
നെടുമ്പ്രം ∙ ആറ്റുതീരത്തെ റോഡുവശം ഇടിഞ്ഞുവീഴുന്നതിന്റെ ആശങ്കയിൽ ഒരു കുടുംബം. പഞ്ചായത്ത് 13 ാം വാർഡിൽ മുളമൂട്ടിൽ പടി – പമ്പ ബോട്ട് റേസ് ഫിനിഷിങ് പോയിന്റ് റോഡിന്റെ സംരക്ഷണഭിത്തി തകർന്നു തീരം ഇടിയുന്നതാണു തുണ്ടിയിൽ വീട്ടിൽ ഇട്ടി കുര്യനും സഹോദരനും അംഗപരിമിതനുമായ സണ്ണി കുര്യനും ഉൾപ്പെടുന്ന ആറംഗ കുടുംബത്തിനു ഭീഷണി ഉയർത്തുന്നത്. തീരം മൂന്നടിയോളം കൂടി ഇടിഞ്ഞാൽ വീടിന്റെ കിടപ്പുമുറിയും അടുക്കളയും നദിയിലേക്ക് പതിക്കുന്ന അവസ്ഥയാണ്.
ശനി രാത്രി 9 മണിയോടെ വീട്ടിലേക്കു വരികയായിരുന്ന ഇട്ടിയുടെ മകൻ ഏബ്രഹാം റോഡ് ഇടിഞ്ഞതിനെ തുടർന്ന് ആറ്റിൽ വീണിരുന്നു.
ഇതേ തുടർന്നു നെടുമ്പ്രം വിന്നേഴ്സ് ക്ലബ് അംഗങ്ങൾ ഇന്നലെ രാവിലെ മുതൽ ഇടിഞ്ഞുവീണ നടവഴി ഉൾപ്പെടുന്ന ഭാഗം ബലപ്പെടുത്തുന്ന പണികൾ നടത്തി. മണിമലയാറിന്റെ തീരത്തുകൂടി പോകുന്ന റോഡിന്റെ വശമാണ് ഇടിയുന്നത്. 2018ലെ പ്രളയത്തിനുശേഷം ആറ്റുവശത്തെ കരിങ്കൽ നിർമിത സംരക്ഷണഭിത്തി 50 അടിയോളം ഭാഗം തകർന്നു വീണിരുന്നു. ഇതിനുശേഷം എല്ലാ വർഷവും വെള്ളപ്പൊക്കത്തിൽ നദി കരയെ വിഴുങ്ങിത്തുടങ്ങി. സംരക്ഷണ ഭിത്തി തകർന്ന ഭാഗത്തു കൂടി ഇരച്ചെത്തുന്ന വെള്ളമാണുതിരുവല്ല – അമ്പലപ്പുഴ സംസ്ഥാന പാതയിലെ നെടുമ്പ്രത്തു വെള്ളക്കെട്ടിനു കാരണമാകുന്നത്.
നെടുമ്പ്രം തോട്ടടി പടി മുതൽ അന്തിച്ചന്ത ജംക്ഷൻ വരെയുള്ള ഒരു കിലോമീറ്ററോളം ഭാഗത്താണു മഴക്കാലത്ത് വാഹന ഗതാഗതം സ്തംഭിപ്പിക്കുന്ന തരത്തിൽ വെള്ളക്കെട്ട് രൂപപ്പെടാറുള്ളത്.ആറ്റുതീരത്തേക്ക് എട്ടടി വീതിയിൽ പതിറ്റാണ്ടുകൾക്ക് മുൻപു നിർമിച്ച റോഡാണു സംരക്ഷണഭിത്തി തകർന്നതുമൂലം ഇടിഞ്ഞു വീഴുന്നത്. സംരക്ഷണ ഭിത്തിയുടെ തകർന്ന ഭാഗം പുനർനിർമ്മിക്കുവാൻ അധികൃതർ അടിയന്തരമായി ഇടപെടണം എന്നു നാട്ടുകാർ ആവശ്യപ്പെട്ടു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]