
ഡൽഹി: കേരളത്തിലെ ഐഎസ് ഭീകര പ്രവർത്തനങ്ങളുടെ വേരറുക്കാൻ കഴിഞ്ഞുവെന്ന് ദേശീയ അന്വേഷണ ഏജൻസി(എൻഐഎ). ഭീകരതയോടുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിട്ടുവീഴ്ചയില്ലാത്ത നയത്തിന്റെ ഭാഗമായാണ് കേരളത്തിൽ എൻഐഎ അന്വേഷണം ശക്തമാക്കിയത്. സംസ്ഥാനത്തെ ഐഎസ് സംഘങ്ങളെ നിർവീര്യമാക്കുന്നതിലും ഭീകരാക്രമണങ്ങൾ തടയുന്നതിലും വിജയം കൈവരിച്ചുവെന്നും എൻഐഎ പുറത്തുവിട്ട ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു.
തീവ്രവാദത്തെ വേരോടെ പിഴുതെടുക്കണമെന്നുള്ള കേന്ദ്ര ആഭ്യന്ത്രമന്ത്രി അമിത് ഷായുടെ നിർദ്ദേശം അനുസരിച്ച് കേരളത്തിൽ എൻഐഎ പ്രവർത്തിച്ചു വരികയായിരുന്നു. ഭീകരാക്രമണം നടക്കാൻ സാധ്യതയുള്ള സ്ഥലങ്ങളെയും ഭീകരർ ഉന്നംവെച്ച നേതാക്കളെയും സുരക്ഷിതമാക്കാൻ എൻഎയ്ക്ക് സാധിച്ചിട്ടുണ്ട്. രഹസ്യാന്വേഷണ ഏജൻസികൾ നൽകിയ വിവരങ്ങൾ അനുസരിച്ച് കേരളാ പോലിസിന്റെ എടിഎസുമായി ചേർന്ന് സംസ്ഥാനത്തെ വിവിധ ഇടങ്ങളിൽ എൻഐഎ പരിശോധന നടത്തിയിരുന്നു. ഇതിന്റെ ഭാഗമായി അന്വേഷണ സംഘം ഒരാളെ അറസ്റ്റും ചെയ്തു.
തൃശൂർ, പാലക്കാട് ജില്ലകളിലെ നാലിടങ്ങളിലായാണ് എൻഐഎ പരിശോധന നടത്തിയത്. തമിഴ്നാട് സത്യമംഗലത്ത് ഒളിവിൽ താമസിച്ച ആസിഫ് എന്ന ഭീകരനെ എൻഐഎ അറസ്റ്റ് ചെയ്തു. ഇയാളുടെ വീട്ടിലും തൃശൂരിലുള്ള സെയ്ദ് നബീൽ അഹമ്മദ്, ഷിയാസ്, പാലക്കാട് സ്വദേശി റയീസ് എന്നിവരുടെ വീടുകളിലും അന്വേഷണ സംഘം പരിശോധന നടത്തി. ഇവരുടെ പക്കൽ നിന്നും നിരവധി ഡിജിറ്റൽ തെളിവുകളും ഗൂഢാലോചന വെളിപ്പെടുത്തുന്ന തെളിവുകളും പിടിച്ചെടുത്തിട്ടുണ്ട്.
ഐഎസ് പ്രവർത്തനങ്ങൾക്ക് വേണ്ടിയും ഭീകാരാക്രമണം നടത്താനും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കായും ഭീകരർ പണം സ്വരൂപിച്ചിരുന്നു. മാത്രമല്ല, കേരളത്തിലെ പ്രധാനപ്പെട്ട തീർത്ഥാടന കേന്ദ്രങ്ങളെയും വിവിധ രാഷ്ട്രീയ-മത നേതാക്കളെയും ഇവർ ലക്ഷ്യം വെച്ചിരുന്നു. തീർത്ഥാടന കേന്ദ്രങ്ങളിൽ ആക്രമണം നടത്തുകയും അതുവഴി സംസ്ഥാനത്ത് മതസ്പർദ്ദ വളർത്തി കലാപം സൃഷ്ടിക്കാനുമായിരുന്നു ഭീകരരുടെ ലക്ഷ്യമെന്ന് എൻഐഎ വെളിപ്പെടുത്തി.
The post കേരളത്തിലെ മത നേതാക്കളെയും തീർത്ഥാടന കേന്ദ്രങ്ങളെയും ഐഎസ് ഭീകരർ ലക്ഷ്യം വെച്ചിരുന്നു; സംസ്ഥാനത്തെ ഭീകര പ്രവർത്തനങ്ങളുടെ വേരറുക്കാൻ സാധിച്ചുവെന്ന് എൻഐഎ appeared first on Malayoravarthakal.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]