
ഡബ്ലിന്‍: ചൈനീസ് ജനപ്രിയ ഷോർട്ട് വീഡിയോ ആപ്ലിക്കേഷനായ ടിക്ടോകിനെതിരെ യൂറോപ്പിൽ വീണ്ടും ഗുരുതരമായ സ്വകാര്യതാ ലംഘന ആരോപണം. ഉപഭോക്താക്കളുടെ ഡാറ്റ ചൈനയിലേക്ക് കൈമാറുന്നു എന്ന സംശയത്തില്‍ യൂറോപ്യൻ യൂണിയന്റെ ഡാറ്റ പ്രൊട്ടക്ഷൻ അതോറിറ്റി (ഡിപിസി) ടിക്ടോക്കിനെതിരെ പുതിയ അന്വേഷണം ആരംഭിച്ചു.
ഏത് സാഹചര്യത്തിലാണ് ആപ്പ് യൂറോപ്യൻ ഉപയോക്തൃ ഡാറ്റ ചൈനയിലേക്ക് കൈമാറിയതെന്ന് അന്വേഷിക്കാനാണ് തീരുമാനം. ഈ അന്വേഷണം ടിക്ടോക്കിനെതിരെ ഇതിനകം നടന്നുകൊണ്ടിരിക്കുന്ന മറ്റൊരു ചാരവൃത്തി ആരോപിച്ചുള്ള അന്വേഷണത്തിന്റെ തുടര്‍ച്ചയാണ്.
ചൈനയില്‍ നിന്നുള്ള റിമോട്ട് ആക്സസ് വഴി യൂറോപ്പിലെ ആപ്പ് ഉപയോക്താക്കളുടെ ഡാറ്റ അപകടത്തിലാവുന്നുവെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നിലവിൽ അന്വേഷണം നടക്കുന്നത്. ഈ സംഭവത്തിൽ ഈ വർഷം ആദ്യം ടിക്ടോക്കിന് 530 മില്യൺ യൂറോ (ഏകദേശം 620 മില്യൺ ഡോളർ) പിഴ ചുമത്തിയിരുന്നു.
ചൈനയിൽ യൂറോപ്യൻ ഉപയോക്തൃ ഡാറ്റ സംഭരിക്കുന്നില്ലെന്നും അവിടത്തെ ജീവനക്കാർക്ക് മാത്രമേ റിമോട്ടായി ഡാറ്റ ആക്സസ് ചെയ്യാൻ കഴിയൂ എന്നും ടിക്ടോക് മുമ്പ് അവകാശപ്പെട്ടിരുന്നു. എന്നാൽ പിന്നീട് ചില ഡാറ്റകൾ ചൈനീസ് സെർവറുകളിൽ സംഭരിച്ചിട്ടുണ്ടെന്ന് കമ്പനി സമ്മതിച്ചു.
ഇതിനെത്തുടർന്ന് ടിക്ടോക് പ്രവര്‍ത്തനങ്ങള്‍ക്കെതിരെ അയർലൻഡ് ആസ്ഥാനമായുള്ള ഡാറ്റാ പ്രൊട്ടക്ഷൻ കമ്മീഷൻ (ഡിപിസി) അന്വേഷണം പുനരാരംഭിക്കാൻ തീരുമാനിക്കുകയായിരുന്നു. ജനറൽ ഡാറ്റ പ്രൊട്ടക്ഷൻ റെഗുലേഷൻ (ജിഡിപിആർ) പ്രകാരമുള്ള മാനദണ്ഡങ്ങള്‍ ടിക്ടോക് പാലിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിനാണ് ഈ അന്വേഷണം നടത്തുന്നതെന്ന് ഡാറ്റാ പ്രൊട്ടക്ഷൻ കമ്മീഷൻ (ഡിപിസി) വ്യക്തമാക്കി.
പ്രത്യേകിച്ചും, ഡാറ്റാ കൈമാറ്റത്തിന്റെ നിയമസാധുതയും സുരക്ഷാ നടപടികളും സംബന്ധിച്ചാണ് ഈ അന്വേഷണം . ടിക്ടോക്കിന്റെ മാതൃ കമ്പനിയായ ബൈറ്റ്ഡാൻസ് ചൈന ആസ്ഥാനമാക്കിയുള്ള കമ്പനിയാണ്.
ഇക്കാരണത്താൽ, പാശ്ചാത്യ രാജ്യങ്ങളിൽ ടിക്ക്ടോക് ആപ്പിനെക്കുറിച്ച് ദേശീയ സുരക്ഷയെ സംബന്ധിച്ച് പല സംശയങ്ങളും വളരെക്കാലമായി ഉയർന്നുവന്നിട്ടുണ്ട്. ടിക്ടോക് വഴി ചൈനയ്ക്ക് മറ്റ് രാജ്യങ്ങളിലെ ഉപയോക്തൃ ഡാറ്റയിലേക്ക് പ്രവേശനം ലഭിക്കുമെന്ന് നിരവധി തവണ ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്.
അതേസമയം ഈ പുതിയ അന്വേഷണത്തോട് ടിക്ടോക് ഇതുവരെ പ്രതികരിച്ചിട്ടില്ല. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]