ഒറ്റപ്പാലം∙ റെയിൽവേയുടെ സുരക്ഷാവേലി വരുന്നതോടെ നഗരപരിധിയിലെ രണ്ടിടങ്ങളിൽ ജനവാസമേഖലകൾ ഒറ്റപ്പെടുമെന്ന ആശങ്കകൾക്കു പരിഹാര നിർദേശവുമായി റെയിൽവേ. പാലപ്പുറത്തും ഒറ്റപ്പാലം പള്ളത്തും യാത്രാസൗകര്യത്തിനു പദ്ധതി ഒരുക്കാമെന്നു റെയിൽവേ നഗരസഭയെ അറിയിച്ചു.
ഇരുഭാഗത്തും യാത്രാ സൗകര്യം തടസ്സപ്പെടുമെന്ന ആശങ്ക നേരത്തെ ‘മനോരമ’ റിപ്പോർട്ട് ചെയ്തിരുന്നു. നഗരസഭ പദ്ധതി രേഖ തയാറാക്കി തുക കണ്ടെത്താനാണു നിർദേശം.
ഇരു പ്രദേശങ്ങളും റെയിൽവേ ട്രാക്കിനും പുഴയ്ക്കും മധ്യേയാണെന്നിരിക്കെ മറ്റു സാധ്യതകളൊന്നും പരിഗണിക്കാനുമാകില്ല. റെയിൽവേയുടെ ഭാഗങ്ങളിൽ റെയിൽവേ തന്നെയാകും നിർമാണ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകുക.
മറ്റു ഭാഗങ്ങളിലെ നിർമാണങ്ങൾ നഗരസഭ ഏറ്റെടുക്കണം. വലിയ തുക ചെലവു വരുമെന്നതിനാൽ സംസ്ഥാന സർക്കാരിന്റെ സഹായത്തോടെയാകും പദ്ധതി നിർവഹണം. കാൽനട മേൽപ്പാലം, ചെറുവാഹനങ്ങൾക്കു പോലും സഞ്ചരിക്കാവുന്ന ചെറിയ പാലം, അടിപ്പാത പോലുള്ള പദ്ധതികളാണു വിഭാവനം ചെയ്യുന്നത്.
വിശദമായ പഠനത്തിനു ശേഷം ഇതു സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കും. പാലപ്പുറത്തു റെയിൽവേ പാളത്തിന്റെ തെക്കുഭാഗത്തായി നാൽപതോളം വീടുകളുണ്ട്.
150 ഏക്കറോളം കൃഷിഭൂമിയും. നിലവിൽ റെയിൽവേ ട്രാക്ക് കുറുകെ കടന്നാണു നാട്ടുകാർ അപ്പുറത്തെത്തുന്നത്. കാർഷിക ഉപകരണങ്ങൾ അപ്പുറത്തേക്ക് എത്തിക്കാനും പ്രയാസമാണ്. ഒറ്റപ്പാലം റെയിൽവേ സ്റ്റേഷൻ ഒന്നാം പ്ലാറ്റ്ഫോമിന്റെ വാലറ്റത്താണു പള്ളം പ്രദേശം.
പള്ളത്തുകാരും ട്രാക്ക് കുറുകെ കടന്നാണ് വീടുകളിലേക്കെത്തുന്നത്. ഇവിടെയും അൻപതോളം വീടുകളുണ്ട്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]