
രാജകുമാരി ∙ എൻഎച്ച് 85ൽ നേര്യമംഗലം മുതൽ വാളറ വരെയുള്ള 14.5 കിലോമീറ്റർ ഭാഗത്ത് അനുവദിച്ചതിലേറെ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെങ്കിൽ ഉടൻ നിർത്തി വയ്ക്കാൻ ചീഫ് സെക്രട്ടറി നടപടിയെടുക്കണമെന്ന ഹൈക്കോടതി ഉത്തരവിറങ്ങിയതോടെ റോഡ് വികസനം മുടങ്ങുന്ന അവസ്ഥ. സ്വകാര്യ വ്യക്തി നൽകിയ ഹർജിയിലാണ് കോടതി ഇടപെടൽ.
എന്നാൽ ദേശീയപാത നിർമാണാനുമതി ലഭിച്ചപ്പോൾ 10 മീറ്റർ വീതിയിൽ വികസിപ്പിക്കാനുള്ള നീക്കത്തെ വനംവകുപ്പ് എതിർത്തിരുന്നു.
ഇതേ തുടർന്ന് കിരൺ സിജു എന്ന വിദ്യാർഥി നൽകിയ ഹർജിയിൽ പ്രദേശത്ത് 30 മീറ്റർ വീതി ഉണ്ടാവണമെന്നും ഇൗ ഭാഗത്ത് വനം വകുപ്പിന് അവകാശമില്ലെന്നും ഹൈക്കോടതി ഉത്തരവിട്ടതാണ്. പക്ഷേ ഇൗ ഉത്തരവ് നടപ്പാക്കാനോ, ഇപ്പോൾ ഹർജി പരിഗണിച്ച ബെഞ്ചിനെ ബോധ്യപ്പെടുത്താനോ സർക്കാർ അഭിഭാഷകന് കഴിഞ്ഞില്ലെന്നാണ് എൻഎച്ച് സംരക്ഷണ സമിതി ആരോപിക്കുന്നത്.
പട്ടയ വിലക്കിന്റെ 19 മാസം
∙2024 ജനുവരി 10നാണ് 1964ലെ ഭൂപതിവ് ചട്ടമനുസരിച്ച് പട്ടയം നൽകുന്നതിന് ഹൈക്കോടതി വിലക്കേർപ്പെടുത്തിയത്.
കയ്യേറ്റക്കാരും ഭൂപതിവ് ചട്ടപ്രകാരം പട്ടയം നേടിയെന്നാരോപിച്ച് പരിസ്ഥിതി സംഘടന നൽകിയ ഹർജിയുടെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി ഇത്തരമാെരു ഉത്തരവിറക്കിയത്. മാസങ്ങൾ കഴിഞ്ഞിട്ടും കോടതി വിലക്ക് നീക്കാൻ സർക്കാർ നടപടി സ്വീകരിച്ചിട്ടില്ല.
ജില്ലയിലെ വിതരണം ചെയ്യാനുള്ള ഭൂരിഭാഗം പട്ടയങ്ങളും 1964ലെ ചട്ടമനുസരിച്ചുള്ളതാണ്. മൂന്നാറിലെ അനധികൃത നിർമാണം, ഭൂമി കയ്യേറ്റം എന്നിവയിൽ നടപടിയാവശ്യപ്പെട്ട് പരിസ്ഥിതി സംഘടന 2010ൽ ഹൈക്കോടതിയിൽ നൽകിയ ഹർജിയുടെ ഭാഗമായാണ് പട്ടയ വിലക്കിന് കാരണമായ പുതിയ ഹർജിയും വന്നത്.
സിഎച്ച്ആറിലും പട്ടയ വിലക്ക്
∙സിഎച്ച്ആർ വനമാണെന്നും ഇവിടത്തെ പട്ടയങ്ങളും പാട്ടങ്ങളും റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് പരിസ്ഥിതി സംഘടന ഒന്നര പതിറ്റാണ്ട് മുൻപ് നൽകിയ ഹർജിയിലെ തുടർ നടപടികളുടെ ഭാഗമായാണ് 2024 ഒക്ടോബർ 24ന് സുപ്രീംകോടതി സിഎച്ച്ആർ മേഖലയിലെ പട്ടയ നടപടികൾ റദ്ദാക്കിയത്.
