
നെടുമങ്ങാട്∙ പഠിച്ചും കളിച്ചും നടന്ന സ്കൂൾ മുറ്റത്ത് നിശ്ചലമായി അവർ കിടന്നു. തോളിൽ കയ്യിട്ടു നടന്നവർ കണ്ണീരോടെ അടുത്ത് നിന്നു. വേങ്കവിളയിലെ പഞ്ചായത്ത് നീന്തൽ കുളത്തിൽ കുളിക്കുന്നതിനിടെ മുങ്ങി മരിച്ച ഷിനിലിന്റെയും ആരോമലിന്റെയും മൃതദേഹം മഞ്ച ഗവ.ടെക്നിക്കൽ ഹൈസ്കൂളിൽ പൊതുദർശനത്തിന് വച്ചപ്പോൾ കണ്ട
കാഴ്ച ഏവരെയും സങ്കടത്തിലാഴ്ത്തി. ഷിനിൽ 8–ാം ക്ലാസിലും ആരോമൽ 10–ാം ക്ലാസിലുമാണു പഠിച്ചിരുന്നത്. 12.45നാണ് മൃതദേഹങ്ങൾ സ്കൂളിൽ എത്തിച്ചത്.
കൂട്ടുകാരെ അവസാനമായി കാണാനായി വിദ്യാർഥികളും പ്രിയപ്പെട്ട വിദ്യാർഥികളെ കാണാൻ അധ്യാപകരും എത്തിയിരുന്നു.
അന്തിമോപചാരം അർപ്പിക്കാനായി റോസാപ്പൂക്കളുമായാണ് കുട്ടികൾ കാത്തു നിന്നത്. മൃതദേഹത്തിന്റെ അടുത്ത് എത്തിയപ്പോൾ പലരും വിങ്ങിപൊട്ടി. 15 മിനിറ്റ് നേരത്തെ പൊതു ദർശനത്തിന് ശേഷം തിരക്ക് കുറയ്ക്കാനായി വീടിന് അടുത്തുള്ള കുശർകോട്ടെ ഫയർഫോഴ്സ് ഓഫിസിലെത്തിച്ചു.
10 മിനിറ്റ് നേരത്തെ പൊതുദർശനത്തിന് ശേഷം ഇവിടെ നിന്ന് ഇരുവരുടെയും വീടുകളിലേക്ക് മൃതദേഹം എത്തിച്ചു.
രണ്ടോടെ ഷിനിലിനെയും പിന്നാലെ ആരോമലിനെയും അവരവരുടെ വീട്ടുവളപ്പിൽ സംസ്കരിച്ചു.ശനിയാഴ്ച ഉച്ചയ്ക്കാണ് കുളിക്കുന്നതിനിടെ കുശർകോട് ഇരിപ്പിൽ ഷിനിൽ ഭവനിൽ സുനീന്ദ്രൻ–ഷീജ ദമ്പതികളുടെ മകൻ ഷിനിലും (13), കുശർകോട് വടക്കുംകര വീട്ടിൽ ബിജു–നെടുമങ്ങാട് നഗരസഭ ഹരിതകർമ സേനാംഗം രാജി ദമ്പതികളുടെ ഏക മകൻ ആരോമലും (15) മുങ്ങി മരിച്ചത്.മന്ത്രി ജി.ആർ.അനിൽ, എ.എ.റഹീം എംപി, ജി.സ്റ്റീഫൻ എംഎൽഎ, നഗരസഭ അധ്യക്ഷ സി.എസ്.ശ്രീജ, വിവിധ പാർട്ടി നേതാക്കളായ ആനാട് ജയൻ, കെ.പി.പ്രമോഷ്, പാട്ടത്തിൽ ഷെരീഫ്, ടി.അർജുനൻ, പൂവത്തൂർ ജയൻ, പി.ഹരികേശൻ നായർ, എസ്.എസ്.ബിജു, തുടങ്ങിയവർ അന്തിമോപചാരമർപ്പിച്ചു. മന്ത്രി വി.ശിവൻകുട്ടി വീട്ടിലെത്തി ബന്ധുക്കളെ ആശ്വസിപ്പിച്ചു. ഡിസിസി പ്രസിഡന്റ് പാലോട് രവി ശനിയാഴ്ച വീട്ടിലെത്തി.
സംസ്കാരത്തിന് ഒരു സെന്റ് സൗജന്യമായി നൽകി
∙വീട്ടുമുറ്റത്താണ് ഷിനിലിന്റെ സംസ്കാരം നടത്തിയത്.
മുൻപ് നഗരസഭയുടെ പിഎംഎവൈ പദ്ധതിയിൽ ആണ് ഷിനിലിന്റെ കുടുംബത്തിന് 3 സെന്റും വീടും ലഭിച്ചത്. മുറ്റത്ത് സംസ്കരിക്കാൻ സ്ഥലം കുറവായതിനാൽ സമീപ വസ്തു ഉടമ കുന്നുംപുറം സ്വദേശി രമേശൻ ഒരു സെന്റ് സൗജന്യമായി നൽകി. ആരോമലിനെ വീടിന്റെ പിറകിൽ ആണ് സംസ്കരിച്ചത്. സ്ഥല പരിമിതി രണ്ടു വീടുകളിലും പ്രശ്നമായിരുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]