
പാലക്കാട് / മലപ്പുറം / തിരുവനന്തപുരം ∙ പാലക്കാട് ജില്ലയിൽ രണ്ടാമതും നിപ്പ കണ്ടെത്തിയ സാഹചര്യത്തിൽ 6 ജില്ലകളിലെ ആശുപത്രികൾക്കു ജാഗ്രതാ നിർദേശം നൽകിയതായി മന്ത്രി വീണാ ജോർജ്. പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, വയനാട്, തൃശൂർ ജില്ലകളിലെ ആശുപത്രികൾക്കാണു പ്രത്യേക ജാഗ്രതാ നിർദേശം നൽകിയത്.
നിപ്പ ലക്ഷണങ്ങളോടു കൂടിയ പനി, മസ്തിഷ്ക ജ്വരം എന്നിവയുണ്ടെങ്കിൽ റിപ്പോർട്ട് ചെയ്യണമെന്നാണു നിർദേശം.പനി ബാധിച്ചു ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം മരിച്ച കുമരംപുത്തൂർ ചങ്ങലീരി സ്വദേശിയായ 57 വയസ്സുകാരനു നിപ്പ ലക്ഷണങ്ങൾ കണ്ടെത്തിയതോടെയാണ് പാലക്കാട് ജില്ല വീണ്ടും നിപ്പ ഭീതിയിലായത്.
മൃതദേഹം പ്രോട്ടോക്കോൾ പ്രകാരം ഇന്നലെ അട്ടപ്പാടിയിൽ സംസ്കരിച്ചു. അട്ടപ്പാടി സ്വദേശിയായ ഇദ്ദേഹം ഈയിടെയാണ് ചങ്ങലീരിയിൽ താമസമാക്കിയത്.മഞ്ചേരി മെഡിക്കൽ കോളജിൽ നടത്തിയ പരിശോധനയിലാണു രോഗലക്ഷണങ്ങൾ സ്ഥിരീകരിച്ചത്.വിശദ പരിശോധനയ്ക്കായി സാംപിൾ പുണെയിലെ വൈറോളജി ലാബിലേക്ക് അയച്ചു.നിപ്പ ബാധിച്ചു കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിൽ തുടരുന്ന നാട്ടുകൽ സ്വദേശിയായ യുവതിയുടെ സമ്പർക്ക പട്ടികയിൽ ഇല്ലാത്ത വ്യക്തിയാണ് ഇപ്പോൾ മരിച്ചതെന്നാണ് ആരോഗ്യവിഭാഗത്തിന്റെ കണ്ടെത്തൽ.
നാട്ടുകൽ സ്വദേശിക്കു നിപ്പ സ്ഥിരീകരിച്ചതോടെ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പിൻവലിച്ചതിന്റെ തൊട്ടുപിന്നാലെയാണ് ജില്ലയിൽ മറ്റൊരാൾക്കു കൂടി രോഗം കണ്ടെത്തിയത്
വവ്വാലുകളുടെ പരിശോധന തുടരുന്നു
തച്ചനാട്ടുകര∙നിപ്പ സ്ഥിരീകരിച്ച തച്ചനാട്ടുകര കിഴക്കുമ്പുറത്ത് വവ്വാലുകളെ പിടികൂടി പരിശോധിക്കുന്നത് ഇന്നും തുടരും. പിടികൂടുന്ന വവ്വാലുകളിൽ നിന്നു പ്രത്യേക സജ്ജീകരണം ഉപയോഗിച്ച് സ്രവം ശേഖരിച്ചു.
സാംപിളുകൾ പുണെ വൈറോളജി ലാബിൽ എത്തിച്ച് പരിശോധിക്കും. പുണെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലെ സീനിയർ സയന്റിസ്റ്റ് ഡോ.ദിലീപ് പട്ടേൽ, ഡോ.കണ്ണൻ ശബരിനാഥ് എന്നിവരുടെ നേതൃത്വത്തിലാണ് നടപടി. കൂടുതൽ വവ്വാലുകളെ പിടികൂടുന്നതിനായി ഇന്നലെ വീണ്ടും വലകൾ സ്ഥാപിച്ചിട്ടുണ്ട്.
അതേസമയം വവ്വാലുകളെ പൂർണമായി ഒഴിവാക്കാൻ നടപടി ഉണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
സ്കൂളുകൾ ഇന്നു തുറക്കും
നിപ്പ കണ്ടെയ്ൻമെന്റ് സോൺ നിയന്ത്രണങ്ങൾ നീക്കിയതിനെത്തുടർന്ന് തച്ചനാട്ടുകര പഞ്ചായത്തിലെ 7, 8, 9, 11, കരിമ്പുഴ പഞ്ചായത്തിലെ 17, 18 എന്നീ വാർഡുകളിലെ സ്കൂളുകൾ ഇന്നു തുറക്കും. പ്രദേശത്തെ വിദ്യാർഥികൾ ഒരാഴ്ചയായി ഓൺലൈൻ രീതിയിലായിരുന്നു പഠനം.
