
പാലോട്∙നിർമാണം പൂർത്തിയായി ഒരു വർഷത്തിലേറെ ആയിട്ടും ആധുനിക സൗകര്യങ്ങളോടെ കോടികൾ ചെലവിട്ട് നവീകരിച്ച പെരിങ്ങമ്മല ചന്ത നാട്ടുകാർക്ക് തുറന്നു കൊടുക്കുന്നില്ല. 2016 – 17 വർഷത്തിൽ കഴിഞ്ഞ പഞ്ചായത്ത് ഭരണ സമിതി ആരംഭിച്ച ചന്ത നവീകരണം എങ്ങും എത്തിയിരുന്നില്ല.
ഈ ഭരണ സമിതിയുടെ കാലത്ത് നിർമാണം വേഗത്തിലാക്കി കഴിഞ്ഞ വർഷം പൂർത്തിയാക്കി. ഉദ്ഘാടനത്തിനൊരുങ്ങവെ ആണ് യുഡിഎഫ് ഭരിച്ചിരുന്ന പഞ്ചായത്തിൽ പഞ്ചായത്ത് പ്രസിഡന്റ് അടക്കം രാജിവച്ചു സിപിഎമ്മിൽ ചേർന്നതും ഉപതിരഞ്ഞെടുപ്പിനെ തുടർന്ന് ഭരണമാറ്റം സംഭവിക്കുകയും ചെയ്തത്.
ഇതോടെ ഉദ്ഘാടനം അവതാളത്തിലായി. പുതിയ എൽഡിഎഫ് ഭരണ സമിതി വന്നിട്ട് ഒരു വർഷത്തോളമായിട്ടും ഉദ്ഘാടനം നടത്താൻ കൂട്ടാക്കുന്നില്ല.
അനവധി കടമുറികളുള്ള ഷോപ്പിങ് കോംപ്ലക്സ്, ആധുനിക നിലവാരത്തിലുള്ള ഇറച്ചിവിൽപന കേന്ദ്രം, മത്സ്യക്കച്ചവടം, ഉണക്കമീൻ, പച്ചക്കറി എന്നിവ വിൽക്കുന്നതിനുള്ള വെവ്വേറെ സംവിധാനം.
കുട്ടികൾക്കായി പാർക്ക്, നിരീക്ഷണ ക്യാമറകൾ, ചുറ്റുമതിൽ അടക്കം നിർമിച്ചാണ് ചന്ത നവീകരിച്ചിരിക്കുന്നത്. ഉദ്ഘാടനത്തെ കുറിച്ചു ചോദിച്ചാൽ ഉടൻ ഉദ്ഘാടനം എന്ന സ്ഥിരം പല്ലവിയാണ് പഞ്ചായത്ത് അധികൃതരുടെ ഭാഗത്തു നിന്ന് ഉണ്ടാവുന്നത്.
ഭരണ മാറ്റത്തിന് മുൻപുള്ള യുഡിഎഫ് ഭരണ സമിതിയിലെ വികസന കാര്യസമിതി അധ്യക്ഷനും വാർഡ് മെംബറും ആയ ഷാൻ തടത്തിലിന്റെ പേര് ആലേഖനം ചെയ്താണ് ചന്തയ്ക്ക് കവാടം നിർമിച്ചത്. നിലവിലെ എൽഡിഎഫ് ഭരണസമിതി ഉദ്ഘാടനത്തിന് മുന്നോടിയായി കവാടത്തിൽ നിന്ന് ഷാൻ തടത്തലിന്റെ പേര് മാറ്റാൻ തീരുമാനിച്ചതിനെ തുടർന്ന് ഷാൻ കോടതിയിൽ നിന്ന് സ്റ്റേ ഓർഡർ വാങ്ങി.
ഈ സ്റ്റേ നീക്കി പുതിയ കവാടം സ്ഥാപിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടാണ് ഉദ്ഘാടനം നീണ്ടു പോകുന്നത് എന്ന് ആരോപണം ഉയരുന്നു.. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]