
ചെറുതോണി ∙ കട്ടപ്പുറത്തായ സർക്കാർ വാഹനങ്ങൾ ‘ദയാവധം കാത്ത്’ വിവിധ സർക്കാർ ഓഫിസുകളുടെ വളപ്പിൽ കിടപ്പു തുടങ്ങിയിട്ട് വർഷങ്ങൾ പിന്നിടുന്നു. നല്ലകാലത്ത് ഒട്ടേറെ ദൗത്യങ്ങളിൽ പങ്കാളികളായ ഈ വാഹനങ്ങൾ നിശ്ചിത കാലാവധി പൂർത്തിയായതോടെയാണ് ഓഫിസ് പുറമ്പോക്കിൽ ഉപേക്ഷിക്കപ്പെട്ടത്. കാലാവധി പൂർത്തിയായെങ്കിലും ഇനിയുമേറെ ദൂരം ഓടാൻ ശേഷിയുണ്ടായിരുന്ന ഇവയിൽ പലതും തിരിഞ്ഞു നോക്കാൻ പോലും ആരുമില്ലാതായതോടെ തുരുമ്പിച്ചു നാശമായി.
നിരത്തിൽ ഇറക്കാൻ അനുവാദം ഇല്ലായിരുന്നെങ്കിലും ഇവയുടെ സ്പെയർപാർട്സ് വേണ്ടപോലെ നീക്കം ചെയ്തിരുന്നെങ്കിൽ പണിമുടക്കിയ ഒട്ടേറെ വാഹനങ്ങൾക്കു പുതുജീവൻ നൽകാമായിരുന്നു. വിവിധ വകുപ്പുകൾ ചുവപ്പുനാട
അഴിച്ച് നടപടിക്രമങ്ങൾക്കു വേഗം കൂട്ടിയാൽ ദ്രവിച്ചു തുടങ്ങിയ ഈ വാഹനങ്ങൾ തുരുമ്പു വിലയ്ക്കെങ്കിലും ഇപ്പോൾ വിൽക്കാം. അല്ലെങ്കിൽ സർക്കാർ ഓഫിസുകളുടെ പുറമ്പോക്കുകളിലും പാർക്കിങ് ഏരിയകളിലും സ്ഥലം മുടക്കികളായി വാഹനങ്ങളുടെ അസ്ഥിപഞ്ജരം നിറയും.
ജില്ലാ മെഡിക്കൽ ഓഫിസ് വളപ്പ്
കുയിലിമലയിൽ ജില്ലാ മെഡിക്കൽ ഓഫിസ് സ്ഥിതി ചെയ്യുന്ന മന്ദിരത്തിന്റെ മുന്നിൽ അര ഡസൻ വാഹനങ്ങളാണ് കട്ടപ്പുറത്ത് കിടക്കുന്നത്.
ഡിഎംഒ ഓഫിസിനു പുറമേ ഭൂപതിവ് ഓഫിസ്, നാഷനൽ ഹെൽത്ത് മിഷൻ ഓഫിസ്, കുടുംബശ്രീ ഓഫിസ്, ജില്ലാ ടൂറിസം പ്രമോഷൻ ഓഫിസ് എന്നിവയും ഈ വളപ്പിൽ തന്നെയാണ്. നൂറിലേറെ ജീവനക്കാരാണ് ഇവിടെ ജോലി ചെയ്യുന്നത്.
ഇതിനു പുറമേ ഒട്ടേറെ പേർ വിവിധ ആവശ്യങ്ങൾക്കു ദിവസേന എത്തുന്നുമുണ്ട്. തുരുമ്പെടുത്ത് നശിക്കുന്ന വാഹനങ്ങൾ ഇവിടെനിന്നു നീക്കം ചെയ്താൽ ജീവനക്കാരുടെയും വിവിധ ആവശ്യങ്ങൾക്കായി എത്തുന്ന പൊതുജനങ്ങളുടെയും വാഹനങ്ങൾ പാർക്ക് ചെയ്യാനാകും.
കലക്ടറേറ്റ് വളപ്പ്
കലക്ടറേറ്റ് വളപ്പിലെ കാർ ഷെഡിൽ കണ്ടം ചെയ്ത 3 വാഹനങ്ങളാണ് ഒതുക്കിയിട്ടിരിക്കുന്നത്. ഔദ്യോഗിക വാഹനങ്ങൾ അല്ലാതെ ജീവനക്കാരുടെ വാഹനങ്ങൾ പോലും പാർക്ക് ചെയ്യാൻ അനുമതിയില്ലാത്ത ഇവിടെയാണ് സ്ഥലം മുടക്കികളായി ഈ വാഹനങ്ങൾ ഉപേക്ഷിച്ചിരിക്കുന്നത്. പാർക്കിങ്ങിനു സ്ഥലസൗകര്യക്കുറവുള്ള ഇവിടെ നിന്ന് ഇത്തരം വാഹനങ്ങൾ ഒഴിപ്പിച്ചാൽ ജീവനക്കാർക്കും സർക്കാർ ഓഫിസിൽ എത്തുന്ന പൊതുജനങ്ങൾക്കും വാഹനം പാർക്ക് ചെയ്യാൻ ഇടം കിട്ടും.
എന്നാൽ സർക്കാർ വാഹനങ്ങൾ കാലാവധി കഴിഞ്ഞ് കട്ടപ്പുറത്തായാൽ നീക്കം ചെയ്യുന്നതിനു നൂലാമാലകൾ ഏറെയാണെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. അതുകൊണ്ട് തന്നെ ആരും ഇതിനായി മെനക്കെടാറില്ല.
ജില്ലാ പഞ്ചായത്ത് വളപ്പ്
ജില്ലാ പഞ്ചായത്ത് വളപ്പിൽ കട്ടപ്പുറത്ത് കിടക്കുന്നത് റോഡ് റോളറുകളാണ്.
മുന്തിയ കമ്പനിയുടെ 4 റോളറുകൾ ഒരു വശത്ത് അടുക്കിയിട്ടിരിക്കുന്നു. വർഷങ്ങൾക്ക് മുൻപ് ജില്ലാ പഞ്ചായത്തിന്റെ ആസ്തി റജിസ്റ്ററിൽ ഇടം പിടിച്ച ഇവയിൽ പലതും നല്ലകാലത്ത് കാര്യമായി ഓടിയിട്ടു പോലുമില്ല.
കാലപ്പഴക്കം കൊണ്ട് ഇവ അസ്ഥിപഞ്ജരം പോലെയായിട്ടുണ്ട്. ഇനിയിപ്പോൾ തുരുമ്പു വിലയ്ക്കു പോലും വിറ്റുപോകുമോയെന്നു സംശയമാണ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]