
രാജ്യാന്തരതലത്തിൽ വ്യാപാരയുദ്ധം കൂടുതൽ കലുഷിതമാക്കി ട്രംപിന്റെ താരിഫ് നയം. ഓഗസ്റ്റ് ഒന്നുമുതൽ മെക്സിക്കോയ്ക്കും യൂറോപ്യൻ യൂണിയനുംമേൽ 30% ഇറക്കുമതി തീരുവ ഈടാക്കുമെന്നാണ് യുഎസ് പ്രസിഡന്റ് ട്രംപിന്റെ പുതിയ പ്രഖ്യാപനം.
നിലവിൽ യുഎസിലേക്ക് ഏറ്റവുമധികം ഉൽപന്നങ്ങൾ കയറ്റുമതി ചെയ്യുന്നത് യൂറോപ്യൻ യൂണിയനാണ്.
യുഎസിന്റെ മൊത്തം ഇറക്കുമതിയിൽ മൂന്നിലൊന്നും എത്തുന്നത് മെക്സിക്കോ, യൂറോപ്യൻ യൂണിയൻ എന്നിവിടങ്ങളിൽ നിന്നുമാണ്. അതുകൊണ്ടുതന്നെ ഇവയെ പ്രകോപിപ്പിക്കാനുള്ള ട്രംപിന്റെ നീക്കം രാജ്യാന്തര വ്യാപാരമേഖലയെ തന്നെ കലുഷിതമാക്കാം.
ഓഗസ്റ്റ് ഒന്നുവരെ കാത്തിരിക്കുമെന്നും അതിനകം യുഎസുമായി വ്യാപാരക്കരാറിൽ എത്താനാണ് ശ്രമമെന്നും യൂറോപ്യൻ യൂണിയനു കീഴിലെ യൂറോപ്യൻ കമ്മിഷന്റെ പ്രസിഡന്റ് ഉർസുല ഫോൺ ഡെർ ലെയെൻ പറഞ്ഞു. ട്രംപ് വഴങ്ങുന്നില്ലെങ്കിൽ തിരിച്ചടിക്കുമെന്നും ഉർസുല വ്യക്തമാക്കി.
ഓഹരികളിൽ വൻ വീഴ്ച, ഏഷ്യയിൽ സമ്മിശ്രം
ട്രംപ് വീണ്ടും താരിഫ് യുദ്ധം കടുപ്പിച്ചതോടെ യുഎസ് ഓഹരികൾ കനത്ത നഷ്ടത്തിലായി.
യുഎസ് ഫ്യൂച്ചേഴ്സ് വിപണിയിൽ എസ് ആൻഡ് പി500 ഫ്യൂച്ചേഴ്സ് സൂചിക 0.4% ഇടിഞ്ഞു. നാസ്ഡാക് 100 ഫ്യൂച്ചേഴ്സ് 0.5 ശതമാനവും ഡൗ ജോൺസ് 0.4 ശതമാനവും താഴ്ന്നു.
യുഎസിന്റെ കഴിഞ്ഞമാസത്തെ (ജൂൺ) പണപ്പെരുപ്പക്കണക്കുകൾ നാളെ (ജൂലൈ 15) പുറത്തുവരുമെന്നതും ആശങ്കയാണ്.
പണപ്പെരുപ്പം കൂടിയാൽ അടിസ്ഥാന പലിശനിരക്ക് കുറയാനുള്ള സാധ്യതമങ്ങും. ഇതു ട്രംപും കേന്ദ്രബാങ്കായ ഫെഡറൽ റിസർവിന്റെ ചെയർമാൻ ജെറോം പവലും തമ്മിലെ ഭിന്നത കൂടുതൽ രൂക്ഷമാക്കും.
ഈ ഭിന്നതയും യുഎസ് സമ്പദ്വ്യവസ്ഥയ്ക്കും ഓഹരി വിപണിക്കും ദോഷംചെയ്യുമെന്നാണ് വിലയിരുത്തലുകൾ.
ഏഷ്യയിൽ ഓഹരി വിപണികൾ സമ്മിശ്ര പ്രകടനമാണ് നടത്തുന്നത്. ജാപ്പനീസ് നിക്കേയ് 0.38% ഇടിഞ്ഞു.
ജപ്പാനിൽ കഴിഞ്ഞമാസത്തെ മെഷീനറി ഓർഡറുകൾ 0.6% കുറഞ്ഞത് തിരിച്ചടിയായി. ദക്ഷിണ കൊറിയയുടെ കോസ്പി 0.22% ഉയർന്നു.
ചൈനയിൽ ഷാങ്ഹായ് സൂചിക 0.42%, ഹോങ്കോങ് സൂചിക 0.15% എന്നിങ്ങനെ കയറ്റത്തിലാണ്. ചൈനയുടെ കയറ്റുമതിക്കണക്ക് ഇന്നും കഴിഞ്ഞപാദ ജിഡിപി വളർച്ചാക്കണക്ക് നാളെയും അറിയാം.
ഇന്ത്യയ്ക്ക് വലിയ ടെൻഷൻ; ഗിഫ്റ്റ് നിഫ്റ്റി വീണു
യുഎസ്-ഇന്ത്യ വ്യാപാരക്കരാർ ഇനിയും യാഥാർഥ്യത്തിന്റെ ട്രാക്കിലെത്തിയിട്ടില്ല.
