
ചിറ്റൂർ ∙മോർച്ചറിയിലെ തണുത്തുറഞ്ഞ ഫ്രീസറിൽ എമിലും ആൽഫ്രഡും ഉറങ്ങുകയാണ്; ജീവനായിരുന്ന അമ്മ നൽകുന്ന അവസാന യാത്രയയപ്പും കാത്ത്… പൊൽപുള്ളിയിൽ സ്റ്റാർട്ട് ചെയ്യുന്നതിനിടെ കാറിനു തീ പിടിച്ചു പൊള്ളലേറ്റു ചികിത്സയിലിരിക്കെ മരിച്ച സഹോദരങ്ങളായ എമിൽ മരിയ മാർട്ടിന്റെയും (4) ആൽഫ്രഡ് മാർട്ടിന്റെയും (6) പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയെങ്കിലും മൃതദേഹം പാലക്കാട്ടെ സ്വകാര്യ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പൊള്ളലേറ്റു ഗുരുതരനിലയിൽ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ അബോധാവസ്ഥയിൽ കഴിയുന്ന ഇവരുടെ അമ്മ എൽസിക്ക് ഒരു നോക്കുകാണാൻ വേണ്ടിയാണ് ബന്ധുക്കൾ സംസ്കാരം നീട്ടിവച്ചത്.
എൽസിക്കു ബോധം വന്നതിനുശേഷമേ സംസ്കാരച്ചടങ്ങുകൾ നടത്തൂ എന്നു ബന്ധുക്കൾ പറഞ്ഞു.
45 ശതമാനം പൊള്ളലോടെ അമ്മ എൽസിയും, 35 ശതമാനം പൊള്ളലോടെ മൂത്ത മകൾ അലീനയും ചികിത്സയിലാണ്. മുത്തശ്ശി ഡെയ്സിക്കും പൊള്ളലേറ്റു. അപകടത്തിൽ ഗുരുതരമായി പൊള്ളലേറ്റ എമിലും ആൽഫ്രഡും ശനിയാഴ്ച ഉച്ചയോടെയാണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്.
പോസ്റ്റ്മോർട്ടത്തിനായി ശനിയാഴ്ച രാത്രി 12 മണിയോടെയാണ് മൃതദേഹങ്ങൾ പാലക്കാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചത്. എമിലിന്റെയും ആൽഫ്രഡിന്റെയും ഭൗതികശരീരങ്ങൾ ഇവർ പഠിച്ചിരുന്ന പൊൽപുള്ളി കെവിഎം യുപി സ്കൂളിൽ പൊതുദർശനത്തിനു വയ്ക്കും.
ഇന്നലെ പാലക്കാട് ജില്ലാ ആശുപത്രിയിൽ എത്തിയ മന്ത്രി കെ.കൃഷ്ണൻകുട്ടി സംസ്കാരച്ചെലവുകൾ പൂർണമായും സർക്കാർ വഹിക്കുമെന്നു ബന്ധുക്കളെ അറിയിച്ചു.
ചികിത്സയിൽ കഴിയുന്ന കുട്ടികളുടെ അമ്മ എൽസി, മൂത്ത മകൾ അലീന, മുത്തശ്ശി ഡെയ്സി എന്നിവർക്കുള്ള ചികിത്സാസഹായം നൽകുന്നതിന് കലക്ടറെ ചുമതലപ്പെടുത്തിയതായും മന്ത്രി അറിയിച്ചു. കുടുംബത്തിനു ധനസഹായം നൽകുന്ന കാര്യം ജൂലൈ 16ന് മുഖ്യമന്ത്രി എത്തിയശേഷം കൂടിയാലോചന നടത്തി തീരുമാനിക്കുമെന്നും മന്ത്രി പറഞ്ഞു.
വെള്ളിയാഴ്ച വൈകിട്ട് 5 മണിയോടെയാണു നാടിനെ നടുക്കിയ അപകടമുണ്ടായത്.
സ്വകാര്യ ആശുപത്രിയിലെ നഴ്സായ എൽസി ജോലി കഴിഞ്ഞു വീട്ടിലെത്തിയ ശേഷം മക്കളുമായി പുറത്തിറങ്ങാനായി കാർ സ്റ്റാർട്ട് ചെയ്തപ്പോൾ തീ പിടിക്കുകയായിരുന്നു. കരച്ചിൽ കേട്ടെത്തിയ നാട്ടുകാരാണു രക്ഷാപ്രവർത്തനം നടത്തിയത്.
എൽസിയുടെ ഭർത്താവ് മാർട്ടിൻ ഒന്നര മാസം മുൻപാണ് അസുഖബാധിതനായി മരിച്ചത്. അട്ടപ്പാടി താവളം സ്വദേശികളായ ഇവർ 5 വർഷം മുൻപാണ് പൊൽപുള്ളി പൂളക്കാട്ടിൽ വീടുവച്ചു സ്ഥിരതാമസമാക്കിയത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]