
റിയാദ്: റിയാദിൽ 70 മില്യൺ ഡോളറിൻ്റെ റെക്കോർഡ് സമ്മാനത്തുകയോടെ 2025ലെ ഇ-സ്പോർട്സ് വേൾഡ് കപ്പിന് തുടക്കം കുറിച്ചു. മികവ് പുലർത്തുന്ന 16 ക്ലബ്ബുകൾക്കായി 27 മില്യൺ ഡോളർ നൽകും.
ഈ വർഷത്തെ ടൂർണമെൻ്റിലെ വിജയിക്ക് ഏഴ് മില്യൺ ഡോളറും സമ്മാനിക്കും. റിയാദ് ബോളിവാഡ് സിറ്റിയിൽ വ്യാഴാഴ്ച രാത്രിയിൽ വലിയ ആരവങ്ങളോടെയാണ് ഉദ്ഘാടന ചടങ്ങ് നടന്നത്.
ആകാശത്ത് കണ്ണഞ്ചിപ്പിക്കുന്ന വെടിക്കെട്ട് പരസഹസ്രം പൂക്കൾ വിരിയിച്ചു. കാണികൾ ആവേശത്തിലാറാടി.
വൻ ജനപങ്കാളിത്തമാണുണ്ടായത്. തത്സമയ സംപ്രേക്ഷണത്തിലൂടെ ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് പ്രേക്ഷകരും ചടങ്ങുകൾ വീക്ഷിച്ചു.
ലോകപ്രശസ്ത ഗായകർ അണിനിരന്ന സംഗീത പരിപാടിയും അരങ്ങേറി. വിപുലമായ ദൃശ്യ-സാങ്കേതിക അവതരണങ്ങളും ചടങ്ങിൽ ഉണ്ടായിരുന്നു.
ലോകത്തിലെ ഏറ്റവും വലിയ ഇ-സ്പോർട്സ് ടൂർണമെൻ്റിനെ അടയാളപ്പെടുത്തുന്ന ആവേശകരമായ അന്തരീക്ഷമാണ് മൊത്തത്തിൽ സൃഷ്ടിക്കപ്പെട്ടത്. സംസ്കാരം, സർഗാത്മകത, ഗെയിമുകൾ എന്നിവ ഒരു പ്ലാറ്റ്ഫോമിൽ ഒത്തുചേരുന്ന ഡിജിറ്റൽ സമൂഹത്തിെൻറ ആത്മാവിൻ്റെ ആഗോള ആഘോഷമാണ് ടൂർണമെൻ്റ് എന്ന് ഇ-സ്പോർട്സ് വേൾഡ് കപ്പ് ഫൗണ്ടേഷൻ ചീഫ് ഓപ്പറേറ്റിങ് ഓഫീസർ മൈക്ക് മക്കേബ് വിശദീകരിച്ചു.
ഉദ്ഘാടന ചടങ്ങ് ടൂർണമെന്റിന്റെ വ്യതിരിക്തമായ ഐഡൻ്റിറ്റിയെ പ്രതിഫലിപ്പിക്കുന്നുവെന്നും അസാധാരണമായ അന്തരീക്ഷത്തിൽ കലകളുടെയും ഇ-സ്പോർട്സിൻ്റെയും സംയോജനത്തെ ഉൾക്കൊള്ളുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇ-സ്പോർട്സ് വേൾഡ് കപ്പ് കിരീടം നേടുന്നതിനായി അന്തരാഷ്ട്ര തലത്തിലെ പ്രമുഖ ക്ലബ്ബുകളും കളിക്കാരും തമ്മിലുള്ള ദൈനംദിന ഏറ്റുമുട്ടലുകളുമായി ബോളിവാഡ് സിറ്റിയിൽ ആഗസ്റ്റ് 24 വരെ ഏഴ് ആഴ്ച ടൂർണമെൻ്റ് നീണ്ടുനിൽക്കും.
ഫ്രീ ഫയർ, ഹോണർ ഓഫ് കിങ്സ്, മൊബൈൽ ഗെയിംസുകളായ ബാങ് ബാങ്, പബ്ജി തുടങ്ങിയ 24 പ്രധാന ഗെയിം വിഭാഗങ്ങളിലായി 25 മത്സരങ്ങളാണ് നടക്കുന്നത്. 2,000 കളിക്കാർ ഇവയിൽ മാറ്റുരക്കും.
മത്സരങ്ങളിൽ പങ്കെടുക്കാനും കളി കാണാനും https://www.esportsworldcup.com/en എന്ന ലിങ്കിൽ ടിക്കറ്റ് ബുക്ക് ചെയ്യാം. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]