
ബാലുശ്ശേരി ∙ ആക്രി സാധനങ്ങൾ എടുക്കാൻ എത്തിയ ആൾ മ്യൂസിക് അക്കാദമിയുടെ അരികിൽ കിടന്ന വാദ്യം തബല അല്ലേ എന്നു പതിഞ്ഞ സ്വരത്തിൽ ചോദിച്ചു. അതേ എന്ന മറുപടിക്കു ശേഷം അവിടെയാകെ തബലയുടെ ഹൃദ്യമായ താളം.
ബാലുശ്ശേരി മുക്കിലെ റിഥംബര മ്യൂസിക് അക്കാദമിയിലാണ് ആകസ്മികമായ കലാനിമിഷം അരങ്ങേറിയത്. ആക്രി സാധനങ്ങൾ പെറുക്കി വിൽപന നടത്തുന്ന ചീക്കിലോട് ചെറോലോറ മലയിൽ ദാമോദരനാണ് (60) ഇവിടെ തബലയിൽ തീൻതാൾ (താളചക്രം) വായിച്ച് വിസ്മയമായത്.
അക്കാദമി നടത്തിപ്പുകാരിൽ ഒരാളായ എൽ.ആർ.ഷിജിൻജിത്ത് പഴയ സാധനങ്ങൾ നൽകുന്നതിനാണ്, ചുമലിൽ ചാക്കുമായി തെരുവിലൂടെ നടന്നു നീങ്ങുന്ന ദാമോദരനെ വിളിച്ചു വരുത്തിയത്.
മുകളിൽ എത്തിയപ്പോഴാണ് ദാമോദരൻ തബല കണ്ടത്. തുടർന്നു ചുമലിലെ ചാക്ക് ഒരിടത്ത് ഇറക്കി തബല വായിച്ച് തുടങ്ങി.
ആദ്യം വിരലുകൾ ഒന്നു വിറച്ചെങ്കിലും പിന്നീട് പഴയ നോട്ടുകൾ ഓർത്തെടുത്ത് ട്രാക്ക് കണ്ടെത്തി. തീർത്തും അപ്രതീക്ഷിതമായ അനുഭവം ഷിജിൻജിത്ത് മൊബൈൽ ഫോണിൽ പകർത്തി.
ഈ വിഡിയോ ഇപ്പോൾ വൈറലായി മാറി. മുൻപ് ഇദ്ദേഹം ദാമു ചീക്കിലോട് എന്ന പേരിലായിരുന്നു അറിയപ്പെട്ടിരുന്നത്. നാടുവിട്ടു വിവിധ സ്ഥലങ്ങളിൽ സംഗീത ബാൻഡുകൾക്കൊപ്പം പ്രവർത്തിച്ചിരുന്നു.
ഇക്കാര്യങ്ങളൊന്നും ഷിജിൻജിത്ത് അറിഞ്ഞിരുന്നില്ല.
പതിറ്റാണ്ടുകൾക്കു ശേഷം ദാമോദരൻ തിരികെ നാട്ടിലെത്തിയപ്പോൾ കലാപ്രവർത്തനങ്ങളിലൊന്നും ഏർപ്പെട്ടില്ലെന്നു നാട്ടുകാർ പറഞ്ഞു. അതിനു മുൻപ് പല ഗാനമേളകളിൽ തബല വായിക്കുകയും ക്ഷേത്രങ്ങളിൽ ചെണ്ട
മേളങ്ങൾ നടത്തുകയും ചെയ്തിരുന്നതായി നാട്ടുകാർ ഓർക്കുന്നു. ആക്രി സാധനങ്ങൾ ശേഖരിക്കുന്ന ഇദ്ദേഹം ബാലുശ്ശേരിയിലും നന്മണ്ടയിലുമൊക്കെ സ്ഥിര സാന്നിധ്യമാണ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]