങ്ങെത്തി.
പുതുപ്പരിയാരം പഞ്ചായത്തിലെ ഹരിതകർമസേനയുടെ ട്രാക്ടറിൽനിന്നു വീണ മാലിന്യച്ചാക്കിൽ തട്ടി ബൈക്ക് മറിഞ്ഞു പരുക്കേറ്റ വി.വിഷ്ണു, അജീന ദമ്പതികൾക്ക് 7,77,426 ലക്ഷം രൂപയുടെ ചെക്ക് കൈമാറി. ചികിത്സയ്ക്കായി ആകെ ചെലവായ തുകയാണു പഞ്ചായത്ത് തനതു ഫണ്ടിൽനിന്ന് അനുവദിച്ചത്. സാമ്പത്തികമായി പ്രയാസമനുഭവിക്കുന്ന കുടുംബം ചികിത്സയ്ക്കായുള്ള പണത്തിന് ഏറെ ബുദ്ധിമുട്ടിയിരുന്നു.
കടം വാങ്ങിയും ആകെയുണ്ടായിരുന്ന ആഭരണങ്ങൾ വിറ്റും കിട്ടിയ പണം ചെലവഴിച്ചാണു ചികിത്സ നടത്തിയിരുന്നതെന്ന് ‘മനോരമ’ ഒട്ടേറെ തവണ വാർത്തയായി നൽകിയിരുന്നു. വാർത്ത ശ്രദ്ധയിൽപ്പെട്ട
ഉടനെ സ്ഥലം എംഎൽഎ എ.പ്രഭാകരനും മന്ത്രി എം.ബി.രാജേഷും ഇടപെട്ടു. പുതുപ്പരിയാരം പഞ്ചായത്ത് പ്രസിഡന്റ് പി.ആർ.ബിന്ദു മാർച്ചിൽ നൽകിയ നിവേദനത്തെ തുടർന്നു മന്ത്രി പിന്നീട് ഫണ്ട് അനുവദിക്കുകയായിരുന്നു.
ഫെബ്രുവരി 18നു മുട്ടിക്കുളങ്ങര എയുപി സ്കൂളിനു മുന്നിലായിരുന്നു അപകടം.
അന്ന് 7 മാസം ഗർഭിണിയായിരുന്ന അജീന, പരിശോധനയ്ക്കായി ഭർത്താവ് വിഷ്ണുവിനൊപ്പം ആശുപത്രിയിലേക്കു ബൈക്കിൽ പോകുന്നതിനിടെയായിരുന്നു അപകടം. അപകടത്തിൽ വയറിനേറ്റ ആഘാതം കാരണം അജീന പ്രസവിച്ച് ആറു ദിവസങ്ങൾക്കകം ഒരു കുഞ്ഞു മരിച്ചു.
മറ്റേ കുഞ്ഞ് പൂർണ വളർച്ചയെത്തും വരെ ചികിത്സയിലും നിരീക്ഷണത്തിലുമായിരുന്നു.
ഭാവിയിൽ ഇത്തരം അപകടങ്ങൾ സംഭവിക്കാതിരിക്കാൻ ഹരിതകർമ സേനാംഗങ്ങൾ ജാഗ്രത പുലർത്തണമെന്നും ധനസഹായം കൈമാറുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്തു കൊണ്ടു എ.പ്രഭാകരൻ എംഎൽഎ പറഞ്ഞു. ദമ്പതികൾക്ക് അനുവദിച്ചു കിട്ടാൻ പഞ്ചായത്ത് ഭരണസമിതിയുടെ അശാന്ത പരിശ്രമത്തെ എംഎൽഎ അഭിനന്ദിച്ചു.
ചെക്ക് വിഷ്ണു ഏറ്റുവാങ്ങി. പഞ്ചായത്ത് പ്രസിഡന്റ് പി.ആർ.ബിന്ദു അധ്യക്ഷയായി. പിന്തുണച്ച എല്ലാവർക്കും നന്ദിയുണ്ടെന്നും അജീനയും കുഞ്ഞും സുഖം പ്രാപിച്ചു വരുന്നതായും വിഷ്ണു പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]