
റഷ്യയിൽ നിന്നുള്ള ‘വിലകുറഞ്ഞ’ എണ്ണയ്ക്കു പിന്നാലെ ഇന്ത്യയിലേക്ക് വൻതോതിൽ കുതിച്ചൊഴുകി
അമേരിക്കയുടെയും ക്രൂഡ് ഓയിലുകൾ. ഫുട്ബോളിന്റെ ഈറ്റില്ലങ്ങളിലൊന്നായ ബ്രസീലിൽ നിന്ന് 80% വളർച്ചയോടെ പ്രതിദിനം 73,000 ബാരൽ ക്രൂഡ് ഓയിലാണ് 2025ന്റെ ആദ്യ പകുതിയിൽ (ജനുവരി-ജൂൺ) ഇന്ത്യ വാങ്ങിയതെന്ന് എസ് ആൻഡ് പി ഗ്ലോബലിന്റെ കണക്ക് വ്യക്തമാക്കി.
2024ലെ സമാനകാലത്ത് ബ്രസീലിൽ നിന്നുള്ള ഇറക്കുമതി 41,000 ബാരൽ വീതമായിരുന്നു.
പശ്ചിമേഷ്യയിലെ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ഇന്ത്യ യുഎസ്, ലാറ്റിൻ അമേരിക്ക, ബ്രസീൽ, ആഫ്രിക്ക തുടങ്ങി രാജ്യങ്ങളിൽ നിന്നും ക്രൂഡ് ഓയിൽ വാങ്ങുന്നത് വർധിപ്പിച്ചിരുന്നു. നിലവിൽ 40ലേറെ രാജ്യങ്ങളിൽ നിന്ന് ഇന്ത്യ ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്യുന്നുണ്ട്.
ഈ വർഷത്തിന്റെ തുടക്കത്തിൽ കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരി ബ്രസീലിന്റെ ഊർജമേഖലാ പ്രതിനിധികളുമായി ചർച്ചകളും നടത്തിയിരുന്നു. തുടർന്നാണ്, ഇന്ത്യൻ കമ്പനികൾ ബ്രസീലിൽ നിന്നുള്ള ഇറക്കുമതി കൂട്ടിയത്.
കഴിഞ്ഞ ഏപ്രിലിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാഷിങ്ടൺ സന്ദർശനത്തിലെ മുഖ്യ ചർച്ചാവിഷയങ്ങളിലൊന്നും എണ്ണയായിരുന്നു.
യുഎസിൽ നിന്നുള്ള ഇറക്കുമതി ജനുവരി-ജൂണിൽ 51% ഉയർന്ന് പ്രതിദിനം 2.71 ലക്ഷം ബാരലായി. മുൻവർഷത്തെ സമാനകാലത്ത് ഇതു 1.80 ലക്ഷം വീതമായിരുന്നു.
ജനുവരി-ജൂണിലും പ്രതിദിനം 16.7 ലക്ഷം ബാരലുമായി റഷ്യ തന്നെയാണ് ഇന്ത്യയിലേക്ക് ഏറ്റവുമധികം ക്രൂഡ് ഓയിൽ കയറ്റുമതി ചെയ്തത്. ഇറാക്ക്, സൗദി അറേബ്യ എന്നിവിടങ്ങളിൽ നിന്നുള്ള വാങ്ങൽ കുറഞ്ഞു.
ആഫ്രിക്കൻ രാജ്യമായ നൈജീരിയയിൽ നിന്നുള്ള ഇറക്കുമതിയാകട്ടെ 26% ഉയർന്ന് പ്രതിദിനം 1.58 ലക്ഷം ബാരലിൽ എത്തി.
റഷ്യയെ കൈവിടാതെ ഇന്ത്യ
അമേരിക്കയിൽ നിന്നുള്ള കടുത്ത സമ്മർദത്തെ ഗൗനിക്കാതെ റഷ്യയിൽ നിന്ന് ക്രൂഡ് ഓയിൽ വാങ്ങുന്നത് തകൃതിയാക്കി ഇന്ത്യ. റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുമേൽ കനത്ത ഇറക്കുമതി തീരുവ ഏർപ്പെടുത്തുമെന്ന ഭീഷണി അമേരിക്ക മുഴക്കുന്നുണ്ട്.
ഈ സാഹചര്യത്തിലും ജൂണിൽ റഷ്യയിൽ നിന്ന് ഇന്ത്യ പ്രതിദിനം 20.8 ലക്ഷം ബാരൽ വീതം എണ്ണ വാങ്ങി.
കഴിഞ്ഞ 11 മാസത്തെ ഏറ്റവും ഉയരമാണിത്. ഇറാക്ക്, സൗദി അറേബ്യ, യുഎഇ എന്നിവയാണ് റഷ്യയ്ക്കു പിന്നാലെ ഇന്ത്യയിലേക്ക് ഏറ്റവുമധികം ക്രൂഡ് ഓയിൽ കയറ്റുമതി ചെയ്യുന്ന രാജ്യങ്ങൾ.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]