സ്കൂളുകളിൽ വരുന്ന കുട്ടികൾ മാസ്ക് ധരിക്കാനും കൈകൾ സാനിറ്റൈസ് ചെയ്യാനും അസുഖമുള്ളവർ വീട്ടിൽത്തന്നെ തുടരാനും അധികൃതർ നിർദേശം നൽകിയിട്ടുണ്ട്.
കണ്ടെയ്ൻമെന്റ് സോൺ കുമരംപുത്തൂർ പഞ്ചായത്ത്:
ചക്കരക്കുളമ്പ് (വാർഡ് 8), ചങ്ങലീരി (വാർഡ് 9) മോതിക്കൽ (വാർഡ്10), ഞെട്ടരക്കടവ് (വാർഡ് 11), വേണ്ടാംകുർശ്ശി (12) ഒഴുകുപാറ (14).
കാരാകുർശ്ശി പഞ്ചായത്ത്:
തോണിപ്പുറം (14), സ്രാമ്പിക്കൽ (15), വെളുങ്ങോട് (16).
മണ്ണാർക്കാട് നഗരസഭ:
കാഞ്ഞിരംപാടം (25), ഗോവിന്ദപുരം (26), ഒന്നാം മൈൽ (27), കാഞ്ഞിരം (28). കരിമ്പുഴ പഞ്ചായത്ത്:
കാവുണ്ട
(4), അമ്പലംപാടം (6), പൊമ്പ്ര (7).
സമ്പർക്കപ്പട്ടികയിൽ 46 പേർ
ചങ്ങലീരി മേഖലയിൽ ആരോഗ്യ വകുപ്പ് സർവേ നടത്തി സമ്പർക്കപ്പട്ടിക തയാറാക്കി. 46 പേരാണ് സമ്പർക്കപ്പട്ടികയിലുള്ളത്.കൂടാതെ പനി ബാധിച്ചവരുടെ വിവരങ്ങളും ശേഖരിച്ചു.
പ്രദേശത്തുള്ളവർ അനാവശ്യമായി പുറത്തിറങ്ങരുതെന്നും, പൊതുസ്ഥലങ്ങളിൽ മാസ്ക് ധരിക്കണമെന്നും നിർദേശം നൽകി. കുമരംപുത്തൂർ ചങ്ങലീരിക്ക് 3 കിലോമീറ്റർ ചുറ്റളവിൽ പ്രവേശന നിരോധനം ഏർപ്പെടുത്തി. സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള ആളുകൾ ക്വാറന്റീനിൽ പ്രവേശിക്കണമെന്നും നിർദേശം നൽകി.
‘അനാവശ്യ ആശുപത്രി സന്ദർശനം ഒഴിവാക്കണം’
പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ രോഗിയെ ചികിത്സിച്ചിരുന്ന അത്യാഹിത വിഭാഗത്തിലെ ഫിസിഷ്യൻ, നഴ്സ്, അറ്റൻഡർ, ജനറൽ സൂപ്പർവൈസർ എന്നിവരുൾപ്പെടെ 4 പേർ ക്വാറന്റീനിൽ പ്രവേശിച്ചു.
11ന് വൈകിട്ട് ആശുപത്രിയിൽ പ്രവേശിപ്പിച്ച രോഗി 12ന് വൈകിട്ടോടെയാണ് മരിച്ചത്. മൃതദേഹം ഇന്നലെ രാവിലെ പത്തരയോടെ സർക്കാർ നിയോഗിച്ച ഹെൽത്ത് ഇൻസ്പെക്ടറുടെ നേതൃത്വത്തിലാണ് പ്രത്യേകം സജ്ജമാക്കിയ ആംബുലൻസിൽ സംസ്കാരത്തിനായി കൊണ്ടുപോയത്.
പാലക്കാട്, മലപ്പുറം ജില്ലകളിൽ അനാവശ്യ ആശുപത്രി സന്ദർശനം ഒഴിവാക്കണമെന്നും ആശുപത്രിയിൽ ചികിത്സയിലുള്ള ബന്ധുക്കളെയും സുഹൃത്തുക്കളെയും സന്ദർശിക്കുന്നത് പരമാവധി ഒഴിവാക്കണമെന്നും ആരോഗ്യവകുപ്പ് നിർദേശിച്ചു. രോഗികളോടൊപ്പം സഹായിയായി ഒരാൾ മാത്രമേ പാടുള്ളൂ.
ആരോഗ്യ പ്രവർത്തകരും ആശുപത്രിയിലെത്തുന്ന രോഗികളും കൂട്ടിരിപ്പുകാരും മാസ്ക് ധരിക്കണമെന്നും നിർദേശമുണ്ട്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]