
കൽപറ്റ ∙ നഗരസഭയിലെ സമ്പൂർണ സൗജന്യ കുടിവെള്ള കണക്ഷൻ വിതരണത്തിനു കൗൺസിൽ അംഗീകാരമായി. അമൃത് 2.0 പദ്ധതിയിൽ ഉൾപ്പെടുത്തിയാണു നഗരസഭയിൽ എല്ലാ ഡിവിഷനുകളിലെയും വീടുകളിൽ സൗജന്യ ശുദ്ധജല വിതരണ കണക്ഷൻ നൽകുന്ന ബൃഹദ് പദ്ധതി തുടങ്ങുന്നത്. സംസ്ഥാനത്ത് ആദ്യമായാണ് ഒരു തദ്ദേശ സ്ഥാപനത്തിൽ സമ്പൂർണ സൗജന്യ കുടിവെള്ള കണക് ഷൻ നൽകുന്ന പദ്ധതി നടപ്പിലാക്കുന്നതെന്നു നഗരസഭാധ്യക്ഷൻ ടി.ജെ.ഐസക് പറഞ്ഞു.
പദ്ധതിയുടെ ഭാഗമായി നഗരസഭയിലെ നിലവിലെ 28 ഡിവിഷനുകളിലും കാലപ്പഴക്കം ചെന്ന പൈപ്പ് ലൈനുകൾ 65 കിലോ മീറ്റർ നീളത്തിൽ പൂർണമായും മാറ്റി സ്ഥാപിക്കും.
ശുദ്ധജല വിതരണ കണക് ഷൻ ലഭ്യമല്ലാത്ത മുഴുവൻ വീടുകളിലേക്കും സൗജന്യമായി ജലവിതരണ കണക്ഷനുകൾ നൽകും.
സാങ്കേതിക പ്രശ്നത്തിൽ ശുദ്ധജല വിതരണം കൃത്യമായി നടപ്പിലാക്കാൻ സാധിക്കാത്ത ഏറ്റവും ഉയർന്ന പ്രദേശമായ മൂവട്ടികുന്നിലേക്ക് 50,000 ലീറ്റർ ശേഷിയുള്ള ശുദ്ധജല സംഭരണി നിർമിച്ച് 7.5 കിലോമീറ്റർ നീളത്തിൽ വിതരണ പൈപ്പ് ലൈൻ സ്ഥാപിച്ചു ജലവിതരണം നടപ്പിലാക്കും. അതോടൊപ്പം നഗരത്തിൽ നിലവിൽ ശുദ്ധജല വിതരണത്തിൽ ബുദ്ധിമുട്ട് അനുഭവിക്കുന്ന, മുട്ടിൽ പഞ്ചായത്തുമായി അതിർത്തി പങ്കിടുന്ന റാട്ടക്കൊല്ലി മലയിലെ ഉൾപ്രദേശങ്ങൾ, പൊന്നട
നെടുനിലം പ്രദേശങ്ങൾ പദ്ധതിയുടെ ഭാഗമായി മാറും.
കൂടാതെ കൽപറ്റ ജലവിതരണ പദ്ധതിയുടെ ഭാഗമായ 10 ദശലക്ഷം ലീറ്റർ സംഭരണ ശേഷിയുള്ള കാരാപ്പുഴയിലെ ജലശുദ്ധീകരണ ശാല, ഗൂഡലായ് ബൂസ്റ്റർ പമ്പിങ് സ്റ്റേഷൻ, കൽപറ്റ റെസ്റ്റ് ഹൗസ്, എമിലി, ഗൂഡലായ്ക്കുന്ന് എന്നിവിടങ്ങളിലെ ഉന്നത തല ജലസംഭരണികളുടെ നവീകരണം എന്നിവയും പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കും.
ഇതോടൊപ്പം ജല വിതരണ പദ്ധതിയുടെ ഭാഗമായ കാരാപ്പുഴയിലുള്ള റോവാട്ടർ പമ്പിങ് സ്റ്റേഷന്റെ നവീകരണവും, 270 കുതിര ശക്തി സ്ഥാപിത ശേഷിയുള്ള വെർട്ടിക്കൽ ടർബൈൻ മോട്ടർ പമ്പ് സെറ്റ് സ്ഥാപിക്കലും, 11കെവി ഇൻഡോർ സബ് സ്റ്റേഷന്റെ നവീകരണവും കൂടി പദ്ധതിയുടെ ഭാഗമായി നടപ്പിലാകുന്നതോടെ ശുദ്ധജല വിതരണ മേഖലയിൽ നഗരസഭയ്ക്കു സ്വപ്ന തുല്യമായ നേട്ടമാണു കൈവരിക.
പദ്ധതികൾക്കായി സ്റ്റേറ്റ് വാട്ടർ ആക് ഷൻ പ്ലാൻ 3–ൽ ഉൾപ്പെടുത്തി തദ്ദേശ വകുപ്പിൽ നിന്ന് അമൃത് 2.0 ൽ ഉൾപ്പെടുത്തി 19.11 കോടി രൂപയുടെ പദ്ധതിയുടെ ഭരണാനുമതിയും സാങ്കേതികാനുമതിയും നഗരസഭയ്ക്ക് ലഭിച്ചിട്ടുണ്ട്. ഒരു വർഷത്തിന് അകം നഗരസഭയെ സമ്പൂർണ ശുദ്ധജല വിതരണ പദ്ധതി നടപ്പിലാക്കിയ സംസ്ഥാനത്തെ ആദ്യത്തെ നഗരസഭ എന്ന ലക്ഷ്യപ്രാപ്തി കൈവരിക്കുവാനുള്ള തീവ്ര യജ്ഞത്തിലാണു ഭരണസമിതി.
ചെയർമാൻ ടി.ജെ.ഐസക്കിന്റെ അധ്യക്ഷതയിൽ ചേർന്ന കൗൺസിൽ യോഗത്തിൽ ആണ് തീരുമാനമായത്.
ഉപാധ്യക്ഷ സരോജിനി ഓടമ്പത്ത്, സ്ഥിര സമിതി അധ്യക്ഷരായ കേയംതൊടി മുജീബ്, എ.പി.മുസ്തഫ, ആയിഷ പള്ളിയാൽ, എ.രാജാറാണി, സി.കെ.ശിവരാമൻ, വാട്ടർ അതോറിറ്റി എക്സിക്യൂട്ടീവ് എൻജിനീയർ സി.ജിതേഷ്, അസി. എക്സിക്യൂട്ടീവ് എൻജിനീയർ അനു രൂപ്, കൗൺസിലർമാരായ ഡി.രാജൻ, എം.ബി.ബാബു, കെ.അജിത, ജൈന ജോയ്, എ.കെ.ഷിബു, എ.റെജുല, കെ.നിജിത എന്നിവർ പ്രസംഗിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]