ഫലത്തിൽ ജില്ലയിലെ പട്ടയനടപടികളെല്ലാം നിർത്തി വയ്ക്കേണ്ട അവസ്ഥയിലാണ്.
സുപ്രീംകോടതിയിലെ കേസിൽ അന്തിമ വാദത്തിലേക്ക് കടന്നതോടെ സിഎച്ച്ആർ മേഖലയിലുള്ളവർ ആശങ്കയിലാണ്.
സത്രം എയർസ്ട്രിപ് വഴിമുട്ടി
∙7 വർഷം മുൻപ് നിർമാണം തുടങ്ങിയ സത്രം എയർസ്ട്രിപ് ഇതുവരെ യാഥാർഥ്യമായില്ല. വനം വകുപ്പിന്റെ എതിർപ്പാണ് എയർസ്ട്രിപ് വികസനത്തിന് തടസ്സമെന്നാണ് ജനപ്രതിനിധികളുടെ വാദം.
എൻസിസി കെഡറ്റുകളുടെ പരിശീലനത്തിനായി 2017 മേയിലാണ് വണ്ടിപ്പെരിയാർ സത്രത്തിൽ 12 ഏക്കർ സ്ഥലം അനുവദിച്ചത്. എന്നാൽ 2017 സെപ്റ്റംബറിൽ ഇൗ ഭൂമിയുൾപ്പെടുന്ന പ്രദേശം സെക്ഷൻ 4 അനുസരിച്ച് വനം വകുപ്പ് ഏറ്റെടുത്തു.
അതിന് ശേഷം ഇവിടെ മണ്ണിടിച്ചിലുണ്ടായതോടെ ഇൗ ഭാഗം പുനർനിർമിക്കാൻ 6 കോടി 30 ലക്ഷം രൂപ അനുവദിച്ചു. എന്നാൽ എയർസ്ട്രിപ്പിലേക്കുള്ള ഒന്നര കിലോമീറ്റർ അപ്രോച്ച് റോഡിലെ 400 മീറ്റർ റോഡിൽ വനം വകുപ്പ് അവകാശവാദമുന്നയിച്ചതോടെ നിർമാണ പ്രവർത്തനങ്ങൾ അനിശ്ചിതത്വത്തിൽ.
ആനയിറങ്കലിലെ ബോട്ടിങ് നിർത്തി
∙അരിക്കാെമ്പനെ പിടികൂടുന്നതുമായി ബന്ധപ്പെട്ട് ഹൈക്കോടതി നിയോഗിച്ച വിദഗ്ധ സമിതിയുടെ നിർദേശമനുസരിച്ച് ആനയിറങ്കൽ ജലാശയത്തിൽ ബോട്ടിങ് നിരോധിച്ചിട്ട് 2 വർഷം കഴിഞ്ഞു.
2023 ജൂലൈ 14നാണ് ആനയിറങ്കലിലെ ഹൈഡൽ ടൂറിസം വിഭാഗം നടത്തിക്കാെണ്ടിരുന്ന ബോട്ടിങ് നിർത്തി വച്ചത്. മേഖലയിലെ കാട്ടാനകളുടെ സ്വൈര്യവിഹാരത്തിന് ബോട്ടിങ് വിഘാതം സൃഷ്ടിക്കുന്നുവെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ബോട്ടിങ് താൽക്കാലികമായി നിർത്തി വയ്ക്കാൻ ഹൈക്കോടതി നിർദേശിച്ചത്.
വനം വകുപ്പ് ഉന്നത ഉദ്യോഗസ്ഥൻ കൂടിയുൾപ്പെടുന്ന സമിതി അന്തിമ റിപ്പോർട്ട് സമർപ്പിച്ച് മാസങ്ങൾ കഴിഞ്ഞെങ്കിലും ബോട്ടിങ് പുനരാരംഭിക്കാൻ നടപടിയുണ്ടായില്ല. പ്രതിദിനം ഒരു ലക്ഷം രൂപ വരെ ഹൈഡൽ ടൂറിസം വിഭാഗത്തിന് വരുമാനമുണ്ടായിരുന്നതാണ് നിലച്ചത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]