
പത്തനംതിട്ട∙ നഗരത്തിൽ മിനി സിവിൽ സ്റ്റേഷന് മുന്നിൽ ജലഅതോറിറ്റിയുടെ പ്രധാന പൈപ്പ് ലൈൻ തകർന്നതിനെ തുടർന്ന് നടുറോഡിൽ അപകടഭീഷണിയുയർത്തി വൻകുഴി രൂപപ്പെട്ടു. പൈപ്പ് ലൈനിലെ തകരാർ കാരണം ഇനി ഒരാഴ്ച നഗരത്തിലും സമീപ പ്രദേശങ്ങളിലും ശുദ്ധജല വിതരണവും പൂർണമായി മുടങ്ങും.
പത്തനംതിട്ട ടൗൺ, സന്തോഷ്മുക്ക്, മുണ്ടുകോട്ടക്കൽ, മേലേവെട്ടിപ്പുറം എന്നീ പ്രദേശങ്ങളിലാണ് ശുദ്ധജല വിതരണം മുടങ്ങുന്നത്.
ഇന്നലെ മുതൽ ജലവിതരണം നിലച്ചിരുന്നു.
ഇതോടെ പ്രദേശവാസികൾ വലിയ ദുരിതത്തിലായി.റോഡിൽ രൂപപ്പെട്ട കുഴിയിൽ വീണ് സാരമായി പരുക്കേൽക്കുന്നതിനുള്ള സാധ്യതയുമുണ്ട്.
ഇത് തടയുന്നതിനാവശ്യമായ മുന്നൊരുക്കങ്ങൾ ഇവിടെ ഏർപ്പെടുത്തിയതുമില്ല. ഈ സാഹചര്യം കടുത്ത പ്രതിഷേധത്തിനും കാരണമായി.
ഇന്ന് മുതൽ അറ്റകുറ്റപ്പണി ആരംഭിക്കുമെന്നാണ് ജലഅതോറിറ്റി അധികൃതർ അറിയിച്ചിട്ടുള്ളത്.
നേരത്തേയുള്ള തകരാർ ജലഅതോറിറ്റി പരിഹരിച്ചതിന് പിന്നാലെയാണ് മിനി സിവിൽ സ്റ്റേഷൻ ഭാഗത്ത് അറ്റകുറ്റപ്പണി വേണ്ടി വരുന്നത്. പൈപ്പ് ലൈനിലെ തകർച്ച കാരണം പലയിടങ്ങളിലായി റോഡ് തകരുന്നത് പൊതുമരാമത്ത് വകുപ്പിനും തലവേദനയാകുന്നുണ്ട്.റോഡ് പൂർവസ്ഥിതിയിലാക്കാനുള്ള ഉത്തരവാദിത്തം പാലിക്കുന്നതിൽ അതോറിറ്റിയുടെ ഭാഗത്ത് നിന്നും കാലതാമസമുണ്ടാകുന്നതായും പരാതിയുണ്ട്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]