ഇന്ത്യൻ സംഘം ഈയാഴ്ച കൂടുതൽ ചർച്ചകൾക്കായി യുഎസിലെത്തുന്നുണ്ട്. ഓഗസ്റ്റ് ഒന്നിനകം ധാരണയിലെത്താനാകുമെന്നാണ് ഇന്ത്യയുടെ പ്രതീക്ഷ.
ഇന്ത്യയ്ക്ക് പരമാവധി 20% തീരുവയാകും ട്രംപ് പ്രഖ്യാപിക്കുകയെന്നാണ് വിലയിരുത്തലുകൾ.
അതേസമയം, ഇന്ത്യൻ ഓഹരി വിപണികളെ കൂടുതൽ ‘ടെൻഷനടിപ്പിക്കുന്നത്’ ആഭ്യന്തര വിപണിയിലെ ചലനങ്ങളാണ്. കഴിഞ്ഞമാസത്തെ റീട്ടെയ്ൽ, മൊത്തവില പണപ്പെരുപ്പക്കണക്കുകൾ ഇന്നു പുറത്തുവരും.
കയറ്റുമതിക്കണക്കും കഴിഞ്ഞമാസത്തെ വാഹന വിൽപനക്കണക്കും നാളെയും അറിയാം. കണക്കുകൾ നിരാശപ്പെടുത്തിയാൽ ഓഹരി വിപണിക്കത് വൻ ആഘാതമാകും.
പക്ഷേ, കൂടുതൽ ആശങ്ക സൃഷ്ടിക്കുന്നത് കമ്പനികളുടെ പ്രവർത്തനഫലക്കണക്കുകളാണ്.
ഏവരും പ്രതീക്ഷയോടെ കാത്തിരുന്ന ടിസിഎസിന്റെ ഫലം കഴിഞ്ഞയാഴ്ച സമ്മാനിച്ചത് കടുത്ത നിരാശയായിരുന്നു. എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ആക്സിസ് ബാങ്ക്, എച്ച്സിഎൽ ടെക്, ടെക് മഹീന്ദ്ര, ജിയോ ഫിനാൻഷ്യൽ, വിപ്രോ, ഓല, ടാറ്റാ ടെക് തുടങ്ങി 120ലേറെ കമ്പനികളാണ് ഈയാഴ്ച പ്രവർത്തനഫലം പുറത്തുവിടുന്നത്.
ഗിഫ്റ്റ് നിഫ്റ്റി ഇന്നു രാവിലെയുള്ളത് 51 പോയിന്റ് (-0.20%) നഷ്ടത്തിലാണ്.
സെൻസെക്സും നിഫ്റ്റിയും ഇന്നു നഷ്ടത്തിൽ വ്യാപാരം തുടങ്ങുമെന്ന സൂചനയാണിത് ഇതു നൽകുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചത് 0.81% (205 പോയിന്റ്) നഷ്ടത്തിലായിരുന്നു.
സെൻസെക്സ് 689 പോയിന്റ് (-0.83%) ഇടിഞ്ഞ് 82,500ലും. 25,149ലാണ് ഇപ്പോൾ നിഫ്റ്റിയുള്ളത്.
വിദേശ ധനകാര്യ സ്ഥാപനങ്ങൾ (എഫ്ഐഐ) വിറ്റൊഴിയലുകാരായി തുടരുന്നതും തിരിച്ചടിയാണ്.
കഴിഞ്ഞയാഴ്ച 4,511 കോടി രൂപ അവർ ഇന്ത്യൻ ഓഹരികളിൽ നിന്നു പിൻവലിച്ചു. ഈ മാസം ആകെ തിരിച്ചെടുത്തത് 10,284 കോടി രൂപ.
സ്വർണവും എണ്ണയും കുതിപ്പിൽ
ട്രംപിന്റെ താരിഫ് നയം, ബ്രസീൽ-യുഎസ് താരിഫ് തർക്കം, ഡോളറിന്റെ തിരിച്ചുകയറ്റം എന്നിവ മൂലം രാജ്യാന്തര സ്വർണം, ക്രൂഡ് ഓയിൽ വിലകൾ കുതിച്ചുയരുകയാണ്.
സ്വർണവില ഔൺസിന് 3,355 ഡോളറിൽ നിന്ന് 3,373.30 ഡോളർ വരെയെത്തി. എന്നാൽ, നിലവിൽ ചാഞ്ചാട്ടം ദൃശ്യമാണ്.
നേട്ടമെല്ലാം ഒഴിവാക്കി 3,355 ഡോളറിൽ തന്നെയാണ് വ്യാപാരം പുരോഗമിക്കുന്നത്. കേരളത്തിൽ ഇന്നു വിലയിൽ ചാഞ്ചാട്ടം പ്രതീക്ഷിക്കാം.
ക്രൂഡ് ഓയിൽ വില ബാരലിന് 67-68 നിലവാരത്തിൽ നിന്ന് 68-70 നിലവാരത്തിലെത്തി.
ബ്രെന്റ് വില ബാരലിന് 0.11% ഉയർന്ന് 70.44 ഡോളറായി. ഇത് ഇന്ത്യയ്ക്കും രൂപയ്ക്കും തിരിച്ചടിയാണ്.
(Disclaimer: ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട്/ക്രിപ്റ്റോകറൻസി മുതലായവ വാങ്ങാനോ വില്ക്കാനോ ഉള്ള നിര്ദേശമോ ഉപദേശമോ അല്ല.
ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള് സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്റെ ഉപദേശം തേടുകയോ ചെയ്യുക) …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]