പാലക്കുന്ന്∙ കാസർകോട്– കാഞ്ഞങ്ങാട് സംസ്ഥാനപാതയിൽ ഉദുമ പള്ളത്തിൽ കലുങ്കിനോട് ചേർന്ന റോഡിൽ വീണ്ടും വിള്ളൽ. കഴിഞ്ഞ ദിവസമാണ് സമീപവാസികൾ വിള്ളൽ കണ്ടത്. കഴിഞ്ഞ വർഷം ജൂലൈ 3 നായിരുന്നു സംസ്ഥാനപാതയിൽ പള്ളത്തിലെ കലുങ്ക് പൊട്ടി തകർന്ന് വാഹന ഗതാഗതം തടസ്സപ്പെട്ടത്.
ഏറെ തിരക്കേറിയ പാതയിൽ രൂപപ്പെട്ട ഗർത്തത്തിൽ വാഹനങ്ങൾ വീണ് അപകടമുണ്ടായിരുന്നു.
നാട്ടുകാരുടെയും വ്യാപാരികളുടെയും പ്രതിഷേധം കടുത്തപ്പോൾ സെപ്റ്റംബറിൽ കലുങ്ക് പുനർ നിർമിക്കാൻ പൊതുമരാമത്ത് നടപടികൾ സ്വീകരിച്ചു. 4 മാസത്തിന് ശേഷമാണ് കലുങ്ക് നിർമാണം പൂർത്തിയാക്കി റോഡ് ഗതാഗതയോഗ്യമാക്കിയത്.
അതേ ഇടത്താണ് റോഡിൽ ഇപ്പോൾ കുറുകെ വിള്ളൽ വീണിട്ടുള്ളതെന്നു നാട്ടുകാർ അറിയിച്ചു.
ദിവസന്തോറും വിള്ളൽ കൂടുകയാണെന്നാണ് പരിസരവാസികൾ പറയുന്നത്. യഥാസമയം പരിഹാരം കണ്ടെത്തിയില്ലെങ്കിൽ ഒരു വർഷം മുൻപത്തെ അതേ അനുഭവമുണ്ടാകുമോ എന്നാണ് നാട്ടുകാരുടെയും വ്യാപാരികളുടെയും ഭീതി.റോഡിൽ കുറുകെ രൂപപ്പെട്ട
വിള്ളലിന്റെ ഗൗരവം ദിവസങ്ങൾ മുൻപേ പൊതുമരാമത്ത് വകുപ്പിന്റെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ടെന്ന് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.വി.ബാലകൃഷ്ണൻ അറിയിച്ചു. മറ്റുവാഹനങ്ങളോടൊപ്പം വലിയ ചരക്കു ലോറികളും ഇരു ഭാഗങ്ങളിലേക്കും കുതിക്കുന്ന റോഡിൽ മറ്റൊരു അപകടം ഉണ്ടാകും മുൻപേ തകരാർ പരിഹരിച്ചു നാട്ടുകാരുടെയും വ്യാപാരികളുടെയും ഭീതി അകറ്റാൻ സത്വര നടപടികൾ കൈക്കൊള്ളണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പാലക്കുന്ന്-കോട്ടിക്കുളം യൂണിറ്റ് പ്രസിഡന്റ് എം.എസ്.ജംഷീദ്, ജനറൽ സെക്രട്ടറി ചന്ദ്രൻ കരിപ്പോടി എന്നിവർ ആവശ്യപ്പെട്ടു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]