
പാരിപ്പള്ളി ∙ മൊബൈൽ ഫോൺ തട്ടിയെടുക്കാനുള്ള ശ്രമം തടഞ്ഞ യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച ശേഷം ഒളിവിൽ പോയ പ്രതി പൊലീസ് പിടിയിലായി. പാരിപ്പള്ളി കോട്ടയ്ക്കേറം രാജു വിലാസത്തിൽ നിതിനെയാണ് (കൊച്ചുമോൻ – 34) പാരിപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തത്.
പൊലീസ് പറയുന്നത്: കഴിഞ്ഞ ജൂൺ 24ന് അർധരാത്രി പാരിപ്പള്ളി ആലുവിള ക്ഷേത്രത്തിനു സമീപം നിൽക്കുകയായിരുന്ന ഉളിയനാട് സ്വദേശി സൈജുവിന്റെ കൈവശമുണ്ടായിരുന്ന മൊബൈൽ ഫോൺ ഇയാൾ തട്ടിയെടുക്കാൻ ശ്രമിച്ചു. എതിർത്തപ്പോൾ പൊട്ടിയ ബിയർ കുപ്പി ഉപയോഗിച്ചു സൈജുവിന്റെ കവിളിലും വയറിലും നെഞ്ചിന്റെ പല ഭാഗങ്ങളിലും പ്രതി ആഴത്തിൽ കുത്തി പരുക്ക് ഏൽപ്പിച്ചു.
ഗുരുതരമായി പരുക്കേറ്റ സൈജുവിനെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവശേഷം ഒളിവിൽപോയ പ്രതിക്കെതിരെ വധശ്രമത്തിനു കേസെടുത്ത് അന്വേഷണം ആരംഭിച്ചെങ്കിലും പിടികൂടാൻ ആയിരുന്നില്ല. ചാത്തന്നൂർ എസിപി അലക്സാണ്ടർ തങ്കച്ചനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ദിവസം പിടികൂടുകയായിരുന്നു. പാരിപ്പള്ളി, ചാത്തന്നൂർ, കൊട്ടിയം, പൂയപ്പള്ളി, ആറ്റിങ്ങൽ പൊലീസ് സ്റ്റേഷനുകളിലെ ക്രിമിനൽ കേസുകളിൽ പ്രതിയാണു പിടിയിലായ നിതിൻ.
പൂയപ്പള്ളിയിലെയും ആറ്റിങ്ങലിലെയും കേസുകളിൽ പിടികിട്ടാപ്പുള്ളിയായി ഒളിവിൽ കഴിയുമ്പോഴാണു പാരിപ്പള്ളി പൊലീസിന്റെ വലയിലാകുന്നത്. പാരിപ്പള്ളി ഇൻസ്പെക്ടർ നിസാറിന്റെ നേതൃത്വത്തിൽ എസ്ഐമാരായ അബീഷ്, അഖിലേഷ്, രമേശ്, ബിജു, സിപിഒമാരായ സജീർ, നികേഷ്, നൗഫൽ, അരുൺകുമാർ, സബിത്ത് എന്നിവരടങ്ങിയ സംഘമാണു പ്രതിയെ പിടികൂടിയത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]